കെൽ ഇഎംഎൽ പ്രതിസന്ധി: സർക്കാർ ഇടപെടലിന് സഹായംതേടി സിഐടിയു തൊഴിലാളികൾ

(www.kl14onlinenews.com)
(21-DEC-2023)

കെൽ ഇഎംഎൽ പ്രതിസന്ധി: സർക്കാർ ഇടപെടലിന് സഹായംതേടി സിഐടിയു തൊഴിലാളികൾ
കാസർകോട് : മൊഗ്രാൽപുത്തൂർ കെൽ ഇലക്ട്രിക്കൽ മെഷീൻ ലിമിറ്റഡിലെ പ്രതിസന്ധി പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ തുടരുന്ന അവഗണന മാറ്റാൻ ഫാക്ടറിയിലെ സിഐടിയു നേതൃത്വം സിഐടിയു സംസ്ഥാന നേതൃത്വത്തിന്റെ സഹായം തേടി.

സംസ്ഥാന സർക്കാർ ഫാക്ടറി ഏറ്റെടുത്ത് ഒന്നര വർഷം പിന്നിട്ടപ്പോൾ കഴി‍ഞ്ഞ രണ്ടര മാസമായി ജീവനക്കാർ ശമ്പളം കിട്ടാതെയാണു ജോലി ചെയ്യുന്നത്. കമ്പനിയിലെ പ്രതിസന്ധി മറികടക്കുന്നതിന് ഉടൻ ഇടപെടണമെന്നാവശ്യപ്പെട്ട് കെൽ ഇഎംഎൽ എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി സിഐടിയു സംസ്ഥാന സെക്രട്ടറിക്കു കത്ത് നൽകി.

സിഐടിയു നേതൃത്വം നൽകുന്ന കെൽ ഇഎംഎൽ എംപ്ലോയീസ് യൂണിയൻ പ്രസിഡന്റും മുൻ എംപിയുമായ പി.കരുണാകരന്റെ നേതൃത്വത്തിൽ യൂണിയൻ ഭാരവാഹികളും കെൽ ഇഎംഎൽ മാനേജ്മെന്റ് ഉദ്യോഗസ്ഥരും വ്യവസായമന്ത്രി, ധനമന്ത്രി എന്നിവരെ കഴിഞ്ഞ മാസം കണ്ടു സ്ഥാപനം നേരിടുന്ന പ്രതിസന്ധി ബോധ്യപ്പെടുത്തിയതാണ്. എന്നാൽ പരിഹാരം അനിശ്ചിതമായി നീളുകയാണ്. മുഖ്യമന്ത്രി പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിൽ 77 കോടി രൂപയിൽ 26.2 കോടി രൂപയാണു കിട്ടിയത്.

2022–23 ബജറ്റിൽ പ്രഖ്യാപിച്ച 10 കോടി രൂപയിൽ 2.8 കോടി രൂപയും 2023–24 വർഷം ബജറ്റിൽ പ്രഖ്യാപിച്ച 10 കോടി രൂപയും കിട്ടാനുണ്ട്. സർക്കാരിൽ നിന്നു പ്രഖ്യാപിച്ച ഫണ്ട് യഥാസമയം ലഭിക്കാത്തതു കൊണ്ടാണു കമ്പനി പ്രതിസന്ധിയിലായതെന്നു കത്തിൽ അറിയിച്ചു. നിലവിലുള്ള സാഹചര്യത്തിൽ ലഭിച്ച ഓർഡറുകൾ പൂർത്തീകരിക്കാനും പുതിയ ഓർഡറുകൾ സ്വീകരിക്കാനും സാധിക്കുന്നില്ല. പ്രഖ്യാപിച്ച ഫണ്ട് കുടിശിക സമയബന്ധിതമായി കിട്ടിയാൽ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നും കത്തിൽ വ്യക്തമാക്കി.

ഫാക്ടറിക്കു പുറത്തു സമരം ആരംഭിക്കാനുള്ള ആലോചനയും യൂണിയനുകൾ നടത്തുന്നുണ്ട്.ഇതിനിടെ സർക്കാർ അനുവദിച്ച ഫണ്ട് മാനദണ്ഡം ലംഘിച്ച്, വിനിയോഗിച്ചതായും പരാതി ഉയർന്നു. ഇതുമായി ബന്ധപ്പെട്ട് 2 തവണ അയച്ച വിനിയോഗ റിപ്പോർട്ട് ധനവകുപ്പ് മടക്കിയെന്നാണു വിവരം. അനുവദിച്ച പണം വക മാറ്റി എന്നതാണു കാരണം. തുടർന്നു പുതുക്കി മൂന്നാം തവണയും വിനിയോഗ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post