ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് സിപിഎമ്മിന്റെ ക്ഷണം; മുസ്ലിം ലീഗിന്റെ തീരുമാനം നാളെ 2023

(www.kl14onlinenews.com)
(03-NOV-2023)

ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് സിപിഎമ്മിന്റെ ക്ഷണം; മുസ്ലിം ലീഗിന്റെ തീരുമാനം നാളെ
കോഴിക്കോട്: സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കാനുള്ള ക്ഷണത്തിൽ മുസ്ലിം ലീഗ് നേതൃത്വം നാളെ തീരുമാനമെടുക്കും. ഏക സിവിൽ കോഡ് കാലത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴെന്ന് പിഎംഎ സലാം പ്രതികരിച്ചു. സംസ്ഥാന രാഷ്ട്രീയ വിഷയമല്ല മറിച്ച് അന്താരാഷ്ട്ര തലത്തിലുള്ള മനുഷ്യാവകാശ പ്രശ്നമാണ് പലസ്തീൻ വിഷയമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമെന്ന് എം കെ മുനീർ പ്രതികരിച്ചു. വിഷയത്തിൽ ലീഗിന്റെ നിലപാടിനെ പ്രശംസിച്ച് എ കെ ബാലനും രംഗത്ത് വന്നു.

വിഷയം ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. പാർട്ടി യുഡിഎഫിന്റെ ഭാഗമാണെങ്കിലും മുസ്ലിം ലീഗാണ് ഈ വിഷയത്തിൽ തീരുമാനമെടുക്കുന്നതെന്ന് പറഞ്ഞ എംകെ മുനീർ, പാർട്ടിയിൽ കൂടിയാലോചന നടന്നിട്ടില്ലെന്നും വ്യക്തമാക്കി. ഇക്കാര്യത്തിൽ പാർട്ടി കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കും. പലസ്തീൻ ഐക്യദാർഢ്യ പരിപാടി നടത്തണോ എന്ന് കോൺഗ്രസിന് തീരുമാനിക്കാം. മറ്റൊരു പാർട്ടിയുടെ ആഭ്യന്തര കാര്യത്തിൽ മുസ്ലിം ലീഗ് ഇടപെടേണ്ട കാര്യമില്ല. സിപിഎമ്മിന്റെ തന്ത്രങ്ങളെ കുറിച്ച് ഒന്നും ഇപ്പോൾ പറയുന്നില്ലെന്നും അതിനുള്ള സമയമല്ലെന്നും മുനീർ വ്യക്തമാക്കി. പാർട്ടി ആലോചനാ യോഗം നടത്തിയില്ല. പാർട്ടിയിൽ ആലോചിക്കാതെ തീരുമാനം എടുക്കാനാകില്ല. കെ സുധാകരന് മറുപടിയില്ലെന്ന് പറഞ്ഞ അദ്ദേഹം ലീഗെന്നും യുഡിഎഫിന്റെ ഭാഗമാണെന്നും വ്യക്തമാക്കി. സിപിഎം നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ സദസ്സിനെ താൻ സ്വാഗതം ചെയ്യുന്നുവെന്നും എംകെ മുനീർ പറഞ്ഞു. പൊതുപരിപാടി കോൺഗ്രസ്‌ തീരുമാനിക്കേണ്ടതാണ്. വ്യക്തിപരമായ തീരുമാനം അല്ല ഇവിടെ പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post