(www.kl14onlinenews.com)
(06-NOV-2023)
തൃശ്ശൂർ: വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ കൊടി സുനിയുൾപ്പെടെയുള്ളവർക്കെതിരെ കേസ്. വിയ്യൂർ പോലീസാണ് സംഭവത്തിൽ കേസ് എടുത്തിട്ടുള്ളത്. ഇന്നലെയായിരുന്നു കൊടിസുനിയുടെ നേതൃത്വത്തിലുള്ള സംഘം ജയിലിനുള്ളിൽ ആക്രമണം അഴിച്ചുവിട്ടത്.സംഭവത്തിൽ വിയ്യൂർ ജയിൽ സൂപ്രണ്ട് വിയ്യൂർ പോലീസിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. പൊതുമുതൽ നശിപ്പിക്കൽ, വധ ശ്രമം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്. കൊടിസുനിയുൾപ്പെടെ 10 പേർക്കെതിരെയാണ് നടപടി. കൊലക്കേസിൽ അറസ്റ്റിൽ ആയി ജയിലിൽ കഴിയുന്ന പ്രതി കാട്ടുണ്ണി രഞ്ജിത്ത് ആണ് ആദ്യം പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഭക്ഷണത്തിന്റെ പേര് പറഞ്ഞ് ബഹളം വയ്ക്കുകയും മറ്റൊരു പ്രതിയുമായി തർക്കത്തിലേർപ്പെടുകയും ആയിരുന്നു.
ഇതേ തുടർന്ന് ഇരുവരെയും ജീവനക്കാർ ഓഫീസിലേക്ക് കൊണ്ടുപോയി. ഇവിടെവച്ച് ചായകൊണ്ട് വന്ന ചില്ല് ഗ്ലാസ് കൊണ്ട് കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് തന്നെ കൊടി സുനിയുടെ നേതൃത്വത്തിലുളള സംഘം ഗാർഡ് ഓഫീസറുടെ മുറിയും തകർത്തു. മുറിയിലുണ്ടായിരുന്ന ഫർണീച്ചറുകളും തകർത്തുവെന്നുമാണ് ജയിൽ അധികൃതർ പറയുന്നത്.
കൊടി സുനിയുടെയും സംഘത്തിന്റെയും ആക്രമണത്തിൽ മൂന്ന് ജയിൽ ജീവനക്കാർക്ക് ആണ് പരിക്കേറ്റത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റ അർജുന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്. അദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്
Post a Comment