(www.kl14onlinenews.com)
(02-DEC-2023)
കുട്ടിയെ തട്ടികൊണ്ടുപോയ കേസ്; 3 പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; അബിഗേലിനും സഹോദരനും അവാർഡ്
കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി. ജീവപര്യന്തം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തി. കുട്ടിക്കടത്തിനാണ് കേസ് എടുത്തിരിക്കുന്നത്. തട്ടിക്കൊണ്ടു പോകല്‍, തടവിലാക്കല്‍, ദേഹോപദ്രവമേല്‍പിക്കല്‍ ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മൂന്ന് പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ജൂവൈനല്‍ ജസ്റ്റീസ് നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പണം നേടുക എന്ന ലക്ഷ്യത്തോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചു എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആറു വയസുകാരിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച സഹോദരനെ ആക്രമിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികള്‍ക്കായി 2 അഭിഭാഷകര്‍ ഹാജരായി. തിങ്കളാഴ്ച പൊലീസ് പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കും. പത്മകുമാര്‍ ആണ് കേസിലെ ഒന്നാം പ്രതി. ഭാര്യ അനിത കുമാരി രണ്ടാം പ്രതിയും മകള്‍ അനുപമ രണ്ടാം പ്രതിയുമാണ്. അനിതയെയും അനുപമയെയും അട്ടക്കുളങ്ങര വനിത ജയിലിലേക്ക് മാറ്റും. പത്മകുമാറിനെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റും.
അതേസമയം
ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കുട്ടിയെ തട്ടികൊണ്ടുപോയി അന്യായമായി തടങ്കലില്‍ വെച്ച കുറ്റത്തിന് ഐപിസി 346, തട്ടി കൊണ്ടു പോയ കുറ്റത്തിന് ഐപിസി 361, 363 , മോചന ദ്രവ്യം ആവശ്യപ്പെട്ട കുറ്റത്തിന് 364 എ എന്നീ കുറ്റങ്ങളും പ്രതികള്‍ക്ക് എതിരെ ചുമത്തി. 370 (4) തട്ടിപ്പ് നടത്താന്‍ വേണ്ടിയുള്ള മനുഷ്യക്കടത്ത്, 323 ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകളും ചുമത്തി.
അതിനിടെ കുട്ടികള്‍ക്ക് പൊലീസ് അവാര്‍ഡ് നല്‍കി. അബിഗേലിനും സഹോദരനുമാണ് അവാര്‍ഡ് നല്‍കിയത്. കുട്ടികള്‍ക്ക് മൊമന്റോ നല്‍കിയെന്ന് എഡിജിപി പറഞ്ഞു.
കേസില്‍ പ്രതികള്‍ക്ക് വലിയ സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും തുടക്കം മുതല്‍ കുട്ടിയെ രക്ഷപ്പെടുത്തുന്നതിന് മാത്രമായിരുന്നു മുന്‍ഗണനയെന്നും എഡിജിപി എംആര്‍ അജിത് കുമാര്‍ പ്രതികരിച്ചിരുന്നു.
കുട്ടിയെ കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം അതുകൊണ്ടാണ് പ്രതികളിലേക്ക് എത്താന്‍ വൈകിയത്. കൊല്ലം ജില്ലയില്‍ നിന്നുള്ളവരാണ് പ്രതികളെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. ആ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണമെന്നും എഡിജിപി പറഞ്ഞു.
Post a Comment