ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം; ഐക്യരാഷ്ട്ര സഭയുടെ 88 ജീവനക്കാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

(www.kl14onlinenews.com)
(06-NOV-2023)

ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം; ഐക്യരാഷ്ട്ര സഭയുടെ 88 ജീവനക്കാര്‍ കൊല്ലപ്പെട്ടതായി യുഎന്‍
ഇസ്രയേല്‍ ഹമാസ് സംഘര്‍ഷത്തില്‍ ഇതുവരെ ഐക്യരാഷ്ട്ര സഭയുടെ 88 ജീവനക്കാര്‍ കൊല്ലപ്പെട്ടതായി യുഎന്‍. രേഖപ്പെടുത്തിയിട്ടുള്ളതില്‍വച്ച് ഒരൊറ്റ സംഘര്‍ഷത്തില്‍ ഇത്രയും കൂടുതല്‍ യുഎന്‍ സ്റ്റാഫ് അംഗങ്ങള്‍ കൊല്ലപ്പെടുന്നത് ഇതാദ്യമാണെന്ന് യുഎന്‍ അറിയിച്ചു. നിരവധി യുഎന്‍ ഇതര മാനുഷിക സംഘടനകളുമായി ചേര്‍ന്ന് പുറത്തിറക്കിയ അപൂര്‍വ സംയുക്ത പ്രസ്താവനയിലാണ് യുഎന്‍ ജീവനക്കാരും കൊല്ലപ്പെട്ടതായി അറിയിച്ചത്.

ഒക്ടോബര്‍ 7 മുതല്‍ 175 ആരോഗ്യ പ്രവര്‍ത്തകരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. 34 സിവില്‍ ഡിഫന്‍സ് ജീവനക്കാരും കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രി മൈ അല്‍ കൈല പറഞ്ഞു. ഇതേ കാലയളവില്‍ 36 ആശുപത്രികളില്‍ 16 എണ്ണവും 72 ക്ലിനിക്കുകളില്‍ 51 എണ്ണവും ഇസ്രയേല്‍ ബോംബാക്രമണം മൂലമോ, സൗകര്യങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള ഇന്ധനത്തിന്റെയും മരുന്നുകളുടെയും അഭാവം മൂലമോ പ്രവര്‍ത്തനം നിര്‍ത്തിയതായും ആരോഗ്യമന്ത്രി പറഞ്ഞു.

അല്‍-അഹ്ലി അറബ് ഹോസ്പിറ്റല്‍ പോലുള്ള ആശുപത്രികളിലും ആംബുലന്‍സുകളിലും ഇസ്രയേല്‍ വ്യോമാക്രമണം നടത്തുകയും രോഗികളും ആരോഗ്യ പ്രവര്‍ത്തകരും കൊല്ലപ്പെടുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഗാസയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയും ആക്രമണങ്ങള്‍ വ്യാപകമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാത്രമായി ഗാസ മുനമ്പിലെ ഏഴ് ജല സംഭരണികള്‍ക്ക് ഇസ്രയേല്‍ ആക്രമണത്തില്‍ നാശ നഷ്ടമുണ്ടായി.

Post a Comment

Previous Post Next Post