ഗസ്സ വെടിനിർത്തൽ: യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 99 ഉപയോഗിച്ച് യു.എൻ സെക്രട്ടറി ജനറൽ

(www.kl14onlinenews.com)
(07-DEC-2023)

ഗസ്സ വെടിനിർത്തൽ: യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 99 ഉപയോഗിച്ച് യു.എൻ സെക്രട്ടറി ജനറൽ
യുനൈറ്റഡ് നേഷൻസ്: ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കാൻ യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 99 പ്രയോഗിച്ച് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഗസ്സയിൽ അടിയന്തര ഇടപെടൽ വേണമെന്ന് ഗുട്ടെറസ് രക്ഷാസമിതി അംഗങ്ങളോട് ആവശ്യപ്പെട്ടു. വെടിനിർത്തൽ പ്രമേയം ഇതുവരെ യു.എൻ രക്ഷാസമിതി അംഗീകരിക്കാത്ത സാഹചര്യത്തിലാണ് സെക്രട്ടറി ജനറലിന്റെ അപൂർവ നീക്കം.

യുദ്ധം പോലുള്ള അടിയന്തര സന്ദർഭങ്ങളിൽ സുരക്ഷാ കൗൺസിലിനോട് ഇടപെടൽ ആവശ്യപ്പെടാനുള്ള വകുപ്പാണ് ആർട്ടിക്കിൾ 99. വൻപ്രതിസന്ധി നിലനിൽക്കുന്നുവെന്ന് ലോകത്തിനുള്ള മുന്നറിയിപ്പ് കൂടിയാണിത്.

15 അംഗ രക്ഷാ സമിതിയിൽ ചൈന, റഷ്യ, യുഎസ്, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ സ്ഥിരാംഗങ്ങളാണ്. ഇതുവ​രെ കൊണ്ടുവന്ന വെടിനിർത്തൽ പ്രമേയം അമേരിക്ക വീറ്റോ അധികാരം ഉപയോഗിച്ച് തള്ളിക്കളയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഗസ്സയിൽ ഇസ്രായേൽ ആക്രമണം രണ്ട് മാസം പിന്നിടുമ്പോൾ ഗുട്ടെറസിന്റെ ഇടപെടൽ.
മാനുഷിക വ്യവസ്ഥയുടെ ഗുരുതരമായ തകർച്ചയേയും അപകട സാധ്യതയേയും നമ്മൾ അഭിമുഖീകരിക്കുന്നുവെന്നും പരിഹരിക്കാൻ പറ്റാത്ത രീതിയിലുള്ള പ്രത്യാഘാതങ്ങളാണ് ഫലസ്തീനിൽ ഉണ്ടാവുന്നതെന്നും രക്ഷാകൗൺസിൽ പ്രസിഡന്റിനയച്ച കത്തിൽ ഗുട്ടെറസ് പറഞ്ഞു. ഇത്തരം സ്ഥിതിഗതികൾ അതിവേഗത്തിൽ ദുരന്തമാവുമെന്നും അത്തരമൊരു ഫലം എന്തുവിലകൊടുത്തും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post