പരാതിയിൽ നടപടിയില്ല; നവകേരള സദസിൻ്റെ സ്റ്റേജിലേയ്ക്ക് ഓടിക്കയറാൻ ശ്രമിച്ച യുവാവ് കസ്റ്റഡയിൽ

(www.kl14onlinenews.com)
(04-DEC-2023)

പരാതിയിൽ നടപടിയില്ല; നവകേരള സദസിൻ്റെ സ്റ്റേജിലേയ്ക്ക് ഓടിക്കയറാൻ ശ്രമിച്ച യുവാവ് കസ്റ്റഡയിൽ
വടക്കാഞ്ചേരി:
നവകേരള സദസിനിടെ മുഖ്യമന്ത്രിയിരിക്കുന്ന (Chief Minister Pinarayi Vijayan) സ്റ്റേജിലേയ്ക്ക് ഓടിക്കയറാൻ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടക്കാഞ്ചേരിയിൽ (Vadakkanchery) വച്ചാണ് സംഭവം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ യുവാവ് സ്റ്റേജിലേയ്ക്ക് ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ ആര്യമ്പാട് സ്വദേശി റഫീഖ് (Rafeek) ആണ് പിടിയിലായത്. റഫീഖ് സ്റ്റേജിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നത് കണ്ടയുടൻ പൊലീസ് ഇയാളെ തടയുകയായിരുന്നു. തുടർന്ന് ഇയാളെ സ്ഥലത്തുനിന്നും നീക്കി. അതിനു പിന്നാലെ പൊലീസ് റഫീക്കിനെ കസ്റ്റഡിയിലെടുത്തു. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിരുന്നുവെന്നും അതിന് പരിഹാരം ഇല്ലാതെ വന്നതോടെയാണ് താൻ മുഖ്യമന്ത്രിയെ കാണാൻ സ്റ്റേജിലേക്ക് കയറാൻ ശ്രമിച്ചതെന്നുമാണ് റഫീഖ് പറയുന്നത്. യുവവ് സ്റ്റേജിലേക്ക് ഓടിക്കയറാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം നവ കേരള സദസ്സിൽ എത്തുന്ന ജനങ്ങളെ മന്ത്രിമാർ വിഡ്ഢികളാക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നവ കേരള സദസ്സിൽ മന്ത്രിമാർ എത്തുമ്പോൾ ജനം കരുതുന്നത് തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്നാണ്. എന്നാൽ അവിടെ നടക്കുന്നത് അതൊന്നുമല്ല. പൊതുജനങ്ങളെ രണ്ടാംകിട പൗരന്മാരാക്കി മാറ്റിനിർത്തുകയാണ് ചെയ്യുന്നതെന്നും കെസി വേണുഗോപാൽ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മാന്യന്മാരെ മാത്രമാണ് നേരിട്ടു കാണുന്നത്. സാധാരണക്കാരായ ജനങ്ങൾക്ക് അവിടെ പ്രവേശനമില്ലെന്ന് കെസി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു.

നവകേരളസദസിൽ പരാതികൾ കൂടാൻ കാരണം ഏഴുവർഷത്തെ എൽ.ഡി.എഫ് ഭരണമാണെന്നും അദ്ദേഹം ആരോപിച്ചു. ഉദ്യോഗസ്ഥർക്ക് പരാതി കൊടുക്കാനാണെങ്കിൽ മന്ത്രിമാർ യാത്ര നടത്തേണ്ടതില്ലെന്നും പാർലമെൻ്റ് തിരഞ്ഞെടുപ്പിന് മുൻപ് സർക്കാർ ചെലവിൽ നടത്തുന്ന പി.ആർ തട്ടിപ്പും ധൂർത്തുമാണിതെന്നും വേണുഗോപാൽ പറഞ്ഞു. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പുനർ നിയമനത്തിൽ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. മുഖ്യമന്ത്രിയും ഗവർണറും ജനാധിപത്യവിരുദ്ധ സമീപനം സ്വീകരിക്കുകയായിരുന്നു. സംസ്ഥാനത്തെ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടിയിരുന്നു

Post a Comment

Previous Post Next Post