ബേക്കൽ ബീച്ച് ഫെസ്റ്റിന് വർണാഭ തുടക്കം; 10 ദിവസം നീളുന്ന ബീച്ച് ഫെസ്റ്റ് സ്പീക്കർ ഉദ്ഘാടനം ചെയ്തു

(www.kl14onlinenews.com)
(23-DEC-2023)

ബേക്കൽ ബീച്ച് ഫെസ്റ്റിന് വർണാഭ തുടക്കം; 10 ദിവസം നീളുന്ന ബീച്ച് ഫെസ്റ്റ് സ്പീക്കർ ഉദ്ഘാടനം ചെയ്തു
ബേക്കൽ: കാസർകോടിന് നവവത്സരാഘോഷത്തിന് നിറംപകർന്ന് ബേക്കൽ ബീച്ച് ഫെസ്റ്റിന് തുടക്കം. നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. സി.എച്ച്.കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിച്ചു. പിലാത്തറ ലാസ്യ കലാക്ഷേത്ര അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരം, തൈക്കൂടം ബ്രിജ് നയിക്കുന്ന മ്യൂസിക് ഷോ എന്നിവ ഇന്നലെ അരങ്ങേറി. വിപണന മേളയും ഭക്ഷ്യ സ്റ്റാളുകളും അമ്യൂസ്‌മെന്റ് പാർക്കും ഫെസ്റ്റിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. രണ്ട് വേദികളിലായിട്ടാണ് പരിപാടികൾ. ഒന്നാം വേദിയിൽ പ്രമുഖ കലാകാരൻ അണിനിരക്കുന്ന ഇനങ്ങൾ അരങ്ങേറും. രണ്ടാം വേദി റെഡ് മൂൺ ബീച്ചിലാണ് ഒരുക്കിയിരിക്കുന്നത്.
പരിപാടികൾ
∙ഇന്ന് ശിവമണി, പ്രകാശ് ഉള്ള്യേരി, ശരത് എന്നിവർ നയിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ ട്രിയോ.
∙നാളെ കെ.എസ് ചിത്രയുടെയും സംഘത്തിന്റെയും ചിത്രവസന്തം,
∙25ന് എം.ജി.ശ്രീകുമാറും സംഘവും നയിക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റ്

സർക്കാർ ധനസഹായം അനുവദിച്ചെന്ന് എംഎൽഎ
കാസർകോട്∙ ബേക്കൽ ബീച്ച് ഫെസ്റ്റിവലിന്റെ നടത്തിപ്പിനായി ബിആർഡിസിക്ക് സർക്കാർ അനുമതിയും വിനോദ സഞ്ചാര വകുപ്പ് 10 ലക്ഷം രൂപയും അനുവദിച്ചതായി സി.എച്ച്. കുഞ്ഞമ്പു എംഎൽഎ അറിയിച്ചു. ത്രിതല പഞ്ചായത്തുകൾ തനത് ഫണ്ടിൽ നിന്ന് ജില്ലാ പഞ്ചായത്ത് 5 ലക്ഷവും നഗരസഭകൾ 3 ലക്ഷവും ബ്ലോക്ക് പഞ്ചായത്തുകൾ 1 ലക്ഷം രൂപയും ഉദുമ മണ്ഡലത്തിൽ പഞ്ചായത്തുകൾ 1 ലക്ഷം രൂപയും അനുവദിക്കുന്നതിനും ഉത്തരവായതായി എംഎൽഎ അറിയിച്ചു.

സുരക്ഷ ഉറപ്പാക്കിയിട്ടില്ലെന്നും പ്രവർത്തിക്കാനാവില്ലെന്നും കലക്ടർ
കാസർകോട്∙ ബേക്കൽ ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രവർത്തിപ്പിക്കുന്ന സ്പീഡ് ബോട്ട്, പാരാസെയിലിങ്, ജയന്റ് വീൽ മുതലായ അഡ്വഞ്ചർ സ്പോർട്സിനും അമ്യൂസ്മെന്റ് പാർക്കുകൾക്കും സ്റ്റാളുകൾക്കും സുരക്ഷ ഉറപ്പു വരുത്തുന്ന രേഖകൾ ഹാജരാക്കിയിട്ടില്ലെന്നു കാണിച്ച് കലക്ടർ കെ.ഇമ്പശേഖർ ബിആർഡിസിക്ക് കത്ത് നൽകി. ഇവയ്ക്കും ഇതര നിർമാണങ്ങൾക്കും എൻഒസി വാങ്ങണമെന്ന് ബന്ധപ്പെട്ടവർക്ക് നോട്ടിസ് നൽകിയിട്ടും ലൈസൻസ് വാങ്ങിയിട്ടില്ലാത്തതിനാൽ ഇതു പ്രവർത്തിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് പള്ളിക്കര പഞ്ചായത്ത് സെക്രട്ടറി കലക്ടറെ രേഖാമൂലം അറിയിച്ചിരുന്നു. 21ന് 12നകം എല്ലാ അനുമതിപത്രങ്ങളും ഹാജരാക്കുവാൻ നിർദേശിച്ചിരുന്നെങ്കിലും പള്ളിക്കര പഞ്ചായത്ത് അനുവദിച്ച സാക്ഷ്യപത്രങ്ങൾ ബിആർഡിസി സമർപ്പിച്ചിട്ടില്ല.

സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സർക്കാർ നിശ്ചയിച്ച വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് നൽകേണ്ട സാക്ഷ്യപത്രങ്ങളുടെ അഭാവത്തിൽ സുരക്ഷ സംബന്ധിച്ച് ഉറപ്പ് ഇല്ലാത്തതാണെന്ന് കലക്ടർ ബിആർഡിസി എംഡിക്കു നൽകിയ ഉത്തരവിൽ വ്യക്തമാക്കിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറിയുടെ പ്രസ്തുത സാക്ഷ്യപത്രങ്ങൾ ഹാജരാക്കാത്തതിന് ഇന്ന് 12നകം ഓഫിസിലെത്തി വിശദീകരണം നൽകണമെന്നു നിർദേശിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post