'സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താന്‍ പോടോയെന്ന് പെണ്‍കുട്ടികള്‍ പറയണം’;പിണറായി വിജയന്‍

(www.kl14onlinenews.com)
(07-DEC-2023)

'സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താന്‍ പോടോയെന്ന് പെണ്‍കുട്ടികള്‍ പറയണം’;പിണറായി വിജയന്‍
കൊച്ചി: തിരുവനന്തപുരത്തെ യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണമെന്ന് പിണറായി വിജയന്‍ പറഞ്ഞു. സമൂഹത്തിന്റെയാകെ നവീകരണം ആവശ്യമാണ്. സമൂഹത്തിനും ഉത്തരവാദിത്തം ഉണ്ട്. നിയമവും അതിനൊപ്പം ശക്തമാകണം. അത് സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.മിശ്ര വിവാഹ ബ്യൂറോ നടത്തുന്നില്ല ആരും. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും നടത്തുന്നില്ല. ഇഷ്ടപ്പെട്ടവര്‍ വിവാഹം കഴിക്കുമെന്നും സമസ്ത നേതാവ് നാസര്‍ഫൈസി കൂടത്തായിയുടെ പരാമര്‍ശത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു.

അതെസമയം, നവകേരള സദസ് ജനാധിപത്യത്തിന്റെ മാത്രമല്ല, ഭരണനിര്‍വ്വഹണത്തിന്റെ കൂടി പുതിയ ഒരു മാതൃക ഉയര്‍ത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓരോ വേദിയിലും തങ്ങളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെടുത്താനും പരിഹാരം കാണാനുമായി ഇന്നലെവരെ 3,00 ,571 പേരാണ് നിവേദനങ്ങളുമായെത്തിയത്. ഇത്രയധികം നിവേദനങ്ങള്‍ അതിവേഗം പരിശോധിച്ച് നടപടിയെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. എന്നാല്‍ വാഗ്ദാനം ചെയ്ത സമയത്തിനുള്ളില്‍ തന്നെപരിഹാരങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post