(www.kl14onlinenews.com)
(01-DEC-2023)
കാസർകോട് : ദേശീയപാത വികസനത്തിൽ തലപ്പാടി– ചെങ്കള ഒന്നാം റീച്ചിലെ പണി തീർന്ന അടിപ്പാതകളിൽ പലതും ഗതാഗതത്തിനു തുറന്നു കൊടുത്തു. ബസ് ഉൾപ്പെടെ വാഹനങ്ങൾക്കു കടന്നു പോകാൻ സൗകര്യത്തിൽ മഞ്ചേശ്വരം, ആരിക്കാടി, മൊഗ്രാൽ, ചൗക്കി, സിവിൽ സ്റ്റേഷൻ ജംക്‌ഷൻ ബിസി റോഡ്, നാലാം മൈൽ എന്നിവിടങ്ങളിലെ അടിപ്പാതകളാണ് പണി പൂർത്തിയാക്കി തുറന്നു കൊടുത്തത്. സർവീസ് റോഡ് വഴി മറു ഭാഗം സർവീസ് റോഡിലേക്കു കടക്കുന്ന വിധം ആണ് അടിപ്പാതകളിലൂടെയുള്ള ഗതാഗതം.
അടിപ്പാതയിലൂടെ ബസുകളും സർവീസ് തുടങ്ങി
മഞ്ചേശ്വരം, ആരിക്കാടി, ചൗക്കി, ബിസി റോഡ് എന്നീ അടിപ്പാതകൾ വഴി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഓടിത്തുടങ്ങി. ഹൊസങ്കടി മേൽപാതയും ബസ് ഗതാഗതത്തിനു തുറന്നു കൊടുത്തു. ഉപ്പള ഫ്ലൈ ഓവർ, ബന്തിയോട് മേൽപാത, കുമ്പള അടിപ്പാത, കാസർകോട് ഫ്ലൈ ഓവർ എന്നിവ ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് കടന്നു പോകുന്നതിനുള്ള നിർമാണം നടന്നു വരുന്നു.
വിദ്യാനഗറിൽ ഉൾപ്പെടെ നിർമാണം തുടങ്ങിയില്ല
വിദ്യാനഗറിൽ അടിപ്പാത നിർമാണം തുടങ്ങിയില്ല. ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിച്ചാൽ ഉപ്പള കൈക്കമ്പ, നായന്മാർമൂല എന്നിവിടങ്ങളിൽ കൂടി ബസ് അടക്കമുള്ള വാഹനങ്ങൾക്കു പോകുന്നതിനുള്ള അടിപ്പാത പണി തുടങ്ങും.
സമരം തുടരുന്നു..
നായന്മാർമൂലയിൽ മേൽപാലം ആവശ്യപ്പെട്ട് ആക്‌ഷൻ കമ്മിറ്റി സമരത്തിലാണ്. ഏരിയാലിൽ അടിപ്പാത ആവശ്യം ദേശീയപാത അതോറിറ്റിയുടെ പരിഗണനയിലാണ്. ചെറിയ അടിപ്പാതകളുടെ നിർമാണം ഉപ്പള നയാബസാർ, ഷിറിയകുന്ന്, അടുക്കത്ത് ബയൽ തുടങ്ങിയ സ്ഥലങ്ങളിൽ നടന്നു വരുന്നു. അടുക്കത്ത്ബയലിൽ അടിപ്പാത ഉടൻ തുറക്കും. സർവീസ് റോഡുകളുടെ പണി തീർന്നാൽ അണങ്കൂരിൽ അടിപ്പാത നിർമാണം തുടങ്ങും. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി കരാർ എടുത്ത ഒന്നാം റീച്ചിലെ പ്രവൃത്തി മികച്ച നിലയിലാണ് നടക്കുന്നതെന്ന് അടുത്തിടെ സന്ദർശിച്ച ദേശീയപാത അതോറിറ്റി അധികൃതർ വിലയിരുത്തിയിരുന്നു.
Post a Comment