തലസ്ഥാനം യുദ്ധക്കളം; ഡിജിപി ഓഫീസിന് മുമ്പില്‍ സംഘര്‍ഷം, ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു; കെ സുധാകരന് ദേഹാസ്വാസ്ഥ്യം

(www.kl14onlinenews.com)
(23-DEC-2023)

തലസ്ഥാനം യുദ്ധക്കളം;
ഡിജിപി ഓഫീസിന് മുമ്പില്‍ സംഘര്‍ഷം, ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു; കെ സുധാകരന് ദേഹാസ്വാസ്ഥ്യം
തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ(Congress) ഡിജിപി ഓഫീസ് മാര്‍ച്ചില്‍(DGP Office March) സംഘര്‍ഷം. പൊലീസ്(Police) ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പ്രതിപക്ഷനേതാവ് വിഡി സതീശന്‍(VD Satheesan) പ്രസംഗിക്കുന്നതിനിടെ നേതാക്കള്‍ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവം. പിന്നാലെ പ്രസംഗം തടസപ്പെട്ടു. പൊലീസിന് നേരെ കല്ലേറുണ്ടായി. ഇതിനിടെ കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്(K Sudhakaran) ദേഹാസ്വാസ്ഥ്യം ഉണ്ടായി. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നവകേരള സദസ്സിനെരായ(Nava Kerala Sadas) പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ നീക്കം നടക്കുന്നതായി ആരോപിച്ചാണ് കെപിസിസി(KPCC) ഡിജിപി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയത്.

മാര്‍ച്ചിനിടെ നവകേരള സദസിന്റെ ബാനറുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചു. എം എം ഹസ്സനും ഉള്‍പ്പെടെയുള്ള നേതാക്കളെ സംഘര്‍ഷത്തിനിടെ പ്രവര്‍ത്തകര്‍ വാഹനത്തില്‍ കയറ്റി സ്ഥലത്ത് നിന്ന് മാറ്റി. സമാധാനപരമായി നടന്ന സമരത്തിനെതിരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് നടപടിയെന്ന് നേതാക്കള്‍ ആരോപിക്കുന്നു. ജലപീരങ്കി പ്രയോഗിച്ച് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണ്ടും സ്ഥലത്ത് സംഘടിച്ച് പ്രതിഷേധിച്ചു.

സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ നടത്തി വന്നിരുന്ന നവകേരള സദസ്സ് ഇന്ന് സമാപിക്കാനിരിക്കെയാണ് കെപിസിസി ഡിജിപി ഓഫീസ് മാർച്ച് നടത്തിയത്. കഴിഞ്ഞ മാസം 18 ന് കാസര്‍ഗോഡ് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് ആരംഭിച്ച യാത്ര 35 ദിവസം പിന്നിട്ടാണ് സമാപിക്കുന്നത്. ഇന്ന് അഞ്ച് മണ്ഡലങ്ങളില്‍ നവകേരള സദസ്സ് നടക്കും. കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുക. വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്ക് ഗ്രൗണ്ടിലാണ് സമാപന സമ്മേളനം നടക്കുന്നത്. നേരത്തെ സിപിഐ നേതാവ് കാനം രാജേന്ദ്രൻ്റെ മരണത്തെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ പര്യടനം മാറ്റിവച്ചിരുന്നു. അടുത്ത മാസം 1, 2 തീയതികളില്‍ മാറ്റിവച്ച പര്യടനം പൂര്‍ത്തിയാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് നഗരത്തിലൊരുക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് എതിരെ കടുത്ത വിമർശനവുമായി ഫേസ്ബുക്ക് പോസ്റ്റിലൂടെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തിയിരുന്നു. പിണറായി വിജയൻ്റെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തെ കണ്ണൂരിൻ്റെ മണ്ണിൽ തന്നെ തന്നെ കുഴിച്ചുമൂടാൻ അന്നും ഞങ്ങൾക്ക് പ്രയാസമില്ലായിരുന്നു എന്നാണ് കെ സുധാകരൻ പറഞ്ഞത്. താങ്കളിലെ രക്തദാഹിയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെറുതെ വിട്ടുകളഞ്ഞതാണെന്നും സുധാകരൻ വ്യക്തമാക്കി. അടിച്ചാൽ തിരിച്ചടിക്കാൻ തന്നെയാണ് തീരുമാനമെന്നും പിണറായി വിജയൻ്റെ ജല്പനങ്ങൾക്കുള്ള മറുപടി ഡിസംബർ 23 ശനിയാഴ്ച നടക്കുന്ന ഡിജിപി ഓഫീസ് മാർച്ചിൽ തരാമെന്നും സുധാകരൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് നടന്ന മാർച്ചിൽ സംഘർഷമുണ്ടായത്.

കെ. സുധാകരൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

അടിച്ചാൽ തിരിച്ചടിക്കുമെന്ന് തന്നെയാണ് പറഞ്ഞത്. ഇനിയങ്ങോട്ട് അത് തന്നെയാണ് ഞങ്ങളുടെ പ്രഖ്യാപിത നയവും.പിണറായി വിജയൻ, താങ്കളുടെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തെ കണ്ണൂരിന്റെ മണ്ണിൽ തന്നെ കുഴിച്ചുമൂടാൻ അന്നും ഞങ്ങൾക്ക് വലിയ പ്രയാസമില്ലായിരുന്നു. താങ്കളിലെ രക്തദാഹിയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെറുതെ വിട്ടുകളഞ്ഞതാണ്.പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സംരക്ഷിക്കാൻ ഇറങ്ങിയ പ്രതിപക്ഷ നേതാവിനെ കേസെടുത്ത് ഭയപ്പെടുത്താം എന്നത് വെറും അതിമോഹമാണ്. ഏതറ്റം വരെ പോയും അദ്ദേഹത്തെ സംരക്ഷിക്കും. കേരളത്തിൽ മാത്രമുള്ളൊരു ഈർക്കിലി പാർട്ടിയുടെ തെരുവ് ഗുണ്ടകളായ നേതാക്കൾ നടത്തുന്ന ബാലിശമായ വെല്ലുവിളികളും ഞങ്ങൾ കേട്ടു. ഇന്ത്യ മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന മഹാപ്രസ്ഥാനത്തിൻ്റെ കരുത്ത്‌ കാണിക്കാൻ ഒരുപാടധികം ഞങ്ങളെ നിർബന്ധിക്കരുത്. അവസാനത്തെ കനൽ തരിയും ചാരമായിപ്പോകും.പിണറായി വിജയൻ്റെ ജല്പനങ്ങൾക്കുള്ള മറുപടി ഡിസംബർ 23 ശനിയാഴ്ച ഡിജിപി ഓഫീസ് മാർച്ചിൽ തരാം.
കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായിരുന്നു. പ്രവര്‍ത്തര്‍ പൊലീസിനെ നേരെ കല്ലെറിഞ്ഞു. ഇതോടെ പൊലീസ് ലാത്തിവീശി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് മാറ്റാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം കടുത്തു. ആറിലധികം തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. പൊലീസിന് നേരെ കമ്പുകളും ചെരുപ്പുകളും എറിഞ്ഞു. പിന്നാലെ സെക്രട്ടറിയേറ്റിന് ഉള്ളിലേക്കും ചെരുപ്പും മുളവടിയും എറിഞ്ഞു. ചിലര്‍ ലാത്തി പിടിച്ചുവാങ്ങി ചിലര്‍ പൊലീസിനെ തിരിച്ചടിച്ചു(clash). സംഘര്‍ഷത്തില്‍ കന്റോണ്‍മെന്റ് എസ്ഐ ദില്‍ജിത്തിന് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലപൊട്ടി. ഇയാളെ പൊലീസ് ബൂട്ടിട്ട് നെഞ്ചില്‍ ചവിട്ടിയെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Post a Comment

Previous Post Next Post