ഗതാഗത തടസം; ‘തൊപ്പി’ ഉദ്ഘാടകനായി എത്തിയ കട ഉടമകള്‍ക്കെതിരെ കേസ്

(www.kl14onlinenews.com)
(13-NOV-2023)

ഗതാഗത തടസം; ‘തൊപ്പി’ ഉദ്ഘാടകനായി എത്തിയ കട ഉടമകള്‍ക്കെതിരെ കേസ്
മലപ്പുറം :
മാസങ്ങൾക്കു മുമ്പ് കേരളത്തിൽ വിവാദ നായകനായി മാറിയ തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന യുട്യൂബ‌ർ മുഹമ്മദ് നിഹാദ് തനിക്ക് വിവാദങ്ങളിൽ നിന്നും ഒഴിവാക്കാൻ താല്പര്യമില്ല എന്ന് അറിയിച്ചിരിക്കുകയാണ്. കട ഉദ്ഘാടനത്തിന് (Shop Inaguration) എത്തിയ തൊപ്പിയെ കാണാൻ ജനങ്ങൾ തടിച്ചുകൂടിയതിനെ തുടർന്ന് വൻ വാഹനഗതാഗതം ഉണ്ടാവുകയായിരുന്നു. ഇതിനെ തുടർന്ന് തൊപ്പിയെ ഉദ്ഘാടനത്തിന് വിളിച്ച കട ഉടമകൾക്കെതിരെ കേസ് എടുത്തിരിക്കുകയാണ് പൊലീസ്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മലപ്പുറം ഒതുക്കുങ്ങലിലെ തുണിക്കട ഉദ്ഘാടനം ചെയ്യാൻ തൊപ്പിയെത്തിയത്. കടയുടമകളുടെ ക്ഷണപ്രകാരം എത്തിയ തൊപ്പിയെ കാണാൻ ആയിരങ്ങളാണ് തടിച്ചു കൂടിയത്. തൊപ്പി എത്തിയിട്ടുണ്ടെന്ന് അറിഞ്ഞ് വീണ്ടും വീണ്ടും ജനക്കൂട്ടം എത്തിക്കൊണ്ടിരുന്നു. ഇതോടെ ഗതാഗതക്കുരുക്കുണ്ടായി. ഗതാഗതക്കുരുക്ക് വർദ്ധിച്ചതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. തുടർന്ന് കോട്ടയ്ക്കൽ പൊലീസ് എത്തി തൊപ്പിയെ മടക്കി അയയ്ക്കുകയായിരുന്നു.

ഇതിന് പിന്നാലെ കടമ ഉടമകൾക്കെതിരെ പൊലീസ് കേസെടുത്തു. അനിയന്ത്രിതമായി ജനക്കൂട്ടം കൂടാൻ കാരണമായതും ഗതാഗതക്കുരുക്ക് ഉണ്ടാക്കിയതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ജൂണിലും ഉദ്‌ഘാടന പരിപാടിയുമായി ബന്ധപ്പെട്ട് യൂട്യൂബർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മലപ്പുറത്തെ വളാഞ്ചേരിയിലെ കട ഉദ്ഘാടന പരിപാടിയുടെ ഇടയ്ക്ക് ഗതാഗതം തടസപ്പെടുത്തി, അശ്ലീല പദപ്രയോഗം നടത്തി എന്നീ കുറ്റങ്ങളാണ് അന്ന് ചുമത്തിയത്. അന്നും തൊപ്പി ഉദ്ഘാടനം ചെയ്ത കടയുടെ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

കട ഉദ്ഘാടനം ചെയ്യാൻ എത്തിയ തൊപ്പിയുടെ പാട്ട് അന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴി വച്ചത്. വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറു കണക്കിന് കൗമാരക്കാരാണ് അന്ന് ഉദ്ഘാടനം ചടങ്ങിൽ സംബന്ധിക്കാൻ എത്തിയത്. കഴിഞ്ഞ ജൂൺ 17 നായിരുന്നു വിവാദമായ ആ പരിപാടി നടന്നത്.

ഇതിനിടെ തുപ്പിക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശിയും രംഗത്തെത്തിയിരുന്നു. തൻ്റെ മൊബെെൽ നമ്പർ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. തെറി വിളിച്ചുകൊണ്ടും മറ്റും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വരുന്ന ഫോണ്‍വിളികള്‍ കൊണ്ട് മാനസികപ്രയാസം നേരിടുന്നുവെന്ന് കാട്ടിയാണ് ശ്രീകണ്ഠാപുരം സ്വദേശി സജി കണ്ണൂര്‍ എസ്︋പിയ്ക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. തൊപ്പി കാരണം ഇപ്പോൾ ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും സജി പരാതിയിൽ വ്യക്തമാക്കുന്നു.

പുരയിടങ്ങളിൽ കമ്പിവേലി നിര്‍മിച്ചുകൊടുക്കുന്നയാളാണ് സജി. ഇതിനിടെ നിഹാദിൻ്റെ സ്വദേശമായ മാങ്ങാട് സജി കമ്പിവേലി നിർമ്മിച്ചു നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നാണ് സജി പരാതിയിൽ പറയുന്നത്. സാധാരണയായി തങ്ങൾ നിർമ്മിക്കുന്ന കമ്പിവേലികളിൽ മൊബെെൽ നമ്പർ എഴുതിയ സ്റ്റിക്കർ പതിക്കുന്നത് കമ്പിവേലി നിർമ്മിക്കുന്നവരുടെ പതിവാണ്. സജിയും അങ്ങനെ ചെയ്തിരുന്നു. തൊപ്പി ഈ പരസ്യം വീഡിയോയില്‍ പകര്‍ത്തുകയും ഈ നമ്പറിലേക്ക് വിളിക്കുന്നതായി ചിത്രീകരിക്കുകയും ചെയ്യുകയായിരുന്നു

സജി എന് പേരിൽ മറ്റാരോടോ മൊബൈലില്‍ വിളിച്ച് സംസാരിക്കുന്നതാണ് ചിത്രീകരിച്ചത്. തികച്ചും അശ്ലീലം നിറഞ്ഞ സംസാരമാണ് യൂട്യൂബിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും തൊപ്പി പ്രചരിപ്പിച്ചത്. വീഡിയോ പുറത്തിറങ്ങിയതിനു പിന്നാലെ ഇത് സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പ്രചരിക്കുകയും ചെയ്തുവെന്ന് സജി ചൂണ്ടിക്കാട്ടുന്നു. ഇതിനുപിന്നാലെ തനിക്ക് നിരവധി കോളുകൾ വന്നുവെന്നും സമാധാനമില്ലാത്ത അവസ്ഥയായെന്നും സജി പറയുന്നു.

സ്ത്രീകളടക്കമുള്ളവര്‍ തന്നെ നിരന്തരം വിളിക്കുന്നുണ്ട്. അര്‍ധരാത്രിയിലും ഫോൺ കോളുകൾ വരുന്നുണ്ട്. ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഈ നമ്പരിലേക്ക് ഇനി വിളിക്കരുതെന്നും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പറഞ്ഞാലും വിളി തുടരകയാണെന്നും സജി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഒരു ദിവസം നാല്‍പത് ഫോണ്‍കോള്‍ വരെ വന്നിട്ടുണ്ടെന്നും സജി പറയുന്നുണ്ട്. ജോലിയുടെ ഭാഗമായി പലരും വിളിക്കാറുള്ളതിനാല്‍ കോളുകൾ എടുക്കാതിരിക്കാനാകില്ലെന്നും സജി വ്യക്തമാക്കുന്നു. 

തൊപ്പി കാരണമാണ് ഇതൊക്കെ സംഭവിച്ചതെന്ന് കാട്ടി സജി ശ്രീകണ്ഠാപുരം സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നടപടികളൊന്നും ഉണ്ടായില്ലെന്നും ആരോപണമുണ്ട്. തുടർന്നാണ് സജി കണ്ണൂർ എസ്︋പിയ്ക്ക് പരാതി നല്‍കിയത്. സാധാരണക്കാരുടെ ജീവിതം തകർക്കുകയും സമാധാനം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന തൊപ്പിയെ പോലുള്ളവര്‍ക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നാണ് സജി പരാതിയിലൂടെ ആവശ്യപ്പെട്ടത്.

Post a Comment

Previous Post Next Post