പണ്ഡിതന്‍മാരെ ജയിലിലടക്കാന്‍ തിട്ടൂരമിറക്കുന്ന മന്ത്രി കോടതി ചമയുന്നു; വി.അബ്ദുറഹ്‌മാനെതിരെ SKSSF

(www.kl14onlinenews.com)
(27-DEC-2023)

പണ്ഡിതന്‍മാരെ ജയിലിലടക്കാന്‍ തിട്ടൂരമിറക്കുന്ന മന്ത്രി കോടതി ചമയുന്നു; വി.അബ്ദുറഹ്‌മാനെതിരെ SKSSF
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ട എസ് വൈ എസ് നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിനെ മന്ത്രി വി അബ്ദുറഹ്‌മാന്‍ വിമര്‍ശിച്ചതിനെതിരെ എസ്‌കെഎസ്എസ്എഫ്. മന്ത്രി സ്വയം കോടതി ചമയരുതെന്നും മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും എസ്‌കെഎസ്എസ്എഫ് പറഞ്ഞു.

വിശ്വാസപരമായ വിഷയങ്ങളില്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചതിനാണ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന് എതിരെ മന്ത്രി പ്രസ്താവന നടത്തിയത്. മിശ്രവിവാഹവുമായി ബന്ധപ്പെട്ട മതത്തിന്റെ നിലപാട് പറഞ്ഞ പണ്ഡിതന്‍മാരെ വിമര്‍ശിക്കുന്നത് മന്ത്രിയുടെ അജ്ഞതയാണ്. ന്യൂനപക്ഷ വകുപ്പിന്റെ അധികാരം ചൂണ്ടിക്കാട്ടി പണ്ഡിതന്‍മാരെ ജയിലിലടക്കാന്‍ തിട്ടൂരമിറക്കുന്ന മന്ത്രി സ്വയം കോടതി ചമയുകയാണെന്നും എസ്‌കെഎസ്എസ്എഫ് കൂട്ടിച്ചേര്‍ത്തു.

അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മതസൗഹാര്‍ദത്തിന് വിലങ്ങുതടിയായി നില്‍ക്കുകയാണെന്നും അമ്പലക്കടവിനെപ്പോലുള്ളവരെ ജയിലിലടക്കണമെന്നുമായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

ക്രിസ്മസ് ആഘോഷത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പറയാന്‍ എന്ത് അവകാശമാണുളളതെന്നും മന്ത്രി വി അബ്ദുറഹ്‌മാന്‍ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്റെ പരാമര്‍ശം. ക്രിസ്മസ് സ്റ്റാര്‍, ക്രിസ്മസ് ട്രീ, സാന്റാക്ലോസ്, പുല്‍ക്കൂട്, ക്രിസ്മസ് കേക്ക് മുറിക്കല്‍ തുടങ്ങിയ ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം മുസ്‌ലിം സമുദായത്തിലേക്ക് പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നായിരുന്നു അബ്ദുല്‍ ഹമീദ് ഫൈസിയുടെ പരാമര്‍ശം.

ഇതര മതസ്ഥരുടെ ചില ആരാധനകളില്‍ പങ്കെടുക്കല്‍ തെറ്റും, മറ്റു ചിലതില്‍ പങ്കെടുക്കല്‍ ഇസ്ലാമില്‍ നിന്ന് പുറത്തു പോകുന്ന കാര്യവുമാണെന്നും അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു

Post a Comment

Previous Post Next Post