ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിയ്ക്ക് കത്തയച്ച് കേരളം

(www.kl14onlinenews.com)
(21-DEC-2023)

ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിയ്ക്ക് കത്തയച്ച് കേരളം
ഗവര്‍ണര്‍ (Governor) ആരിഫ് മുഹമ്മദ് ഖാനെതിരെ (Governor Arif muhammad khan) രാഷ്ട്രപതിക്ക് (president) കത്തയച്ച് കേരള സര്‍ക്കാര്‍ (Kerala Government). രാ‌ഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമാണ് (prime minister modi) സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിരിക്കുന്നത്. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്നും പ്രോട്ടോക്കോൾ (protocol) ലംഘനം നിരന്തരം നടത്തുന്നുവെന്നുമാണ് കത്തിൽ ആരോപിക്കുന്നത്. ഗവര്‍ണറും സര്‍ക്കാരും തമ്മിൽ ഏറെ നാളായി നിലനിൽക്കുന്ന തര്‍ക്കം നിലനിൽക്കുന്നതിനാൽ ഏറെ ഗൗരവമുള്ള നടപടിയാണ് സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ തടഞ്ഞുവെച്ച നടപടിയിലാണ് ഗവര്‍ണര്‍ ചുമതലകൾ നിറവേറ്റുന്നില്ലെന്ന വിമര്‍ശനം സര്‍ക്കാര്‍ ഉന്നയിക്കുന്നത്. ഇത് മുൻനിര്‍ത്തിയാണ് ഇപ്പോൾ കത്ത് അയച്ചിരിക്കുന്നതും. ഗവര്‍ണറുടെ നിലപാടുകള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.

തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ പ്രോട്ടോകോൾ ലംഘിച്ച് പുറത്തിറങ്ങുകയും എസ്എഫ്ഐ പ്രവർത്തകരോട് കയർക്കുകയും ചെയ്തിരുന്നു. കൂടാതെ
കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയ ഗവര്‍ണര്‍ പ്രോട്ടോകോള്‍ ലംഘിച്ച് മിഠായി തെരുവില്‍ എത്തിയിരുന്നു. ഇതിനെതിരെ രംഗത്തുവന്ന മുഖ്യമന്ത്രി സുരക്ഷയൊരുക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും വ്യക്തമാക്കി. സർക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം മുറുകിയിരിക്കെ സര്‍ക്കാരിന്‍റെ ഭാഗത്തും നിന്നുള്ള നടപടി നിര്‍ണായകമാണ്.

അതേസമയം എസ് എഫ് ഐ യുടെ പ്രതിക്ഷത്തിനിടെ ഇന്ന് ചേർന്ന കാലിക്കറ്റ് സർവകലാശാലയുടെ (Calicut University) സെനറ്റ് യോഗം അവസാനിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. പ്രവീൺകുമാർ, മനോജ് സി, ഹരീഷ് എ വി, പദ്മശ്രീ ബാലൻ പൂതേരി, അഫ്സൽ ഗുരുക്കൾ തുടങ്ങിയവരെയാണ് എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞത്. സർവ്വകലാശാലകളിൽ ഗവർണറുടെ നേതൃത്വത്തിലുള്ള സംഘപരിവാർ വാഴ്ച അനുവദിക്കില്ലെന്നും ഗവർണറുടെ ഏകാധിപത്യം നടപ്പിലാക്കാൻ സമ്മതിക്കില്ലെന്നുമാണ് എസ്എഫ്ഐ പറയുന്നത്.

നേരത്തെ, ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. ഗവര്‍ണര്‍ ആര്‍എസ്എസ് നിര്‍ദേശം അനുസരിച്ചാണ് പെരുമാറുന്നതെന്നും. പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. കേന്ദ്രത്തിന്റെ സഹായത്തിലാണ് സര്‍വകലാശാലകളില്‍ ആളുകളെ കണ്ടെത്തി നിയമിച്ചത്. ആര്‍എസ്എസ് നിര്‍ദേശം ഗവര്‍ണര്‍ അനുസരിച്ചതോടെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധിക്കുന്നവര്‍ക്ക് എതിരെ രൂക്ഷമായ വാക്കുകളാണ് ഗവര്‍ണര്‍ ഉപയോഗിക്കുന്നത്. രാഷ്ട്രീയക്കാരന്‍ ആയിരുന്ന ഒരാള്‍ എങ്ങനെയാണ് ബ്ലഡി ക്രിമിനല്‍സ് എന്ന് വിദ്യാർത്ഥികളെ വിളിക്കുന്നത്. വിവേകം ഇല്ലാത്ത നടപടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post