അനുപമ ആദ്യം എതിര്‍ത്തു; യുട്യൂബില്‍ നിന്ന് പണം കിട്ടാതായപ്പോള്‍ അച്ഛനും അമ്മയ്ക്കുമൊപ്പം ചേര്‍ന്നു

(www.kl14onlinenews.com)
(02-DEC-2023)

അനുപമ ആദ്യം എതിര്‍ത്തു; യുട്യൂബില്‍ നിന്ന് പണം കിട്ടാതായപ്പോള്‍ അച്ഛനും അമ്മയ്ക്കുമൊപ്പം ചേര്‍ന്നു

കൊല്ലം :
മാധ്യമങ്ങളുടെ നിരന്തര സമ്മർദ്ദമുണ്ടായിട്ടും അതിലൊന്നും വീഴാതെയാണ് അന്വേഷണ ഉദ്യോഗസ്ഥർ (Investigation Officers) പോയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് തെളിയിച്ചതെന്ന് എഡിജിപി എം ആർ അജിത് കുമാർ (ADGP MR Ajith Kumar). ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം ഒരു ബ്ലൈൻഡ് കേസായിരുന്നു. ആദ്യദിവസം തന്നെ ലഭിച്ച സുപ്രധാനമായ തെളിവാണ് ഈ കേസ് തെളിയിക്കാൻ സാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലം ചാത്തന്നൂർ സ്വദേശികളായ കെ ആർ പത്മകുമാർ (52 ), ഭാര്യ എം ആർ അനിതകുമാരി (45), മകൾ അനുപമ(20) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് (Pooyappalli Police) അറസ്റ്റ് ചെയ്തത്. ഇവരെ എആർ ക്യാമ്പിൽ നിന്ന് പൂയപ്പള്ളി സ്റ്റേഷനിലേയ്‌ക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് വൈകുന്നേരത്തിനുള്ളിൽ പ്രതികളെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കുമെന്നാണ് പോലീസ് അറിയിച്ചത്.

ഈ കേസുമായി ബന്ധപ്പെട്ട് ആദ്യദിവസം തന്നെ സുപ്രധാനമായ തെളിവ് ലഭിച്ചിരുന്നു. ആ തെളിവിൻ്റെ അടിസ്ഥാനത്തിൽ പ്രതി സമീപപ്രദേശത്തുള്ള ആളാണെന്നും മനസിലായി. ഇത് ബ്ലൈൻഡായിട്ടുള്ള കേസായിരുന്നു. മാദ്ധ്യമങ്ങളിൽ പലരും ശ്രമിച്ചിട്ടും ഒരു തെളിവുപോലും കണ്ടെത്താൻ സാധിക്കാത്തത് അതുകൊണ്ടാണ്. പോലീസിൻ്റെ നിരന്തരമായ അന്വേഷണത്തിലൂടെ സൈബർ തെളിവുകൾ, നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരങ്ങളും ക്രോഡീകരിച്ചാണ് കേസ തെളിയിച്ചത്. സംഭവം നടന്ന് 96 മണിക്കൂരിനുള്ളിൽ കേസ് തെളിയിച്ചെന്നും എം ആർ അജിത് കുമാർ വ്യക്തമാക്കി.

പ്രതികൾ കുട്ടിയെ തട്ടിക്കൊണ്ടു പോയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും പോലീസ് പറഞ്ഞു. ഈ കേസിനെ സംബന്ധിച്ച് എടുത്തുചാടാൻ പാടില്ലെന്നു പോലീസ് മനസ്സിലാക്കുകയായിരുന്നു. വളരെ സാവധാനത്തിൽ അന്വേഷിച്ചാൽ മാത്രമേ യാഥാർത്ഥ്യം കണ്ടെത്താനാകൂ. മാദ്ധ്യമങ്ങളുടെ ഭാഗത്ത് നിന്നും നിരന്തരമായി അനാവശ്യ പ്രഷർ ഉണ്ടായിരുന്നു. എന്നാൽ ആ പ്രഷറിലൊന്നും വീഴാതെ പോലീസ് കൃത്യമായ വഴിയിലൂടെ അന്വേഷണം മുന്നോട്ടു കൊണ്ടുപോയി. പൊലീസ് നടത്തിയ അന്വേഷണത്തിന്റെ ഫലമാണ് ഇപ്പോൾ കേസ് തെളിയിക്കാനായതെന്നും എഡിജിപി പറഞ്ഞു. അന്വേഷണ സംഘത്തിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിച്ചു.

അതേസമയം തട്ടിക്കൊണ്ടുപോകാൻ പദ്ധതി ഇട്ടതുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ ആസൂത്രണം ചെയ്യാൻ പദ്മകുമാറും ഭാര്യയും മാത്രമാണ് ഉണ്ടായിരുന്നത്. മകൾ അനുപമ സോഷ്യൽ മീഡിയ ഇൻഫ്ലുുവൻസറാണ്. അനുപമയ്ക്ക് സോഷ്യൽ മീഡിയ വഴി പ്രത്യേകിച്ചും യൂട്യൂബ് വഴിയുള്ള വരുമാനം കുറഞ്ഞതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള അച്ഛൻ അമ്മമാരുടെ പദ്ധതി അംഗമാകുന്നതെന്നും പൊലീസ് പറഞ്ഞു. സമൂഹത്തിലുള്ള നിരവധി പേർ ഇത്തരത്തിൽ അനാവശ്യ മാർഗ്ഗങ്ങളിലൂടെ പണം ഉണ്ടാക്കുന്നുവെന്നും അതുകൊണ്ട് തങ്ങളുടെ പ്രവർത്തിയിൽ തെറ്റില്ലെന്നും ഇവർ വിശ്വസിച്ചിരുന്നതായി എഡിജിപി വ്യക്തമാക്കി. ഏകദേശം ഒരു വർഷമായി ഏതെങ്കിലും ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന പദ്ധതി നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങളിലായിരുന്നു ഇവരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം,
ഈ കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഭീമമായ കടം ബാങ്കിലുയിരുന്നു. മാത്രമല്ല സുഹൃത്തുക്കൾക്കും പണം നൽകുവാനുണ്ടായിരുന്നു. ഓൺലൈൻ ആപ്പിൽ നിന്ന് പോലും ഈ കുടുംബം പണം കടമെടുത്തിരുന്നു എന്നാണ് വിവരം. ഉടനടി ഒരു പത്തുലക്ഷം രൂപയെങ്കിലും ഇല്ലാതെ ബാങ്കിൽ നിന്നുള്ള ജപ്തി നടപടികൾ ഒഴിവാക്കാൻ കഴിയില്ലെന്ന സാഹചര്യം വന്നതോടെയാണ് പദ്മകുമാറും കുടുംബവും പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തത്

വീട് ജപ്തിയായി

ഇതിനിടെ ബാങ്ക് അധികൃതർ പലനാളുകളായി ജപ്തിനടപടികൾക്ക് വേണ്ടി ഈ വീടുമായി ബന്ധപ്പെട്ടിരുന്നു എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു കുറ്റകൃത്യം ചെയ്യാൻ പദ്മകുമാറും കുടുംബവും നിർബന്ധരാകുന്നത്. കുട്ടിയെ തട്ടിക്കൊണ്ടു പോകുവാനുള്ള ഗൂഢാലോചനയിൽ ആദ്യഘട്ടം മുതൽ ഭാര്യയും പങ്കാളിയായി എന്നാണ് പൊലീസ് പറയുന്നത്. അതേസമയം മകൾക്ക് ആദ്യഘട്ടത്തിൽ ഇക്കാര്യങ്ങളൊന്നും അറിയില്ലായിരുന്നു. എന്നാൽ പദ്ധതി നടപബ്പിലാക്കുന്ന ഘട്ടത്തിലെത്തിയപ്പോൾ മകളും ഇതിനൊപ്പം കൂടുകയായിരുന്നു എന്നാണ് വിവരം. കുട്ടിയെ തട്ടിക്കൊണ്ടു വന്ന് വീട്ടിൽ പാർപ്പിച്ചപ്പോഴും മകൾ ഒപ്പമുണ്ടായിരുന്നു. നിലവിൽ ഈ കുറ്റകൃത്യത്തെ കുറിച്ചുള്ള വ്യക്തമായ ബോധ്യം മകൾക്കും ഉണ്ടായിരുന്നുവെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

ലക്ഷ്യം അഭിഗേൽ മാത്രമായിരുന്നില്ല

അതേസമയം ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അഭിഗേൽ സാറയെ മാത്രമല്ല പ്രതികൾ ലക്ഷ്യം വച്ചതെന്നും പൊലീസ് പറയുന്നുണ്ട്. കുടുംബത്തിന് വന്നുപെട്ട ഭീമമായ സാമ്പത്തിക ബാധ്യത തീർക്കുവാൻ ഏതെങ്കിലും ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോയി വിലപേശി പണം സമ്പാദിക്കുക എന്നുള്ളതായിരുന്നു പ്രതികളുടെ ലക്ഷ്യം. കുട്ടിയുടെ ജീവന് ആപത്ത് സംഭവിക്കാതിരിക്കാൻ കുട്ടിയുടെ ബന്ധുക്കൾ ഈ വിവരം പൊലീസിനെ അറിയിക്കില്ലെന്ന് അവർ കരുതി. ഇതിൻ്റെ ഭാഗമായിട്ടായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടു പോയ സമയം കുട്ടിയോടൊപ്പം ഉണ്ടായിരുന്ന സഹോദരന് ഒരു കത്ത് കൈമാറാൻ പ്രതികൾ ശ്രമം നടത്തിയത്. കുട്ടിയുടെ ജീവന് ആപത്തൊന്നും ഉണ്ടാകില്ലെന്നും പണം തന്നാൽ കുട്ടിയെ മടക്കി നൽകാമെന്നുമാണ് ആ കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ കുട്ടിയുടെ സഹോദരൻ ആ കത്ത് വാങ്ങിയില്ല. തുടർന്നാണ് പാരിപ്പള്ളിയിൽ എത്തിയശേഷം സംഘം കുട്ടിയുടെ മാതാവിനെ വിളിക്കുന്നത്. കുട്ടിയുടെ അമ്മയെ ഫോണിൽ ബന്ധപ്പെട്ടത് പദ്മകുമാറിൻ്റെ ഭാര്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ടിവി കണ്ടപ്പോൾ ഞെട്ടി

തട്ടിക്കൊണ്ടു പോയശേഷം കുട്ടിയെ ആദ്യം കൊണ്ടുപോയത് ചിറക്കലുള്ള റിസോർട്ടിലാണ്. അതിനുശേഷം അവിടെ നിന്നും കുട്ടിയെ പദ്മകുമാറിൻ്റെ ചാത്തന്നൂരിലെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. വീട്ടിലെത്തി ടെലിവിഷൻ കാണുമ്പോഴാണ് ഈ സംഭവം വലിയ വിവാദമായതായി മനസ്സിലാക്കുന്നത്. ഇതിനെത്തുടർന്നാണ് ആശ്രമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിക്കാൻ സംഘം തീരുമാനിച്ചത്. അതേസമയം ഒരു കുടുംബം 10 ലക്ഷം രൂപയ്ക്ക് മാത്രമായി ഇത്തരത്തിലൊരു കുറ്റകൃത്യം ചെയ്യുമോ എന്നുള്ളതും ഈ കുറ്റകൃത്യത്തിന് മറ്റൊരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നുള്ളതും സംബന്ധിച്ച വിശദ വിവരങ്ങളൊന്നും പൊലീസ് പുറത്തു വിട്ടിട്ടില്ല.

എല്ലാം കള്ളം

അതേസമയം പിടിയിലായ സമയത്ത് പദ്മകുമാര്‍ പൊലീസിനോട് ആദ്യം പറ‌ഞ്ഞതൊക്കെ കള്ളക്കഥകളായിരുന്നു എന്നാണ് വിവരം. നഴ്സിംഗ് റിക്രൂട്ട്മെൻ്റുമായും ഒഇറ്റി പരീക്ഷയുമായുമെല്ലാം തട്ടിക്കൊണ്ട് പോകലിന് ബന്ധമുണ്ടെന്നും ഓയൂരിലെ ആറ് വയസുകാരിയുടെ അച്ഛന്‍ തൻ്റെ കൈയില്‍ നിന്ന് പണം വാങ്ങിയ ശേഷം തിരിച്ചു തന്നില്ലെന്നും ഉള്‍പ്പെടെയുള്ള കഥകള്‍ ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഈ കഥകളിലെയെല്ലാം പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് കൂടുതൽ ചോദ്യം ചെയ്യൽ നടത്തിയതും. പലതവണ പിടിച്ചു നിൽക്കാൻ നോക്കിയെങ്കിലും ഒടുവിൽ പദ്മകുമറാും കുടുംബവും ചോദ്യം ചെയ്യലിനു മുന്നിൽ എല്ലാം വെളിപ്പെടുത്തുകയായിരുന്നു.

ആറേക്കറിൽ ഫാം ഹൗസ്, കൊട്ടാരം പോലുള്ള വീട്

ചാത്തന്നൂരിൽ പദ്മകുമാറിൻ്റെ പേരിലുള്ളത് കൊട്ടാര സദൃശ്യമായ ഒരു വീടാണ്. ഈ വീട് നിർമ്മിക്കുന്ന സമയത്ത് ആ പ്രദേശത്തെ ഏറ്റവും വലിയ കെട്ടിടം ആയിരുന്നു ഇത്. 10 സെൻ്റ് പുരയിടത്തിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ഏകദേശം 4000 സ്ക്വയർഫീറ്റ് വിസ്തീർണ്ണമുള്ള ഈ കെട്ടിടത്തിൽ അഞ്ചിലേറെ മുറികൾ ഉണ്ടെന്നാണ് വിവരം. വീടിൻ്റെ മുറ്റം ഇൻ്റർലോക്കാണ്. മുന്നിൽ പൂന്തോട്ടവും ക്രമീകരിച്ചിട്ടുണ്ട്. അതേസമയം പദ്മകുമാറിൻ്റെ കുടുംബത്തിന് നാട്ടുകാരുമായി വലിയ ബന്ധമില്ലായിരുന്നു എന്ന് വിവരങ്ങളും പുറത്തുവരുന്നുണ്ട്. അതുകൊണ്ടുതന്നെ നാട്ടുകാരിൽ പലരും ഈ വീട് അകത്തു കയറി കണ്ടിട്ടില്ല. ഏതുസമയവും ഗേറ്റ് അടഞ്ഞു കിടക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. 

പദ്മകുമാറിൻ്റെ അമ്മ ആർടി ഓഫീസ് ജീവനക്കാരിയായിരുന്നു. ഒരു വർഷം മുമ്പാണ് അവർ അന്തരിച്ചത്. ചാത്തന്നൂർ ജംഗ്ഷനിൽ നിന്നും ഏകദേശം 250 മീറ്റർ മാത്രമാണ് വീട്ടിലേക്ക് ദൂരമുള്ളത്. അതേ സമയം പദ്മകുമാർ കുട്ടിയെ തട്ടിക്കൊണ്ടു പോയ വെള്ള നിറത്തിലുള്ള കാർ ആദ്യമായിട്ടാണ് കാണുന്നതെന്ന് നാട്ടുകാർ പറയുന്നു.

പഠനത്തിൽ മിടുമിടുക്കനായിരുന്നു പദ്മകുമാർ എന്നാണ് വിവരം. ചാത്തന്നൂരിലെ ആദ്യകാല കമ്പ്യൂട്ടർ എൻജിനീയർമാരിൽ ഒരാളായിരുന്നു പദ്മകുമാർ. ടി കെ എം എൻജിനീയറിങ് കോളേജിൽ നിന്നാണ് ഇയാൾ കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ബിരുദം നേടിയത്. അന്ന് പദ്മകുമാറിന് കോളേജ് റാങ്ക് ഉണ്ടായിരുന്നു. നിരവധി ഉയർന്ന ജോലികൾ പദ്മകുമാറിനെ തേടി എത്തിയിരുന്നു. എന്നാൽ ഇയാൾ അത്തരത്തിലുള്ള ജോലികളൊന്നും സ്വീകരിക്കാതെ ബിസിനസിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു എന്നാണ് വിവരം. 

നിരവധി ബിസിനസ്സുകളാണ് പദ്മകുമാറും കുടുംബവും തുടങ്ങിവച്ചത്. ഫിഷ് സ്റ്റാൾ, ബിരിയാണി കച്ചവടം, കൃഷി ഉൾപ്പെടെ നിരവധി വ്യവസായങ്ങൾ ഇയാൾ ആരംഭിച്ചു. കേബിൾ ടിവി അവതരിപ്പിക്കപ്പെട്ട കാലത്ത് ചാത്തന്നൂർ കേന്ദ്രമാക്കി ഒരു കേബിൾ ടിവി ശൃംഖല ഇയാൾ ആരംഭിച്ചു. വലിയ വിജയമായിരുന്നു ആ സംരംഭം. നിരവധി യുവാക്കൾക്ക് ഇതുമൂലം ജോലി ലഭിച്ചു. ഈ വ്യവസായം വലിയ രീതിയിൽ മുന്നേറിയതോടെ ഇയാൾ അത് മറ്റൊരാൾക്ക് വിൽക്കുകയായിരുന്നു. തുടർന്ന് റിയൽ എസ്റ്റേറ്റ്, പാഴ്സൽ ബിരിയാണി, മത്സ്യസ്റ്റാൾ, തമിഴ്നാട്ടിൽ കൃഷി, ചാത്തന്നൂരിൽ ബേക്കറി തുടങ്ങിയ വ്യത്യസ്ത വ്യവസായങ്ങൾ ഇയാൾ ആരംഭിച്ചു. ചാത്തന്നൂരിലെ ബേക്കറി കഴിഞ്ഞ ദിവസവും പതിവുപോലെ പ്രവർത്തിച്ചിരുന്നു.

Post a Comment

Previous Post Next Post