രാമക്ഷേത്രവിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് സ്വാഗതാര്‍ഹമാണെന്ന് എം വി ഗോവിന്ദന്‍

(www.kl14onlinenews.com)
(11-JAN-2024)

രാമക്ഷേത്രവിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് സ്വാഗതാര്‍ഹമാണെന്ന് എം വി ഗോവിന്ദന്‍
കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടന ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന കോണ്‍ഗ്രസ് നിലപാട് സ്വാഗതാര്‍ഹമാണെന്ന് എം.വി. ഗോവിന്ദന്‍. കോണ്‍ഗ്രസിന്റെ നിലപാടുമാറ്റം ഇടതുപക്ഷ സ്വാധീനം കാരണമാണെന്നും എം.വി. ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ താത്പര്യത്തോടെയാണ് അയോധ്യയില്‍ പരിപാടി നടക്കുന്നതെന്ന് പറഞ്ഞ സി.പി.എം. സംസ്ഥാന സെക്രട്ടറി എന്‍.എസ്.എസ്. നിലപാട് തള്ളുകയും ചെയ്തു. എല്ലാവരോടുള്ള പോലീസിന്റെയും ഭരണകൂടത്തിന്റെയും നിലപാട് ഒരുപോലെയാണെന്നും രാഹുല്‍ മാങ്കൂട്ടത്തലിന്റെ അറസ്റ്റില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.

അസുഖമാണെന്ന് പറഞ്ഞ് രാഹുല്‍ കോടതിയില്‍ പോയപ്പോള്‍ കോടതിയാണ് അത് ശരിയല്ലെന്ന് പറഞ്ഞത്. രാഹുലിന്റെ ആദ്യ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ഇപ്പോള്‍ തെളിഞ്ഞു. നേതൃത്വത്തിന്റെ ഭാഗമായി നില്‍ക്കുന്നവര്‍ക്ക് ആര്‍ജവം വേണം. എല്ലാവരോടും പോലീസും ഭരണകൂടവും എടുക്കുന്ന നിലപാട് ഒരുപോലെ തന്നെയാണ്. അതില്‍ ഭരണപക്ഷം, പ്രതിപക്ഷം എന്നില്ല. മുത്തങ്ങ കേസിന്റെ സമയത്ത് എം. എല്‍.എയായ എന്റെ കൈ അടിച്ചൊടിച്ചതാണ്, എം.വി. ഗോവിന്ദന്‍ പറഞ്ഞു.

രാമക്ഷേത്രവിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് സ്വാഗതാര്‍ഹമാണ്. കോണ്‍ഗ്രസിന്റെ നിലപാട് മാറ്റം ഇടതുപക്ഷ സ്വാധീനം കാരണമാണ്. ഇന്ത്യ മുന്നണിക്ക് ഒരു പടി മുന്നോട്ട് പോകാന്‍ കഴിഞ്ഞു. രാഷ്ട്രീയ താത്പര്യത്തോടെയാണ് അയോധ്യയില്‍ പരിപാടി നടക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നത് ഈശ്വര നിന്ദയല്ല. അമ്പലത്തിലും പള്ളിയിലും പോകാന്‍ എല്ലാവര്‍ക്കും അവകാശം ഉണ്ടെന്നും വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കുന്നതാണ് സി.പി.എമ്മിന് പ്രധാനമെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post