(www.kl14onlinenews.com)
(27-DEC-2023)
സെഞ്ചൂറിയന്‍:
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ശക്തമായ നിലയിൽ. രണ്ടാം ദിനം അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് എന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്സിൽ 11 റൺസിൻ്റെ ലീഡാണ് നിലവിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഉള്ളത്. കരിയറിലെ അവസാന ടെസ്റ്റ് പരമ്പര കളിക്കാനിറങ്ങിയ ഡീൻ എൽഗറിൻ്റെ സെഞ്ചുറി മികവിലാണ് ദക്ഷിണാഫ്രിക്ക ലീഡെടുത്തത്.
പരുക്കേറ്റ നായകൻ ടെംബ ബാവുമ കളിക്കാനിറങ്ങിയില്ലാത്തതിനാൽ എൽഗറിനൊപ്പം എയ്ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. 5 റൺസെടുത്ത മാർക്രമിനെ പുറത്താക്കി മുഹമ്മദ് സിറാജ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. എന്നാൽ, ക്രീസിൽ ഉറച്ചുനിന്ന എൽഗറും ടോണി ഡി സോർസിയും ചേർന്ന് 93 റൺസിൻ്റെ വമ്പൻ കൂട്ടുകെട്ടുയർത്തി ഇന്ത്യയെ ബാക്ക് ഫൂട്ടിലാക്കി. ഡിസോർസിയെയും (28) കീഗൻ പീറ്റേഴ്സണെയും (2) തുടരെ പുറത്താക്കിയ ബുംറ ഇന്ത്യക്ക് പ്രതീക്ഷ നൽകിയെങ്കിലും കന്നി ടെസ്റ്റിനിറങ്ങിയ ഡേവിഡ് ബെഡിംഗമിനൊപ്പം ചേർന്ന് എൽഗർ ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും മേൽക്കൈ നൽകി.
131 റൺസ് നീണ്ട ഈ കൂട്ടുകെട്ടിനിടെ എൽഗർ സെഞ്ചുറിയും ബെഡിംഗം ഫിഫ്റ്റിയും തികച്ചു. പിന്നാലെ ബെഡിംഗമിനെ (56) ബുംറയും കെയിൽ വരെയ്നെ (4) പ്രസിദ്ധ് കൃഷ്ണയും മടക്കി. നിലവിൽ എൽഗറിനൊപ്പം മാർക്കോ യാൻസൻ (3) ക്രീസിൽ തുടരുകയാണ്.
Post a Comment