(www.kl14onlinenews.com)
(28-DEC-2023)
നാഗ്പൂർ :
ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ജാതി സെൻസസ് ഉയർത്താൻ കോൺഗ്രസ് . അധികാരത്തിൽ എത്തിയാൽ ജാതി സെൻസസ് നടത്തുമെന്നും അടിമത്ത കാലത്തിലേക്ക് രാജ്യത്തെ മടക്കിക്കൊണ്ടുപോകാനാണ് സർക്കാർ ശ്രമമെന്നും നാഗ്പൂരിലെ മഹാ റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു. സംഘപരിവാര്‍ സർക്കാര്‍ തുടര്‍ന്നാല്‍ ജനാധിപത്യത്തിന്‍റെ അന്ത്യമാകുമെന്ന് മല്ലികാർജുൻ ഖർഗെ വിമർശിച്ചു.
ആർഎസ്എസ് തട്ടകത്തിൽ പ്രധാനമന്ത്രിയെയും ബിജെപിയെയും ആർഎസ്എസിനെയും രാഹുൽ ഗാന്ധി കടന്നാക്രമിച്ചു. ആരെയും കേൾക്കാൻ തയ്യാറാവാത്ത പ്രധാനമന്ത്രി ഏകപക്ഷീയമായി തീരുമാന മെടുത്ത് മുന്നോട്ട് പോവുന്നു. എല്ലാ മേഖലകളിലും കൈകടത്തി രാജ്യത്തെ തകർക്കുന്നു. വൈസ് ചാൻസിലർ നിയമനം പോലും പ്രത്യേക സംഘടനയിൽ നിന്നാണ്. അടിമത്ത കാലത്തിലേക്ക് നയിക്കാനുള്ള ബിജെപി ശ്രമത്തിനെതിരായുള്ള പോരാട്ടം ആണ് കോണ്‍ഗ്രസിന്‍റേത്. അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പിലാക്കുമെന്നും രാഹുൽ ഗാന്ധി ആവർത്തിച്ചു.
സംഘ്പരിവാര്‍ സർക്കാരിനെ തടഞ്ഞില്ലെങ്കിൽ രാജ്യം തകരും എന്നതിനാൽ പോരാട്ടത്തിൽ അണിചേരാൻ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആഹ്വാനം ചെയ്തു. ആസാദ് മൈതാനത്ത് ഖർഗെ പതാക ഉയർത്തിയാണ് റാലി ആരംഭിച്ചത്. സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുത്തു. മഹാരാഷ്ട്രയുടെ ചുമതല ഏറ്റെടുത്തശേഷം ആദ്യമായി സംസ്ഥാനത്ത് എത്തിയ രമേശ് ചെന്നിത്തലയെ പിസിസി നേത്യത്വം വിമാനത്താവളത്തിൽ സ്വീകരിച്ചു.
Post a Comment