ചെന്നൈ പ്രളയം:മരണം 17 കടന്നു,ആന്ധ്രയിലും ചെന്നൈയിലും ജനജീവിതം സ്തംഭിച്ചു

(www.kl14onlinenews.com)
(07-DEC-2023)

ചെന്നൈ പ്രളയം:മരണം 17 കടന്നു,ആന്ധ്രയിലും ചെന്നൈയിലും ജനജീവിതം സ്തംഭിച്ചു
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രളയത്തില്‍ മുങ്ങിയ ചെന്നൈയില്‍ മരണം 17 കടന്നു. ചെന്നൈയിലും സമീപപ്രദേശങ്ങളിലും വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാനായില്ല, കുടിവെള്ളക്ഷാമവും രൂക്ഷമാണ്. മിഷോങ്ങിന്റെ പ്രഭാവത്തിലുണ്ടായ പ്രളയവും മഴക്കെടുതിയും മൂന്നാം ദിവസം പിന്നിടുമ്പോള്‍ 17 പേരാണ് ഇതുവരെ മരണപ്പെട്ടത്. ചെന്നൈയില്‍ മാത്രം ലക്ഷക്കണക്കിനാളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.

തമിഴ്നാടിന്റെ വിവിധഭാഗങ്ങളിലായി 61,000-ലധികം ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യാഴാഴ്ച തമിഴ്നാട് സന്ദര്‍ശിക്കും. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട് എന്നീ പ്രദേശങ്ങളില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും നല്‍കിയ അവധി നീട്ടിയിട്ടുണ്ട്. അവശ്യസാധനങ്ങളുടെ വിതരണം താറുമാറായത് ജനങ്ങളെ ദുരിതത്തിലാക്കി.

പ്രളയബാധിതമേഖലകളില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ദുരിതാശ്വാസക്യാമ്പുകളില്‍ ഭക്ഷണവും മരുന്നുകളും മറ്റവശ്യവസ്തുക്കളുമെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 5060 കോടി രൂപയുടെ ഇടക്കാല പ്രളയദുരിതാശ്വാസം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മീഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെയാണ് തെക്കൻ ആന്ധ്ര തീരം കടന്നത്. കരയിലേക്ക് പ്രവേശിച്ച ചുഴലിക്കാറ്റ് വലിയ തോതിൽ നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. നിലവിൽ, ചുഴലിക്കാറ്റിന്റെ തീവ്രത ദുർബലമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിൽ നടത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മഴക്കെടുതിയിൽ ചെന്നൈയിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം 18 കവിഞ്ഞിട്ടുണ്ട്. ചെന്നൈയിലെ പലസ്ഥലങ്ങളിലും മൊബൈൽ നെറ്റ്‌വർക്ക് പുനസ്ഥാപിക്കുന്നതിൽ തടസ്സം നേരിടുന്നുണ്ട്. ചുഴലിക്കാറ്റിൽ പ്രിയപ്പെട്ടവരെ നഷ്ടമായവരോടൊപ്പം അവരുടെ വേദന പങ്കിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.

Post a Comment

Previous Post Next Post