(www.kl14onlinenews.com)
(27-DEC-2023)
ഷാർജ:
ഗാസയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുതുവൽസരാഘോഷങ്ങൾ വിലക്കി ഷാർജ. വെടിക്കെട്ടും കരിമരുന്ന് പ്രയോഗവും ആഘോഷങ്ങളും പാടില്ല. നിയമം ലംഘിച്ചാൽ നടപടിയെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.സ്ഥാപനങ്ങളും വ്യക്തികളും തിരുമാനത്തോട് സഹകരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കാൻ സ്ഥിരമായ വെടിനിർത്തൽ കരാറിൽ ഏർപ്പെടണമെന്ന് യുഎഇ നേതൃത്വം ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് ഷാർജയുടെ നടപടി.
ഷാർജ ഉൾപ്പെടെ യുഎഇയിലുടനീളമുള്ള പുതുവൽസരാഘോഷങ്ങളുടെ പ്രധാന ഭാഗമാണ് ഗംഭീരമായ വെടിക്കെട്ട് ഷോകൾ. പാലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അൽ മജാസ് വാട്ടർഫ്രണ്ടിൽ വാർഷിക പുതുവൽസരം പ്രദർശനം നടത്തില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. യുദ്ധത്തിന്റെ ആദ്യ ആഴ്ചകളിൽ യുഎഇയിലെ ഒട്ടേറെ തൽസമയ പരിപാടികളും സംഗീതകച്ചേരികളും റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തിരുന്നു .
ഇരുപതിനായിരത്തിലേറെപേരാണ് യുദ്ധത്തിൽ ഗാസാ മുനമ്പിൽ കൊല്ലപ്പെട്ടത്. ഇതിൽ ഏഴുപത് ശതമാനം പേരും സ്ത്രീകളും കുട്ടികളുമാണ്. ഹമാസിനെ ഉൻമൂലനം ചെയ്യാതെ യുദ്ധം നിർത്തില്ലെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചതോടെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ.
Post a Comment