തടവുകാരുടെ എണ്ണം 240 കടന്നു; പരിമിതികളിൽ കുരുങ്ങി ചീമേനി തുറന്ന ജയിൽ

(www.kl14onlinenews.com)
(14-DEC-2023)

തടവുകാരുടെ എണ്ണം 240 കടന്നു; പരിമിതികളിൽ കുരുങ്ങി ചീമേനി തുറന്ന ജയിൽ


ചീമേനി: തടവുകാരുടെ എണ്ണം 240 കടന്നു. സുരക്ഷ ഒരുക്കേണ്ട ഉദ്യോഗസ്ഥരാകട്ടെ 50ൽ താഴെ. പ്രാവർത്തികമാക്കിയ പദ്ധതികൾ പലതും പാതിവഴിയിൽ. 2007 ൽ തുടക്കം കുറിച്ച ചീമേനി തുറന്ന ജയിലിന്റെ അവസ്ഥയാണിത്. 55 ജീവനക്കാരും രണ്ട് ബാരക്കുകളിലായി 50 തടവുകാരെ പാർപ്പിച്ച് തുടക്കം കുറിച്ച ജയിലാണ് ഇത്. പിന്നീട് ജീവനക്കാരെ ഇവിടെ നിന്ന് വെട്ടിക്കുറയ്ക്കുന്ന നടപടികളിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. ഓരോ വർഷവും പുതിയ ബാരക്കുകൾ സ്ഥാപിച്ച് മറ്റ് ജയിലുകളിൽ നിന്ന് കൂടുതൽ തടവുകാരെ ഇവിടേക്ക് എത്തിക്കുകയും ചെയ്തു. ഇപ്പോൾ ബാരക്കുകളുടെ എണ്ണം നാലായി. തടവുകാർ 200 കടന്നു.

ജീവനക്കാരാകട്ടെ താൽക്കാലിക ജീവനക്കാർ അടക്കം 50 ൽ താഴെയായി ചുരുങ്ങി. തടവുകാരുടെ സുരക്ഷയോടൊപ്പം ജയിലിലെ വിവിധ ഫാമുകൾ, ചെങ്കൽ ക്വാറി, റസ്റ്ററന്റ്, പെട്രോൾ പമ്പ്, ബ്യൂട്ടി പാർലർ, ചപ്പാത്തി, ബിരിയാണി യൂണിറ്റുകൾ എന്നിങ്ങനെയുളളവയുടെ ചുമതലയും ജീവനക്കാർ നോക്കണം. കൂടുതൽ ജീവനക്കാരെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇതിനകം തന്നെ ജയിൽ വകുപ്പിന് കത്തുകൾ അയച്ചിട്ടുണ്ടെങ്കിലും ഒന്നിനും പരിഹാരമായില്ല.

അതെസമയം ജയിലി‍ൽ ഏറെ പ്രതീക്ഷയോടെ തുടക്കം കുറിച്ച മത്സ്യക്കൃഷി, ഇരുചക്ര വാഹനങ്ങളുടെ വർക് ഷോപ്പ് എന്നിവ ഇപ്പോൾ നിലച്ചിരിക്കുകയാണ്. തുറന്ന ജയിലാണെങ്കിലും 308 ഏക്കർ വിസ്തീർണമുള്ള ജയിൽ വളപ്പിന് ചുറ്റും തടവുകാരെ ഉപയോഗിച്ച് ചുറ്റുമതിൽ നിർമിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. ഇതും പാതി വഴിയിലാണ്. ജയിൽ വളപ്പിലേക്ക് ആർക്കും കടന്നുപോകാൻ കഴിയുന്ന രീതിയിൽ പലയിടത്തും കമ്പി വേലികൾ തകർന്ന് കിടക്കുകയാണ്.

Post a Comment

Previous Post Next Post