ലോകകപ്പിലെ മോശം പ്രകടനം; ബാബറിന്റെ പകരക്കാരെ പ്രഖ്യാപിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ്

(www.kl14onlinenews.com)
(15-NOV-2023)

ലോകകപ്പിലെ മോശം പ്രകടനം; ബാബറിന്റെ പകരക്കാരെ പ്രഖ്യാപിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ്
ഇസ്ലാമാബാദ്: പാകിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പിസിബി. പേസര്‍ ഷഹീന്‍ ഷാ അഫ്രീദി ടി20 ക്യാപ്റ്റനായും ബാറ്റര്‍ ഷാന്‍ മസൂദ് ടെസ്റ്റ് ക്യാപ്റ്റനായും ചുമതലയേല്‍ക്കുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതേസമയം ഏകദിന ക്രിക്കറ്റ് ക്യാപ്റ്റനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഏകദിന ലോകകപ്പില്‍ ഒന്‍പത് മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് പാക് പടയ്ക്ക് വിജയം കാണാന്‍ സാധിച്ചത്. എട്ട് പോയിന്റുമായി ആറാമന്മാരായാണ് പാകിസ്താന് സെമി കാണാതെ മടങ്ങേണ്ടി വന്നത്.ലോകകപ്പിലെ അവസാന മത്സരവും പരാജയപ്പെട്ടതോടെ ബാബര്‍ അസം പാകിസ്താന്റെ ക്യാപ്റ്റന്‍ പദവിയൊഴിയുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടൂര്‍ണമെന്റിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ബാബര്‍ ക്യാപ്റ്റനായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പിസിബിയെ അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.അവസാന നാല് വര്‍ഷമായി പാകിസ്താനെ നയിക്കുന്ന ബാബര്‍ ഈ ലോകകപ്പില്‍ ക്യാപ്റ്റനെന്ന നിലയില്‍ തീര്‍ത്തും പരാജയപ്പെട്ടു. ബാറ്ററെന്ന നിലയിലും ബാബറിന് ലോകകപ്പില്‍ തിളങ്ങാനായില്ല. മോശം പ്രകടനത്തെ തുടര്‍ന്ന് ഐസിസി റാങ്കിങ്ങില്‍ മൂന്ന് വര്‍ഷമായി സ്വന്തമായിരുന്ന ഒന്നാം സ്ഥാനം പോലും ബാബറിന് നഷ്ടമായിരുന്നു.

ലോകകപ്പിലെ പാക് ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ബാബര്‍ ക്യാപ്റ്റന്‍ പദവി രാജിവെച്ചത്. ഇന്ത്യയില്‍ വെച്ച് നടന്നുകൊണ്ടിരിക്കുന്ന ഏകദിന ലോകകപ്പില്‍ പാകിസ്താന്‍ സെമി കാണാതെ പുറത്തായിരുന്നു. ഇതോടെ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലെയും നായക പദവി ഒഴിഞ്ഞതായി താരം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.അല്‍പ്പസമയം മുന്‍പാണ് ബാബര്‍ അസം മൂന്ന് ക്രിക്കറ്റ് ഫോര്‍മാറ്റിന്റേയും നായകസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്. അതുകഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് പുതിയ ക്യാപ്റ്റന്മാരെ പാകിസ്താന്‍ പ്രഖ്യാപിച്ചത്. ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കം.

Post a Comment

Previous Post Next Post