ഗാസയിലെ ആക്രമണം; ഇസ്രായേലിനെതിരെ തുറന്നടിച്ച്​ അറബ്​- ഇസ്​ലാമിക രാഷ്​ട്രനേതാക്കൾ

(www.kl14onlinenews.com)
(11-NOV-2023)

ഗാസയിലെ ആക്രമണം; ഇസ്രായേലിനെതിരെ തുറന്നടിച്ച്​ അറബ്​- ഇസ്​ലാമിക
രാഷ്​ട്രനേതാക്കൾ
റിയാദ്​: അസാധാരണ അറബ്​-ഇസ്​ലാമിക ഉച്ചകോടിയിൽ സംസാരിച്ച വിവിധ രാഷ്​ട്ര നേതാക്കളെല്ലാം ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ക്രൂരതകൾക്കെതിരെ രൂക്ഷമായാണ്​ സംസാരിച്ചത്​. ഇസ്രായേൽ നടത്തുന്നത്​ യുദ്ധക്കുറ്റങ്ങളാണെന്നതിൽ നേതാക്കളെല്ലാം ഏകാഭിപ്രായക്കാരായി. മനുഷ്യർക്ക്​ സഹിക്കാനാവാത്ത കാഴ്​ചകളാണ്​ ഫലസ്​തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന നരനായാ​ട്ടെന്ന്​ ഖത്തർ അമീർ ​തുറന്നടിച്ചു. ഗസ്സയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെല്ലാം ഇസ്രായേലിനെ അന്താരാഷ്​ട്ര കോടതിയിൽ പ്രോസിക്യൂട്ട്​ ചെയ്യാവുന്ന യുദ്ധക്കുറ്റങ്ങളാണെന്ന്​ ഇറാനിയൻ പ്രസിഡൻറും രൂക്ഷമായി പ്രതികരിച്ചു. ഇസ്രായേലിന്‍റെ മനുഷ്യത്വരഹിതമായ നടപടികൾക്കെതിരെ ഗൗരവമായ നിലപാട്​ ​കൈക്കൊള്ളണമെന്ന്​ ഈജിപ്​ഷ്യൻ പ്രസിഡൻറ്​ നിലപാടെടുത്തു. വാക്കുകൾ കൊണ്ട്​ വിവരിക്കാനാവാത്ത ​ക്രൂരതകളെന്ന്​ തുർക്കിയ പ്രസിഡൻറ്​ രോഷത്തോടെ അഭിപ്രായപ്പെട്ടു.

കുടിയിറക്കുന്നത്​ കുറ്റകൃത്യം -അറബ്​ ലീഗ്​ സെക്രട്ടറി ജനറൽ

ഗസ്സയിലെ ജനങ്ങളെ നിർബന്ധിതമായി കുടിയിറക്കുന്നത് അസ്വീകാര്യവും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവുമാണെന്ന്​ അറബ്​ ലീഗ്​ സെക്രട്ടറി ജനറൽ അഹ്​മദ്​ അബുൽ ​ഗെയ്​ത് പറഞ്ഞു. അറബ്​ ലീഗ്​ അതിന്​ അനുവദിക്കില്ല. ഗസ്സയിൽ ഉടനടി വെടിനിർത്തലുണ്ടാവണം. ഇസ്രായേലി യുദ്ധയന്ത്രം സാധാരണക്കാരെ, പ്രത്യേകിച്ച് കുട്ടികളെയും സ്ത്രീകളെയും ലക്ഷ്യംവെക്കുന്നത് തുടരുകയാണ്​. നിരപരാധികളും പ്രതിരോധരഹിതരുമായ ഗസ്സ നിവാസികൾക്ക് നേരെ നടക്കുന്ന കൂട്ടക്കൊലകൾക്ക്​ ലോകം മുഴുവൻ സാക്ഷിയാണെന്നും ​സെക്രട്ടറി ജനറൽ പറഞ്ഞു.

സമാനതകളില്ലാത്ത ഉന്മൂലനം -ഫലസ്​തീൻ പ്രസിഡൻറ്​
ഫലസ്തീൻ ജനത ഏറ്റവും ഭീകരവും ക്രൂരമായ ആക്രമണത്തിനും സമാനതകളില്ലാത്ത ഉന്മൂലന യുദ്ധത്തിനും വിധേയരാകുകയാണെന്ന്​ ഫലസ്​തീൻ പ്രസിഡൻറ്​ മഹ്​മൂദ്​ അബാസ്​ പറഞ്ഞു. ആയിരക്കണക്കിന് കുട്ടികളെ കൊന്നൊടുക്കി. മുഴുവൻ കുടുംബങ്ങളെയും ഉന്മൂലനം ചെയ്യുന്നു. ആശുപത്രികൾ, മസ്ജിദുകൾ, സ്കൂളുകൾ, പള്ളികൾ എന്നിവ തകർത്തു. ഇതെല്ലാം ലോകം പൂർണമായും കാണുകയും കേൾക്കുകയുമാണെന്നും ഫലസ്​തീൻ പ്രസിഡൻറ്​ പറഞ്ഞു. ക്രൂരമായ ഇസ്രായേലി ആക്രമണം തടയുന്നതിനും മെഡിക്കൽ, ഭക്ഷ്യ വിതരണങ്ങളുടെ പ്രവേശനം സുരക്ഷിതമാക്കുന്നതിനും ലോകം ഉത്തരവാദിത്തം ഏറ്റെടുക്കണം. ഗസ്സയിലെയും വെസ്​റ്റ്​ ബാങ്കിലെയും ഫലസ്തീൻ ജനതയുടെ കുടിയൊഴിപ്പിക്കലിനെ അനുവദിച്ചുകൊടുക്കാനാവില്ല. ഇസ്രായേൽ അധിനിവേശത്തെ തങ്ങൾ അന്താരാഷ്​ട്ര കോടതികളിൽ വിചാരണ ചെയ്യുമെന്നും ഫലസ്​തീൻ പ്രസിഡൻറ്​ പറഞ്ഞു.

ഗൗരവമായ നിലപാട്​ സ്വീകരിക്കണം -ഈജിപ്​ത്​ പ്രസിഡൻറ്​

ഇസ്രായേൽ അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടികൾക്കെതിരെ ഗൗരവമായ നിലപാട് ആവശ്യമാണെന്ന്​ ഇൗജിപ്​ത്​ പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ്​ അൽസീസി പറഞ്ഞു. ഫലസ്തീനിൽ നടക്കുന്നത് ഇരട്ടത്താപ്പാണ്​. സാമാന്യബുദ്ധിയില്ലായ്​മയാണ്​ അത്​ വെളിവാക്കുന്നത്​. അധിനിവേശ അധികാരികളുടെ മനുഷ്യത്വരഹിതമായ നടപടികൾ മൂലം ഗസ്സയിലെ ജനങ്ങൾ അനുഭവിക്കുകയാണ്​. വെടിനിർത്തൽ എത്രയും ​പെട്ടന്നുണ്ടാവാണം. ഗസ്സയിലെ സാധാരണക്കാർക്ക് നേരെയുള്ള അധിനിവേശ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയാണെന്നും ഈജിപ്​ത്​ പ്രസിഡൻറ്​ പറഞ്ഞു.

ഗസ്സയിലേത്​ യുദ്ധക്കുറ്റങ്ങളുടെ തെളിവുകൾ -ഇറാൻ

പ്രസിഡൻറ്​
സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള വിവേചനരഹിതമായ ബോംബാക്രമണവും നിരോധിത ഫ്ലാഷ് ബോംബുകളുടെ ഉപയോഗവും യുദ്ധക്കുറ്റങ്ങളുടെ തെളിവുകളാണെന്ന്​ ഇറാൻ പ്രസിഡൻറ്​ ഇബ്രാഹിം റൈസി പറഞ്ഞു. അധിനിവേശ അധികാരികൾ അന്താരാഷ്‌ട്ര നിയമങ്ങൾ കാറ്റിൽപറത്തുകയും ഗസ്സ മുനമ്പിനെ മുഴുവനായി ആക്രമിക്കുകയും ചെയ്യുന്നു. സാധാരണക്കാരെയാണ്​ അന്താരാഷ്​ട്ര നിയമങ്ങൾ ലംഘിച്ച്​ സയണിസ്​റ്റുകൾ ലക്ഷ്യമിടുന്നത്​. ഫലസ്തീൻ ജനതക്കെതിരെ ഈ കുറ്റകൃത്യങ്ങൾ ചെയ്യാൻ സയണിസ്​റ്റുകളോട്​ ഉത്തരവിടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത് അമേരിക്കയാണ്. അമേരിക്ക അവരുടെ പ്രധാന പങ്കാളിയാണ്.

ഇസ്രായേൽ അമേരിക്കയുടെ അവിഹിത സന്തതിയാണ്​. അത് അന്താരാഷ്​ട്ര നിയമങ്ങൾക്ക് വിരുദ്ധമായി ഫലസ്തീനികളെ കൊല്ലുകയും ബോംബെറിയുകയും ചെയ്യുന്നു. അമേരിക്ക തങ്ങളുടെ യു​ദ്ധോപകരണങ്ങൾ ഈ മേഖലയിലേക്ക് അയച്ചതിനാൽ ഇസ്രായേലിന് വേണ്ടി ഫലപ്രദമായി യുദ്ധത്തിൽ പങ്കാളിയായി കഴിഞ്ഞിരിക്കുകയാണെന്നും ഇറാൻ പ്രസിഡൻറ്​ പറഞ്ഞു.

ഫലസ്തീനിൽ നിരപരാധികൾ കൊല്ലപ്പെടുന്നത് തടയാമായിരുന്ന യു.എൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം അംഗീകരിക്കുന്നത് തടഞ്ഞുകൊണ്ട് ഇസ്രായേലിന് പൂർണ പിന്തുണ ഉറപ്പാക്കുന്നു. ഇതാണ്​ കൂടുതൽ കൊലപാതകങ്ങൾക്കും രക്തച്ചൊരിച്ചിലിനും വഴിയൊരുക്കിയത്​. നിരപരാധികളായ ജനങ്ങൾക്കെതിരെ മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങൾ നടത്തുന്ന ഇസ്രായേലിനെ അന്താരാഷ്​ട്ര സംഘടനകൾ ശിക്ഷിക്കണം. ഫലസ്തീൻ ജനതയെ സഹായിക്കാനാണ്​ നാം ഇന്ന്​ ഒത്തുകൂടിയിരിക്കുന്നത്​. ഗസ്സയുടെ പുനർനിർമാണത്തിനായി പ്രത്യേക ഫണ്ട് സ്ഥാപിക്കാൻ അറബ്, ഇസ്​ലാമിക രാജ്യങ്ങളോടും ലോകത്തി​ന്‍റെ മറ്റു ഭാഗങ്ങളിലുള്ളവരോടും ഇറാൻ പ്രസിഡൻറ്​ ആഹ്വാനം ചെയ്​തു. ​ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേലിനെയും അമേരിക്കയെയും സമ്മർദ്ദത്തിലാക്കാൻ നാം ഒരുമിച്ച് പ്രവർത്തിക്കണം. ഗസ്സയിലെ വെടിനിർത്തലിനാണ് ഇപ്പോൾ മുൻഗണന നൽകണ്ടേത്​. ഗസ്സക്കെതിരായ യുദ്ധം ചർച്ച ചെയ്യാൻ അറബ്-ഇസ്‌ലാമിക് ഉച്ചകോടി സംഘടിപ്പിച്ചതിന് സൗദിയോട്​​ നന്ദിയുണ്ടെന്നും ഇറാൻ പ്രസിഡൻറ്​ പറഞ്ഞു.

സഹിക്കാനാവാത്ത അവസ്ഥ​ -ഖത്തർ അമീർ

ഇസ്രായേൽ സൃഷ്​ടിച്ച മനുഷ്യർക്ക് സഹിക്കാനാവാത്ത ക്രൂരമായ അവസ്ഥയിലൂടെയാണ് ഫലസ്തീനി സഹോദരങ്ങൾ കടന്നുപോകുന്നതെന്ന്​ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ് അൽതാനി പറഞ്ഞു. അന്താരാഷ്​ട്ര സമൂഹം അതിന്‍റെ നിയമപരവും ധാർമികവുമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടിരിക്കയാണ്​. അന്താരാഷ്​ട്ര സമൂഹം ഇസ്രായേലിനെ അന്താരാഷ്​ട്ര നിയമത്തിന് അതീതമായി കണക്കാക്കുന്നത് എത്രകാലം തുടരുമെന്നും അന്താരാഷ്​ട്ര നിയമങ്ങൾ ലംഘിക്കാൻ എത്രനാൾ അനുവദിക്കുമെന്നും ഖത്തർ അമീർ ചോദിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആശുപത്രികൾ പരസ്യമായി ബോംബെറിയുമെന്നും വിവേചനരഹിതമായ ബോംബാക്രമണത്തിലൂടെ കുടുംബങ്ങൾ രേഖകളിൽ നിന്ന് മായ്‌ക്കപ്പെടുമെന്നും ആരാണ് കരുതിയിരുന്നത്​ എന്നും ഖത്തർ അമീർ ചോദിച്ചു.

വാക്കുകൾക്ക്​ വിവരിക്കാനാവാത്ത ക്രൂരത -തുർക്കിയ പ്രസിഡൻറ്​

ഒക്ടോബർ ഏഴ്​ മുതൽ ഗസ്സയിൽ എന്താണ് സംഭവിക്കുന്നതെന്നത്​ വാക്കുകൾക്ക് വിവരിക്കാനാവില്ലെന്ന്​ തുർക്കിയ പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാൻ പറഞ്ഞു. ചരിത്രത്തിൽ സമാനതകളില്ലാത്ത ക്രൂരമായ രീതിയിൽ ആശുപത്രികളും സ്കൂളുകളും ക്യാമ്പുകളും ആംബുലൻസുകളും ലക്ഷ്യമിട്ടിരിക്കുകയാണ്​. കുട്ടികളെയും സ്ത്രീകളെയും കൊന്നുകൊണ്ടുള്ള തിരിച്ചടിയാണ്​ അധിനിവേശസേന നടത്തുന്നത്​. ഗസ്സ പൂർണമായും തകർത്തു. അമേരിക്ക വെടിനിർത്തലിന് പോലും ആഹ്വാനം ചെയ്തില്ല. ഇസ്രയേലിന്‍റെ ക്രൂരതക്ക്​ മുന്നിലെ ആഗോള നിശബ്​ദത ലജ്ജാകരമാണെന്നും തുർക്കിയ പ്രസിഡൻറ്​ പറഞ്ഞു.

Post a Comment

Previous Post Next Post