വാങ്കഡെയിൽ മധുരപ്രതികാരം;ഷമിക്ക് 7 വിക്കറ്റ്, ന്യൂസീലൻഡിനെ 70 റൺസിന് തകർത്ത് ഇന്ത്യ ലോകകപ്പ് ഫൈനലിൽ

(www.kl14onlinenews.com)
(15-NOV-2023)

വാങ്കഡെയിൽ മധുരപ്രതികാരം;ഷമിക്ക് 7 വിക്കറ്റ്, ന്യൂസീലൻഡിനെ 70 റൺസിന് തകർത്ത് ഇന്ത്യ ലോകകപ്പ് ഫൈനലിൽ
മുംബൈ :
ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഫൈനലില്‍ കടന്ന് ഇന്ത്യയുടെ മധുരപ്രതികാരം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ പതിനായിരങ്ങളെ സാക്ഷിയാക്കി 70 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യയുടെ 397 റണ്‍സ് ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് ഒരു ഘട്ടത്തില്‍ പോരാട്ടവീര്യം കാണിച്ചെങ്കിലും മുഹമ്മദ് ഷമിയുടെ ബോളിങ് മായാജാലത്തില്‍ കുടുങ്ങുകയായിരുന്നു. ഏഴ് വിക്കറ്റെടുത്ത ഷമിയാണ് കളിയിലെ താരം. ഞായറാഴ്ച അഹമ്മദാബാദിലാണ് കലാശപ്പോരാട്ടം. 

വാങ്കഡെ സ്‌റ്റേഡിയത്തിലെത്തിയ കാണികളെ ആദ്യാവസാനം ആവേശക്കൊടുമുടി കയറ്റിയ മത്സരത്തില്‍ മൂന്ന് സെഞ്ച്വറികളും ഒരുപിടി റെക്കോഡുകളും പിറന്നു. വിരാട് കോലി, ശ്രേയസ് അയ്യര്‍, ഡാരന്‍ മിച്ചല്‍ എന്നിവരാണ് ശതകം തികച്ചത്. ഏകദിനത്തിലെ സെഞ്ച്വറി നേട്ടത്തില്‍ വിരാട് കോലി സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്നു. 50 സെഞ്ച്വറികള്‍ സ്വന്തം പേരില്‍ കുറിച്ചാണ് കോലി ചരിത്രനേട്ടത്തിലെത്തിയത്. കൂടാതെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന സച്ചിന്റെ റെക്കോഡും പഴങ്കഥയായി. ഒരു ലോകകപ്പില്‍ 700 റണ്‍സിലേറെ നേടുന്ന ആദ്യതാരമായും കോലി മാറി. 

നേരത്തെ ന്യൂസിലന്‍ഡിനെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തിരുന്നു. നാല് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ് ഇന്ത്യ നേടിയത്. കോലി(117)ക്ക് പുറമെ ശ്രേയസ് അയ്യറും (105) സെഞ്ച്വറി തികച്ചു. ശുഭ്മാന്‍ ഗില്‍ 80 റണ്‍സ് നേടി. ഇടയ്ക്ക് പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായ താരം അവസാന ഓവറില്‍ ക്രീസിലേക്ക് മടങ്ങിയെത്തിയിരുന്നു. പതിവ് പോലെ രോഹിത് ശര്‍മ മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. 29 പന്തില്‍ 47 റണ്‍സെടുത്താണ് താരം മടങ്ങിയത്. കെഎല്‍ രാഹുല്‍ 39 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കിവീസിന് വേണ്ടി ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിന് 48.5 ഓവറില്‍ 327 എല്ലാവരും പുറത്തായി. 9.5 ഓവറില്‍ 57ന് ഏഴ് വിക്കറ്റാണ് ഷമി നേടിയത്. ഇതോടെ ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമെന്ന നേട്ടം ഷമി സ്വന്തമാക്കി. 23 വിക്കറ്റുകളാണ് സെമി വരെ താരം നേടിയത്.

50ാം സെഞ്ചറി തികച്ച് വിരാട് കോലി!

കാത്തിരിപ്പിനൊടുവില്‍ ഏകദിന ക്രിക്കറ്റിലെ 50ാം സെഞ്ചറി തികച്ച് വിരാട് കോലി. ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ സാക്ഷിയാക്കിയാണ് താരത്തിന്റെ ചരിത്ര നേട്ടം. ഗാലറിയിലെ ക്രിക്കറ്റ് ഇതിഹാസത്തെ തല താഴ്ത്തി നമിക്കാനും കോലി മറന്നില്ല. ന്യൂസീലന്‍ഡിനെതിരായ സെമി ഫൈനലില്‍ 106 പന്തുകളില്‍നിന്നാണ് താരം ശതകം തികച്ചത്.

ഇതോടൊപ്പം സച്ചിന്റെ സ്വന്തം വാങ്കഡെ സ്റ്റേഡിയത്തില്‍ വെച്ച് മറ്റൊരു റെക്കോഡും താരം മറികടന്നു. ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന സച്ചിന്റെ റെക്കോഡാണ് കോലി പഴങ്കഥയാക്കിയത്. ലോകകപ്പ് ചരിത്രത്തില്‍ ഒരു എഡിഷനില്‍ തന്നെ 700ന് മുകളില്‍ റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടവും വിരാട് കോലി സ്വന്തമാക്കി. 2013 നവംബര്‍ 15നാണ് സച്ചിന്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ അവസാനമായി ബാറ്റ് ചെയ്തത്. കൃത്യം പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം അതേ മണ്ണില്‍ അതേ ദിനം കോലി സച്ചിന്റെ റെക്കോഡുകള്‍ മറികടന്നെന്നത് അപ്രതീക്ഷിതമായി.  

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 49-ാം സെഞ്ചറി നേടിയ കോലി ചരിത്ര നേട്ടത്തിന് സാക്ഷിയാകാന്‍ ആരാധകരെ അധികം കാത്തിരിപ്പിച്ചില്ല. വെറും ഒരു മത്സരത്തിന്റെ മാത്രം ഇടവേളയില്‍ താരം അമ്പതാം ശതകം സ്വന്തമാക്കുകയായിരുന്നു. ഒടുവില്‍ നടന്ന നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ കോലിക്ക് അര്‍ധ സെഞ്ചറി മാത്രമാണ് നേടാനായത്. 

ആദ്യസെമി നടക്കുന്ന വാങ്കഡെ സ്റ്റേഡിയത്തില്‍ കോലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ ഭാര്യ അനുഷ്‌ക ശര്‍മയും എത്തിയിരുന്നു. താരത്തിന്റെ ചരിത്ര നേട്ടം നിറകണ്ണുകളോടെ കണ്ട അനുഷ്‌ക സ്‌നേഹ ചുംബനം നല്‍കുന്നത് ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തു. കോലിയും ഗ്രൗണ്ടില്‍ നിന്ന് സ്‌നേഹചുംബനം നല്‍കി. ഡ്രസ്സിങ് റൂമിലെ താരങ്ങള്‍ക്കും പരിശീലകര്‍ക്കുമൊപ്പം പതിനായിരക്കണക്കിന് വരുന്ന കാണികളെല്ലാം എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.

പിച്ച് മാറ്റിയെന്ന് ആരോപണം

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലെ പിച്ച് മാറ്റിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) അനുമതി വാങ്ങാതെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പിച്ച് മാറ്റിയെന്നാണ് വാദം. ഇത് ഇന്ത്യന്‍ നിരയ്ക്ക് അനുകൂലമാണെന്നും ബ്രിട്ടീഷ് വെബ്സൈറ്റായ ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇതിനകം രണ്ടുതവണ ഉപയോഗിച്ച പിച്ചിലാണ് ഇപ്പോള്‍ സെമി ഫൈനല്‍ നടക്കാന്‍ പോകുന്നതെന്നും ഇത് സ്പിന്നര്‍മാരെ സഹായിക്കുമെന്നും ഡെയ്ലി മെയില്‍ ആരോപിക്കുന്നു. ഈ ലോകകപ്പില്‍ ഇതുവരെ ഒരു മത്സരവും നടന്നിട്ടില്ലാത്ത വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് പിച്ച് നമ്പര്‍ 7 ആയിരുന്നു ഉപയോഗിക്കേണ്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ സെമി ഫൈനല്‍ പിച്ച് നമ്പര്‍ 6ലേക്ക് മാറ്റിയതായി ഐസിസി അധികൃതര്‍ക്ക് അയച്ച വാട്ട്സ്ആപ്പ് സന്ദേശത്തില്‍ ബിസിസിഐ അറിയിച്ചു.  ഈ പിച്ചില്‍ ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക, ഇന്ത്യ-ശ്രീലങ്ക മത്സരങ്ങള്‍ ഇതിനകം കളിച്ചിട്ടുണ്ട്.

ഐസിസി ഇവന്റുകളിലെ പിച്ച് തയ്യാറെടുപ്പുകള്‍ സാധാരണയായി ഐസിസി കണ്‍സള്‍ട്ടന്റായ ആന്‍ഡി അറ്റ്കിന്‍സണാണ് മേല്‍നോട്ടം വഹിക്കുന്നത്. ആതിഥേയരായ ക്രിക്കറ്റ് ബോര്‍ഡുകള്‍ ചേര്‍ന്ന് ഓരോ ഗെയിമിനും സ്‌ക്വയറില്‍ ഏതൊക്കെ സ്ട്രിപ്പുകള്‍ ഉപയോഗിക്കണമെന്ന് അവര്‍ നിര്‍ണ്ണയിക്കും. പിച്ച് നമ്പര്‍ 7-ലെ പ്രശ്നങ്ങളൊന്നും അറ്റ്കിന്‍സണിന് അറിയില്ലായിരുന്നു. അതിനാല്‍ പെട്ടെന്നുണ്ടായ മാറ്റത്തില്‍ ആന്‍ഡി അറ്റ്കിന്‍സണ്‍ അതൃപ്തി പ്രകടിപ്പിച്ചെന്നാണ് വിവരം. അതേസമയം ഐസിസിയുടെ സ്വതന്ത്ര പിച്ച് കണ്‍സള്‍ട്ടന്റ്, ആതിഥേയരുമായും വേദികളുമായും അവരുടെ നിര്‍ദ്ദിഷ്ട പിച്ച് അലോക്കേഷനില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ബിസിസിഐ വക്താവ് പറഞ്ഞു.

ഐസിസി നിയമം പറയുന്നത്?

നോക്കൗട്ട് മത്സരങ്ങള്‍ പുതിയ പിച്ചുകളില്‍ നടത്തേണ്ടതില്ലെന്നാണ് ഐസിസി നിയമങ്ങള്‍ പറയുന്നത്. എന്നാല്‍ നോക്കൗട്ട് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ഗ്രൗണ്ടുകള്‍ ആ മത്സരത്തിന് ഏറ്റവും മികച്ച പിച്ചും ഔട്ട്ഫീല്‍ഡും നല്‍കുമെന്നാണ് ഐസിസി പ്രതീക്ഷിക്കുന്നത്.

Post a Comment

Previous Post Next Post