മാലിന്യം ഇടുന്നവരുടെ ശബ്ദം പോലും റിക്കോർഡാകും: തിരുവനന്തപുരം നഗരത്തിൽ ക്യാമറയുള്ള സ്മാർട്ട് വേസ്റ്റ് ബിൻ എത്തി

(www.kl14onlinenews.com)
(29-DEC-2023)

മാലിന്യം ഇടുന്നവരുടെ ശബ്ദം പോലും റിക്കോർഡാകും: തിരുവനന്തപുരം നഗരത്തിൽ ക്യാമറയുള്ള സ്മാർട്ട് വേസ്റ്റ് ബിൻ എത്തി
മാലിന്യനിർമാർജനവും ഇനി സ്മാർട്ട് ആകുന്നു. തിരുവനന്തപുരം നഗരത്തിൽ (Thiruvananthapuram City) മാലിന്യം തള്ളാനെത്തുന്നവരുടെ ശബ്ദം പോലും ഇനി കൺട്രോൾ റൂമിൽ എത്തും. അത്തരത്തിലുള്ള സ്മാർട്ട് വേസ്റ്റ് ബിന്നുകളാണ് (Smart Waste Bin)) നഗരത്തിൽ വരാൻ പോകുന്നത്. അതിൻ്റെ മുന്നൊരുക്കമായി മാനവിയം വീഥിയിൽ (Manaveeyam Veethi) ആദ്യത്തെ സ്മാർട്ട് വേസ്റ്റ് ബിൻ സ്ഥാപിച്ചു. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയായ നോവൽറ്റി സൊല്യൂഷൻസാണ് പുതിയ ബിൻ സ്ഥാപിച്ചത്. ബിന്നിൻ്റെ ഉദ്ഘാടനം മന്ത്രി എംബി രാജേഷ് നിർവഹിച്ചു. ക്യാമറ സ്ഥാപിച്ചിരിക്കുന്ന വേസ്റ്റ് ബിന്നിൽ മാലിന്യം നിക്ഷേപിക്കാൻ എത്തുന്നവരുടെ ചിത്രങ്ങളും ശബ്ദങ്ങളും സഹിതം റെക്കോർഡാകുമെന്നുള്ളതാണ് പ്രത്യേകത.

മാനവീയം വീഥിയിൽ സ്ഥാപിച്ചിരിക്കുന്നത് സംസ്ഥാനത്തെ ആദ്യത്തെ ക്യാമറയുള്ള സ്മാർട്ട് മാലിന്യ നിർമ്മാർജ്ജന ബിന്നാണ്. ഈ സ്മാർട്ട് വേസ്റ്റ് ബിന്നിൽ ഭക്ഷണ മാലിന്യങ്ങൾ നിക്ഷേപിക്കാനാകില്ല. പ്ലാസ്റ്റിക് പേപ്പർ കപ്പ്, പ്ലാസ്റ്റിക് കവറുകൾ, മറ്റു ഖര മാലിന്യങ്ങൾ തുടങ്ങിയ അജൈവ മാലിന്യങ്ങൾ മാത്രമേ ഈ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കാൻ കഴിയുകയുള്ളൂ. നിലവിൽ കമ്പനി പരീക്ഷണ അടിസ്ഥാനത്തിലാണ് ഈ വേസ്റ്റ് ബിൻ സ്ഥാപിച്ചിരിക്കുന്നത്. പദ്ധതി വിജയകരമാണെന്ന് കണ്ടാൽ നഗരത്തിലെമ്പാടും ഇത്തരത്തിലുള്ള വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കാനാണ് സർക്കാർ ആഗ്രഹം. എന്നാൽ ഈ പദ്ധതിക്ക് നഗരസഭ അനുകൂല നിലപാട് എടുത്തിട്ടില്ലെന്നുള്ള പ്രതിസന്ധിയും നിലനിൽക്കുന്നുണ്ട്.

മാലിന്യവുമായി ഒരു വ്യക്തി എത്തിയാൽ ഓട്ടോമാറ്റിക്ക് സെൻസർ ഉപയോഗിച്ചാണ് വേസ്റ്റ് ബിന്നിൻ്റെ മാലിന്യം നിക്ഷേപിക്കാനുള്ള ഹോൾ തുറക്കുന്നതും അടയ്ക്കുന്നതും. ഇതിനു മുകളിലായാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. ഈ ക്യാമറ ശബ്ദത്തിനനുസരിച്ച് വശങ്ങളിലേക്ക് തിരിയുമെന്ന പ്രത്യേകതയുമുണ്ട്. റിമോട്ട് കൺട്രോൾ വഴി കമ്പനിയുടെ കൺട്രോൾ റൂമിൽ ഈ ദൃശ്യങ്ങൾ കാണാനുമാകും. ദൃശ്യങ്ങൾക്കൊപ്പം ശബ്ദവും വളരെ വ്യക്തതയോടെ ക്യാമറയിൽ പതിയും.

ഈ വേസ്റ്റ് ബിന്നിന് മറ്റു ചില പ്രത്യേകതകളുമുണ്ട്. ഫോൺ മുതലായവ ഇതിൽനിന്നും ചാർജ് ചെയ്യുവാൻ കഴിയും. ഇതിനായി നാല് യുഎസ്ബി പോർട്ടുകളും വേസ്റ്റ് ബിന്നിൽ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് എൽഇഡി സക്രീനുകളും ഇതിലുണ്ട്. ഇതിൽ പരസ്യങ്ങൾ നൽകി അതിൽ നിന്ന് വരുമാനമുണ്ടാക്കുകയും ചെയ്യാമെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

നിലവിൽ കമ്പനി തന്നെയാണ് മാലിന്യം മാറ്റുന്നതും ബിൻ വൃത്തിയാക്കുന്നതും. ഒരു വേസ്റ്റ് ബിന്നിന് 2.5 ലക്ഷം രൂപ വരെ ചെലവും വരുമെന്നാണ് കമ്പനി പറയുന്നത്. ഇത്തരത്തിലുള്ള വേസ്റ്റ് ബിന്നുകൾ നഗരത്തിലെ പലയിടത്തും സ്ഥാപിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് കമ്പനി നഗരസഭയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിൽ നഗരസഭ ഭരണസമിതിക്ക് ഇക്കാര്യത്തിൽ അനുകൂല നിലപാട് അല്ലെന്നാണ് അറിയാൻ കഴിയുന്നത്

Post a Comment

Previous Post Next Post