ലോകകപ്പ്: പാക്കിസ്ഥാന്‍റെ ബിഗ് ഗെയിം പ്ലെയര്‍; ഫഖര്‍ സമാന്‍റെ തിരിച്ചുവരവ് ​

(www.kl14onlinenews.com)
(06-NOV-2023)

ലോകകപ്പ്: പാക്കിസ്ഥാന്‍റെ ബിഗ് ഗെയിം പ്ലെയര്‍; ഫഖര്‍ സമാന്‍റെ തിരിച്ചുവരവ് ​
ബാംഗ്ലൂർ :
സെമിഫൈനലിന് എന്തെങ്കിലും സാധ്യത അവശേഷിക്കുന്നുണ്ടെങ്കില്‍ പാക്കിസ്ഥാന്‍ കടപ്പെട്ടിരിക്കുന്നത് ഓപ്പണര്‍ ഫഖര്‍ സമാനോടാണ്. ലോകകപ്പ് പ്ലെയിങ് ഇലവനില്‍ നിന്നുപോലും പുറത്താക്കപ്പെട്ട സമാന്‍ സിനിമാക്കഥപോലെ ത്രില്ല് സമ്മാനിച്ചാണ് തിരികെയെത്തിയത്

എന്തിന് ഇയാളെ ടീമിലെടുത്തെന്ന് ചോദിച്ചവരെക്കൊണ്ട് തന്നെ ഇയാളില്ലായിരുന്നെങ്കില്‍ പാക്കിസ്ഥാന്‍ ലോകകപ്പിലേ ഇല്ലായെന്ന് തിരുത്തിപ്പറയിച്ചിരിക്കുന്നു പാക്കിസ്ഥാന്‍ ഓപ്പണര്‍ ഫഖര്‍ സമാന്‍. ബംഗ്ലദേശിനെതിരായ മല്‍സരത്തിന് മുമ്പുള്ള 10 മല്‍സരങ്ങളുടെ കണക്കെടുത്താന്‍ ഒരിക്കല്‍ പോലും 35 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യാന്‍ ഓപ്പണര്‍ സമാനായിട്ടില്ല. തുടര്‍സെഞ്ചുറികള്‍ നേടിയാണ് സമാന്‍ ഈ വര്‍ഷം തുടങ്ങിയത് എന്നാല്‍ ലോകകപ്പ് അടുത്തതോടെ റണ്‍സ് വരള്‍ച്ച... മോശം ഫോമില്‍ നില്‍ക്കെ ലോകകപ്പിനെത്തിയ സമാന് നെതര്‍ലന്‍ഡ്സിനെതിരായ ആദ്യ മല്‍സരത്തില്‍ നേടാനായത് 12 റണ്‍സ് മാത്രം.

രണ്ടാം മല്‍സരത്തില്‍ പ്ലെയിങ് ഇലവനില്‍ നിന്ന് പുറത്ത്. പകരക്കാരനായെത്തിയ അബ്ദുള്ള ഷഫീഖ് തകര്‍ത്തടിച്ച് സ്ഥാനമുറപ്പിച്ചു. പിന്നെ ഫഖര്‍ സമാനെ തേടി അവസരമെത്തിയത് ലോകകപ്പിലെ ആറാം മല്‍സരത്തില്‍. പാക്കിസ്ഥാന്റെ ലോകകപ്പിലെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ട ഘട്ടത്തില്‍ സമാന്‍ ഫോമിലേയ്ക്കുയര്‍ന്നു. ബിഗ് ഗെയിം പ്ലെയര്‍ എന്ന വിളിപ്പേര് വെറുതെകിട്ടിയതല്ലെന്നും സമാന്‍ തെളിയിച്ചു. ബംഗ്ലദേശിനെതിരെ 81 റണ്‍സ്, ന്യൂസീലന്‍ഡിനെതിരെ 126 റണ്‍സ്. മഴനിയമപ്രകാരം കിവീസിനെ മറികടക്കാന്‍ പാക്കിസ്ഥാന് കഴിഞ്ഞത് 81 പന്തില്‍ 126 റണ്‍സ് നേടിയ സമാന്റെ മികവ് ഒന്നുകൊണ്ട് മാത്രം. പുറത്താകലിന്റെ വക്കില്‍ നിന്ന് ടീമിനെ സെമിഫൈനലിന് അരികെയത്തിച്ചിരിക്കുന്നു ഈ മര്‍ദാന്‍കാരന്‍.

Post a Comment

Previous Post Next Post