കാസർകോട്ടെ റിസോർട്ടുകളിലേക്ക് അവധിക്കാല ഒഴുക്ക്; മുംബൈയിൽ നിന്ന് മാലിക് ദിനാർ പാക്കേജും

(www.kl14onlinenews.com)
(29-DEC-2023)

കാസർകോട്ടെ റിസോർട്ടുകളിലേക്ക് അവധിക്കാല ഒഴുക്ക്; മുംബൈയിൽ നിന്ന് മാലിക് ദിനാർ പാക്കേജും
,
കാസർകോട് : പുതുവത്സര–ക്രിസ്മസ് അവധിക്കാല ആഘോഷത്തിന് കർണാടകയിൽ നിന്ന് കാസർകോടേക്ക് കൂടുതൽ ടൂറിസ്റ്റുകൾ ഈ വർഷം എത്തിത്തുടങ്ങിയതോടെ മേഖലയിലെ ടൂറിസം ഉണർവിൽ. മ‍ൊഗ്രാൽ മുതൽ മഞ്ചേശ്വരം വരെയുള്ള റിസോർട്ടുകളാണ് കർണാടകയിൽ നിന്നുള്ള സംഘങ്ങൾ കൂടുതലായി ബുക്ക് ചെയ്യുന്നത്. പല റിസോർട്ടുകളിലും ഇപ്പോൾ തന്നെ ബുക്കിങ് തീർന്നു കഴിഞ്ഞു. യുവാക്കളും കുടുംബങ്ങളും ഒരുപോലെ റിസോർട്ടുകളിൽ താമസത്തിനെത്തുന്നുണ്ട്. മംഗളൂരു, മൈസൂരു, ഹാസൻ അടക്കമുള്ള മേഖലയിലെ പ്രഫഷനലുകൾ മഞ്ചേശ്വരത്തെ റിസോർട്ടുകളിൽ വാരാന്ത്യം ആഘോഷിക്കാനെത്തുന്നത് കോവിഡിനു ശേഷം പതിവായിരുന്നു. ശനിയാഴ്ച വൈകിട്ട് ഇവിടെയെത്തി ഞായറാഴ്ച മടങ്ങുന്നതാണ് പതിവ്. മംഗളൂരു മേഖലയിലെ റിസോർട്ടുകളെ അപേക്ഷിച്ച് നിരക്ക് കുറവാണെന്നതും മികച്ച ഭക്ഷണവും കടൽത്തീരവും കർണാടകയിൽ നിന്നുള്ള കുടുംബങ്ങളെ ക്രിസ്മസ് ആഘോഷത്തിന് കാസർകോടേക്ക് ആകർഷിക്കുന്നു.
മൊഗ്രാൽ മീസാൻ ബീച്ച് വില്ലയിലെ നീന്തൽക്കുളത്തിൽ അവധി ആഘോഷിക്കുന്ന കുടുംബം.

മഞ്ചേശ്വരത്ത് വളരുന്ന റിസോർട്ട് ടൂറിസം
കാസർകോട് ജില്ലയിലെ ടൂറിസം എന്നതു ബേക്കൽ കോട്ടയും നീലേശ്വരം കായൽ ടൂറിസവും മാത്രമായിരുന്ന സങ്കൽപം മാറ്റി മറിച്ചാണ് കാസർകോട് മുതൽ മ‍ഞ്ചേശ്വരം വരെ ടൂറിസം മേഖല വളരുന്നത്. അഞ്ചിലേറെ റിസോർട്ടുകളാണ് ഇവിടെ നിലവിൽ പ്രവർത്തിക്കുന്നത്. കൂടുതൽ റിസോർട്ടുകൾ നിർമാണ ഘട്ടത്തിലാണ്. മഞ്ചേശ്വരം, മൊഗ്രാൽ, മിയപദവ് എന്നിവിടങ്ങളിലെ റിസോർട്ടുകൾ മംഗളൂരുവിൽ നിന്ന് അധികം അകലെയല്ല എന്നതിനാൽ ഇവിടങ്ങളാണ് ഇവരുടെ ആദ്യ ചോയ്സ്. കണ്വതീർഥ, ഹൊസബെട്ടു ഭാഗങ്ങളിൽ 10 ലേറെ റിസോർട്ടുകളുണ്ട്. കാസർകോട് ജില്ലയിൽ ഏറ്റവുമധികം റിസോർട്ടുകളുള്ള മണ്ഡലമായി മഞ്ചേശ്വരം മാറുകയാണ്. വിദേശികളടക്കം ഇവിടെയെത്തി താമസിക്കുന്നുണ്ട്.

മുംബൈയിൽ നിന്ന് മാലിക് ദിനാർ പാക്കേജ്
മൂംബൈയിൽ നിന്ന് കാസർകോട് മാലിക് ദീനാർ പള്ളി സിയാറത്തിനെത്തുന്ന സംഘങ്ങൾ ധാരാളമായി റിസോർട്ടുകൾ ബുക്ക് ചെയ്യുന്നുണ്ട്. ബേക്കൽ തീരം സന്ദർശനവും ഇവരുടെ പ്രധാന ലക്ഷ്യമാണ്. കൊല്ലൂർ മൂകാംബികാ ദേവി ക്ഷേത്ര സന്ദർശനത്തിന് തെക്കൻ കേരളത്തിൽ നിന്നെത്തുന്നവരും സമീപത്തുള്ള താമസ സൗകര്യം എന്ന നിലയിൽ കാസർകോട് റിസോർട്ടുകളിൽ ബുക്കിങ് നടത്തുന്നുണ്ട്.

Post a Comment

Previous Post Next Post