(www.kl14onlinenews.com)
(21-DEC-2023)
തുരുവനന്തപുരം: തലസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകരും പൊലിസും വീണ്ടും ഏറ്റുമുട്ടി. നവകേരള സദസ്സിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർക്ക് നേരെയുള്ള പൊലിസിന്റെയും ഡിവൈഎഫ്‌ഐ പ്രവർത്തകരുടെയും അക്രമത്തിനെതിരെ കെഎസ്‌യു സംസ്ഥാന കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിലാണ് സംഘർഷമുണ്ടായത്. വ്യാഴാഴ്ച പൊലിസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനിടെയാണ് സംഘർഷം ഉണ്ടായത്.
പ്രതിഷേധം ഡിജിപി ഓഫിസിനു മുന്നിലെത്തിയതോടെ ആണ് പൊലിസ് ജലപീരങ്കി പ്രയോഗിക്കാൻ തുടങ്ങിയത്. ഇതോടെ പ്രവർത്തകർ പൊലിസിന് നേരെ മുളകുപൊടി നിറച്ച മുട്ടയെറിയാൻ തുടങ്ങി. പിരിഞ്ഞ് പോകാൻ തയാറാകാത്ത പ്രവർത്തകരും പൊലിസും തമ്മിൽ തെരുവിൽ ഏറ്റുമുട്ടുകയായിരുന്നു. മാത്യൂ കുഴൽനാടൻ എംഎൽഎ ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
യാതൊരു പ്രകോപനവും കൂടാതെയാണ് പ്രവർത്തകരെ പൊലിസ് മർദ്ദിച്ചതെന്ന് മാത്യൂ കുഴൽനാടൻ എംഎൽഎ പറഞ്ഞു. കെഎസ്‌യു പ്രവർത്തകനെ വളഞ്ഞിട്ടാക്രമിക്കുന്നതു തടയാൻ ശ്രമിച്ച തന്നെയും പൊലിസ് ക്രൂരമായി മർദ്ദിച്ചുവെന്നും, പ്രതിഷേധക്കാരെ മർദ്ദിച്ച് സമരം അവസാനിപ്പിക്കാമെന്ന് കരുതേണ്ടെന്നും, ഇനിയും ശക്തമായി പ്രതിഷേധിക്കുമെന്നും, മാത്യു കുഴൽനാടൻ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഇന്നലെ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിലും സംഘർഷമുണ്ടായി. അക്രമാസക്തരായ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെയായിരുന്നു പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയത്. എന്നാൽ പ്രതിഷേധത്തിൽ അറസ്റ്റു ചെയ്തുനീക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ മോചിപ്പിക്കുകയും ചെയ്തിരുന്നു.
Post a Comment