(www.kl14onlinenews.com)
(12-DEC-2023)
ഗാസയില്‍ ഭക്ഷ്യവസ്തുക്കളുടെ പ്രതിസന്ധി രൂക്ഷം; വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ ഇന്ന് വോട്ടിങ്
ഗാസയില്‍ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവുമൂലമുള്ള പ്രതിസന്ധി രൂക്ഷം. രണ്ടുമാസം പിന്നിടുന്ന ഹമാസ് ഇസ്രയേല്‍ സംഘര്‍ഷത്തില്‍ വീണ്ടുമൊരു വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ഇന്ന് വോട്ടിങ് നടക്കും. കഴിഞ്ഞ വെള്ളിയാഴ്ച സുരക്ഷാ സമിതിയില്‍ മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ ആവശ്യം അമേരിക്ക വീറ്റോ ചെയ്തതിനു ശേഷം മാത്രം ഏകദേശം നൂറിലേറെപ്പേര്‍ ഗാസയില്‍ മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇസ്രയേല്‍ നടത്തിയ തിരിച്ചടിയില്‍ ഏകദേശം 18205 പേര്‍ മരിക്കുകയും, 50000 പേര്‍ക്ക് പരുക്ക് പറ്റിയതായുമാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. നേരത്തെ സുരക്ഷാ സമിതിയില്‍ അമേരിക്ക എതിര്‍ത്ത വെടിനിര്‍ത്തല്‍, 193 അംഗങ്ങളുള്ള ജനറല്‍ അസംബ്ലിയില്‍ പാസാക്കിയെടുക്കുക എന്നതാണ് ഐക്യരാഷ്ട്രസഭയുടെ മുന്നിലുള്ള ലക്ഷ്യം. ജനറല്‍ അസംബ്ലിയില്‍ പാസാക്കുന്ന പ്രമേയങ്ങള്‍ക്കൊന്നും രാഷ്ട്രീയമായി ഒരു രാജ്യത്തെ നിയന്ത്രിക്കാനാകില്ല. എന്നാല്‍ വെടിനിര്‍ത്തലിനു തയാറാകാന്‍ ഇസ്രയേലിനു മുകളില്‍ ഇത് സമ്മര്‍ദമാകുമെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.വോട്ടെടുപ്പിന് തൊട്ടു മുമ്പത്തെ ദിവസം സുരക്ഷാ സമിതിയിലെ 12 അംഗങ്ങള്‍ കാര്യങ്ങള്‍ വിലയിരുത്താന്‍ റാഫ അതിര്‍ത്തിയിലേക്ക് നടത്തിയ സന്ദര്‍ശനത്തില്‍ അമേരിക്ക അവരുടെ നയതന്ത്ര പ്രതിനിധികളെ അയച്ചിരുന്നില്ല എന്നത് പ്രധാനപ്പെട്ട കാര്യമാണ്.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് തെക്കന്‍ ഗാസയിലെ 85 ശതമാനം ജനങ്ങളും കുടിയൊഴിക്കപ്പെട്ടു. കൂടുതല്‍ അവശ്യസാധനങ്ങള്‍ ഗാസയിലേക്ക് എത്തിക്കാന്‍ കെരേം ഷാലോം അതിര്‍ത്തിയില്‍ സാധനങ്ങളുടെ സ്‌ക്രീനിങ് നടത്താമെന്ന് ഇപ്പോള്‍ ഇസ്രയേല്‍ സമ്മതിച്ചിട്ടുണ്ട്. സംഘര്‍ഷം ആരംഭിക്കുന്നതിനു മുമ്പുവരെ ഭൂരിഭാഗം ട്രക്കുകളും ഗാസയിലേക്ക് പ്രവേശിച്ചത് ഈ വഴിയായിരുന്നു.തിങ്കളാഴ്ച രാത്രി വൈകിയും ആക്രമണം തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഗാസയില്‍ ചൊവ്വാഴ്ചത്തെ ഐക്യരഷ്ട്രസഭ ജനറല്‍ അസംബ്ലിക്ക് ശേഷം സമാധാനമുണ്ടാകുമോ എന്നതാണ് ബാക്കിയാകുന്ന ചോദ്യം.
Post a Comment