കോവിഡ് കേസുകൾ ഉയരുന്നു;24 മണിക്കൂറിനിടെ രാജ്യത്ത് മൂവായിരത്തിലേറെ രോഗബാധിതർ

(www.kl14onlinenews.com)
(23-DEC-2023)

കോവിഡ് കേസുകൾ ഉയരുന്നു;24 മണിക്കൂറിനിടെ രാജ്യത്ത് മൂവായിരത്തിലേറെ രോഗബാധിതർ
ഡൽഹി :
ജെ എന്‍ 1 ആശങ്കയ്ക്കിടയില്‍ രാജ്യത്തെ കോവിഡ് കേസുകള്‍ ഉയരുന്നു. സജീവമായ കോവിഡ് -19 കേസുകളുടെ എണ്ണം മൂവായിരം കടന്നു. നിലവില്‍ 3,420 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച മാത്രം രാജ്യത്ത് 640 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഒരു കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് രാവിലെ ലഭിച്ച കണക്ക് അനുസരിച്ച്, 17 സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. കേരളം (266), കര്‍ണാടക (70), മഹാരാഷ്ട്ര (15), തമിഴ്നാട് (13), ഗുജറാത്ത് (12) എന്നിവിടങ്ങളിലാണ് രോഗികളേറെയും. കേരളത്തില്‍ രണ്ട് മരണങ്ങളും കര്‍ണാടകയിലും രാജസ്ഥാനിലും ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 5,33,332 ആയി ഉയര്‍ന്നു. 1.18 ശതമാനമാണ് മരണനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 325 പേര്‍ കൊവിഡില്‍ നിന്ന് സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 4,44,71,212 ആയി ഉയര്‍ന്നു. ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനമാണ്.

കോവിഡ്-19 കേസുകളുടെ നിലവിലെ വര്‍ദ്ധനവില്‍ ആശങ്ക വേണ്ടെനന്നും പരിഭ്രാന്തരാകരുതെന്നും സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍, മുന്‍കരുതല്‍ നടപടിയായി കോമോര്‍ബിഡിറ്റി ഉള്ളവര്‍ മാസ്‌ക് ധരിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബുധനാഴ്ച ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ രാജ്യത്തുടനീളമുള്ള ചികിത്സാ സൗകര്യങ്ങളുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുകയും കോവിഡിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഡിസംബര്‍ 21 വരെ രാജ്യത്തുടനീളം കോവിഡ് ഉപ-വേരിയന്റ് ജെഎന്‍.1 ന്റെ 22 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇവരില്‍ 19 പേര്‍ ഗോവയിലാണ്. കേരളത്തിലും മഹാരാഷ്ട്രയിലും ഓരോരുത്തര്‍ക്ക് വീതവും ഉപവകഭേദം കണ്ടെത്തി.

രാജ്യത്തുടനീളം കോവിഡിന്റെ പുതിയ ഉപവകഭേദമായ ജെഎൻ.1ന്റെ 21 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജെഎൻ.1 വകഭേദം മറ്റ് രാജ്യങ്ങളിലും അതിവേഗം വ്യാപിക്കുന്നുണ്ട്. ഇതുവരെ 41 രാജ്യങ്ങളിലാണ് ഈ ഉപവകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഫ്രാൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, സിംഗപ്പൂർ, കാനഡ, യുണൈറ്റഡ് കിംഗ്ഡം, സ്വീഡൻ എന്നിവയാണ് ഏറ്റവും കൂടുതൽ ജെഎൻ.1 കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ. ജെഎൻ.1ന്റെ അതിവേ​ഗ വ്യാപനം കണക്കിലെടുത്ത് ലോകാരോ​ഗ്യ സംഘടന രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ശൈത്യകാലം കൂടുതൽ കഠിനമായ രാജ്യങ്ങളിൽ ജെഎൻ.1 സബ് വേരിയന്റിന്റെ ആവിർഭാവം കൊറോണ കേസുകളുടെ വർദ്ധനവിന് കാരണമാകുമെന്ന് ഡബ്ല്യുഎച്ചഒ പറഞ്ഞു.

എന്താണ് ജെഎൻ.1 സബ് വേരിയന്റ്?

കഴിഞ്ഞ ഓഗസ്റ്റിലാണ് ജെഎൻ.1 സബ് വേരിയന്റ് ആദ്യമായി കണ്ടെത്തിയത്. ഒമിക്രോണിന്റെ ഉപ വകഭേദമായ ബിഎ.2.86ൽ നിന്നാണ് ഇത് രൂപപ്പെട്ടത്. 2022 ന്റെ തുടക്കത്തിൽ, ബിഎ.2.86 ആണ് കോവിഡ് കേസുകളുടെ വർദ്ധനവിന് കാരണമായത്. എന്നാൽ വലിയ വ്യാപനത്തിന് ബിഎ.2.86 കാരണമായില്ലെന്ന് പറയാം. എന്നാൽ ജെഎൻ.1-ന്റെ സ്പൈക്ക് പ്രോട്ടീനിൽ ഒരു അധിക മ്യൂട്ടേഷൻ ഉള്ളതിനാൽ ഇത് വിദഗ്ധരെ ആശങ്കയിലാക്കുന്നു.

ജെഎൻ.1 ശക്തമായ പ്രതിരോധശേഷിയുള്ളവരെപ്പോലും എളുപ്പത്തിൽ ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഏറ്റവും വേഗത്തിൽ വളരുന്ന വേരിയന്റായിട്ടാണ് ജെഎൻ.1നെ യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) വിശേഷിപ്പിച്ചത്.

'ജെഎൻ.1 സബ് വേരിയന്റ് അതിവേഗം പടരുകയാണ്. 2023 ഒക്‌ടോബർ 30നും 2023 നവംബർ 5നും ഇടയിലുള്ള എല്ലാ കൊറോണ വൈറസ് കേസുകളിലും 3.3 ശതമാനം മാത്രമാണ് ജെഎൻ.1 ഉപ-വേരിയന്റിലുള്ളത്. എന്നാൽ ഒരു മാസത്തിന് ശേഷം അതിന്റെ വ്യാപനം ഏകദേശം 86 ശതമാനം വർദ്ധിച്ചു', മഹാരാഷ്ട്രയിലെ ജീനോം സീക്വൻസിംഗ് കോർഡിനേറ്റർ ഡോ. രാജേഷ് കാര്യകാർട്ടെ പറയുന്നു.

ജെഎൻ.1 എത്രത്തോളം അപകടകരമാണ്?

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ജെഎൻ.1 സബ് വേരിയന്റ് എന്തെങ്കിലും കാര്യമായ ഭീഷണി ഉയർത്തുമെന്ന് ഡബ്ല്യുഎച്ചഒയ്ക്ക് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ജെഎൻ.1 അണുബാധ അതിവേഗം പടരുന്നുണ്ടെന്നാണ് കേസുകളുടെ എണ്ണം ഉയരുന്നതിൽ നിന്ന് മനസിലാകുന്നത്. എന്നാൽ നിലവിലെ അതിന്റെ തീവ്രത കൂടുതലാണെന്ന നിഗമനത്തിലേക്ക് എത്താനാകില്ല.

ജെഎൻ.1ന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

ജെഎൻ.1ന്റെ ലക്ഷണങ്ങൾ മറ്റ് വകഭേദങ്ങളിൽ നിന്നും ഉപ വകഭേദങ്ങളിൽ നിന്നും വ്യത്യസ്തമാണോ അതോ പഴയതിന് സമാനമാണോ എന്ന് ഇതുവരെ അറിവായിട്ടില്ലെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നു. ‌ജെഎൻ.1 കൂടുതൽ ഗുരുതരമാണെന്ന് സൂചനയില്ല. ഒരു വ്യക്തി എങ്ങനെ രോഗലക്ഷണങ്ങൾ കാണിക്കുന്നു എന്നത് സാധാരണയായി ആ വ്യക്തിയുടെ പ്രതിരോധശേഷിയെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ആശ്രയിച്ചിരിക്കുന്നു.

സാധാരണ കോവിഡ് ലക്ഷണങ്ങളിൽ പനി, വിറയൽ, ചുമ, ശ്വാസതടസ്സം, ശ്വസിക്കാൻ ബുദ്ധിമുട്ട്, ക്ഷീണം, പേശി വേദന, തലവേദന, രുചിയോ മണമോ നഷ്ടപ്പെടൽ, തൊണ്ടവേദന, തിരക്ക്, മൂക്കൊലിപ്പ്, ഓക്കാനം, ഛർദ്ദി എന്നിവ ഉൾപ്പെടുന്നു. ഓരോ വ്യക്തിയുടെയും പ്രതിരോധശേഷി കണക്കിലെടുത്ത് ഈ ലക്ഷണങ്ങളിൽ ചിലത് പ്രകടമായേക്കാം.

Post a Comment

Previous Post Next Post