(www.kl14onlinenews.com)
(20-NOV-2023)
ഇംഫാൽ വിമാനത്താവളത്തിന് സമീപം 'യുഎഫ്‌ഒ' (UFO)
മണിപ്പൂരിലെ ഇംഫാൽ വിമാനത്താവളത്തിന് സമീപം അൺഐഡിന്റിഫൈഡ് ഫ്ളയിങ് ഒബ്‌ജക്റ്റ് (യുഎഫ്‌ഒ) സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ വ്യോമസേന യുദ്ധവിമാനങ്ങൾ അയച്ചു. കൂടുതൽ പരിശോധനയ്ക്കായാണ് റാഫേൽ യുദ്ധവിമാനങ്ങൾ അയച്ചത്. എന്നാൽ ഹസിമാര എയർ ബേസിൽ നിന്ന് വിക്ഷേപിച്ച വിമാനങ്ങൾക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു.
ആദ്യത്തെ വിമാനം ബേസിലേക്ക് മടങ്ങിയെങ്കിലും, കൂടുതൽ പരിശോധനയ്ക്കായി പ്രദേശത്ത് വിന്യസിച്ച രണ്ടാമത്തെ വിമാനത്തിനും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ അസ്വാഭാവിക സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് വ്യോമ പ്രതിരോധ പ്രതികരണ സംവിധാനം സജീവമാക്കിയതായി ഇന്ത്യൻ വ്യോമസേനയുടെ ഈസ്റ്റേൺ കമാൻഡ് അറിയിച്ചു.
"ഇംഫാൽ വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യങ്ങളെ അടിസ്ഥാനമാക്കി, ഐഎഎഫ് എയർ ഡിഫൻസ് റെസ്‌പോൺസ് സംവിധാനം സജീവമാക്കിയിരുന്നു. അതിനുശേഷം ഒന്നും ദൃശ്യമായില്ലെന്നും ഐഎഎഫ് ട്വീറ്റ് ചെയ്തു.
"വൈകിട്ട് നാലു മണി വരെ എയർഫീൽഡിന്റെ പടിഞ്ഞാറോട്ട് നീങ്ങുന്നത് നഗ്നമായ കണ്ണുകൾകൊണ്ട് കാണാമായിരുന്നു."- ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മണിപ്പൂരിലെ ഇംഫാലിലെ ബിർ തികേന്ദ്രജിത് അന്താരാഷ്ട്ര വിമാനത്താവളത്തിന് മുകളിലായാണ് അജ്ഞാതമായ പറക്കുന്ന വസ്തു കണ്ടത്. തുടർന്ന് മണിക്കൂറുകളോളം വിമാന സേവനങ്ങൾ നിർത്തിവച്ചു. ചില വിമാനങ്ങൾ വഴി തിരിച്ചു വിടുകയും ചെയ്തു. വഴിതിരിച്ചുവിട്ട വിമാനങ്ങളിൽ കൊൽക്കത്തയിൽ നിന്നുള്ള ഇൻഡിഗോ വിമാനവും ഉൾപ്പെടുന്നുണ്ട്. ഗുവാഹത്തിയിലേക്കാണ് തിരിച്ചുവിട്ടത്.
ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം അനുമതി ലഭിച്ചതിനെ തുടർന്നാണ് വൈകിയ വിമാനങ്ങൾ ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്. ഷില്ലോങ്ങിലെ ഇന്ത്യൻ എയർഫോഴ്‌സ് ഈസ്റ്റേൺ കമാൻഡിനെ സംഭവം അറിയിച്ചിട്ടുണ്ട്.
Post a Comment