ഡല്‍ഹി-ദര്‍ഭംഗ എക്‌സ്പ്രസില്‍ വന്‍ തീപിടിത്തം; മൂന്ന് കോച്ചുകള്‍ കത്തിനശിച്ചു

(www.kl14onlinenews.com)
(15-NOV-2023)

ഡല്‍ഹി-ദര്‍ഭംഗ എക്‌സ്പ്രസില്‍ വന്‍ തീപിടിത്തം; മൂന്ന് കോച്ചുകള്‍ കത്തിനശിച്ചു
ന്യൂഡല്‍ഹി-ദര്‍ഭംഗ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ വൻ തീപിടിത്തം. ട്രെയിനിന്റെ മൂന്ന് കോച്ചുകളിലാണ് തീ പടര്‍ന്നത്. യുപിയിലെ ഇറ്റാവയ്ക്ക് സമീപം വെച്ചാണ് അപകടം. യാത്രക്കാരില്‍ ചിലര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തീപിടിച്ച ഉടന്‍ നിരവധി യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ചാടി.

ഉത്തര്‍പ്രദേശിലെ സരായ് ഭൂപത് സ്റ്റേഷനിലൂടെ ട്രെയിന്‍ കടന്നുപോകുമ്പോള്‍ സ്ലീപ്പര്‍ കോച്ചില്‍ പുക ഉയരുന്നത് സ്റ്റേഷന്‍ മാസ്റ്ററുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ പുക ഉയരുന്ന വിവരം ട്രെയിന്‍ ഡ്രൈവറെയും ഗാര്‍ഡിനെയും അറിയിച്ച് ട്രെയിന്‍ നിര്‍ത്തി. പിന്നാലെ സ്ലീപ്പര്‍ കോച്ചില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കി. ഇതിനിടെയാണ് പലരും പരിഭ്രാന്തരായി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. ട്രെയിനിന്റെ ശേഷിയേക്കാള്‍ കൂടുതല്‍ യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ഇതിനുപുറമെ കത്തിനശിച്ച മൂന്ന് കോച്ചുകളും ട്രെയിനില്‍ നിന്ന് വേര്‍പെടുത്തിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Post a Comment

Previous Post Next Post