(www.kl14onlinenews.com)
(11-NOV-2023)
ഗാസയിലെ ആക്രമണം; ഇസ്രായേലിനെതിരെ തുറന്നടിച്ച് അറബ്- ഇസ്ലാമിക
റിയാദ്: അസാധാരണ അറബ്-ഇസ്ലാമിക ഉച്ചകോടിയിൽ സംസാരിച്ച വിവിധ രാഷ്ട്ര നേതാക്കളെല്ലാം ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ക്രൂരതകൾക്കെതിരെ രൂക്ഷമായാണ് സംസാരിച്ചത്. ഇസ്രായേൽ നടത്തുന്നത് യുദ്ധക്കുറ്റങ്ങളാണെന്നതിൽ നേതാക്കളെല്ലാം ഏകാഭിപ്രായക്കാരായി. മനുഷ്യർക്ക് സഹിക്കാനാവാത്ത കാഴ്ചകളാണ് ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന നരനായാട്ടെന്ന് ഖത്തർ അമീർ തുറന്നടിച്ചു. ഗസ്സയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെല്ലാം ഇസ്രായേലിനെ അന്താരാഷ്‌ട്ര കോടതിയിൽ പ്രോസിക്യൂട്ട് ചെയ്യാവുന്ന യുദ്ധക്കുറ്റങ്ങളാണെന്ന് ഇറാനിയൻ പ്രസിഡൻറും രൂക്ഷമായി പ്രതികരിച്ചു. ഇസ്രായേലിന്‍റെ മനുഷ്യത്വരഹിതമായ നടപടികൾക്കെതിരെ ഗൗരവമായ നിലപാട് കൈക്കൊള്ളണമെന്ന് ഈജിപ്ഷ്യൻ പ്രസിഡൻറ് നിലപാടെടുത്തു. വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത ക്രൂരതകളെന്ന് തുർക്കിയ പ്രസിഡൻറ് രോഷത്തോടെ അഭിപ്രായപ്പെട്ടു.
കുടിയിറക്കുന്നത് കുറ്റകൃത്യം -അറബ് ലീഗ് സെക്രട്ടറി ജനറൽ
ഗസ്സയിലെ ജനങ്ങളെ നിർബന്ധിതമായി കുടിയിറക്കുന്നത് അസ്വീകാര്യവും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവുമാണെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽ ഗെയ്ത് പറഞ്ഞു. അറബ് ലീഗ് അതിന് അനുവദിക്കില്ല. ഗസ്സയിൽ ഉടനടി വെടിനിർത്തലുണ്ടാവണം. ഇസ്രായേലി യുദ്ധയന്ത്രം സാധാരണക്കാരെ, പ്രത്യേകിച്ച് കുട്ടികളെയും സ്ത്രീകളെയും ലക്ഷ്യംവെക്കുന്നത് തുടരുകയാണ്. നിരപരാധികളും പ്രതിരോധരഹിതരുമായ ഗസ്സ നിവാസികൾക്ക് നേരെ നടക്കുന്ന കൂട്ടക്കൊലകൾക്ക് ലോകം മുഴുവൻ സാക്ഷിയാണെന്നും സെക്രട്ടറി ജനറൽ പറഞ്ഞു.
സമാനതകളില്ലാത്ത ഉന്മൂലനം -ഫലസ്തീൻ പ്രസിഡൻറ്
ഫലസ്തീൻ ജനത ഏറ്റവും ഭീകരവും ക്രൂരമായ ആക്രമണത്തിനും സമാനതകളില്ലാത്ത ഉന്മൂലന യുദ്ധത്തിനും വിധേയരാകുകയാണെന്ന് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബാസ് പറഞ്ഞു. ആയിരക്കണക്കിന് കുട്ടികളെ കൊന്നൊടുക്കി. മുഴുവൻ കുടുംബങ്ങളെയും ഉന്മൂലനം ചെയ്യുന്നു. ആശുപത്രികൾ, മസ്ജിദുകൾ, സ്കൂളുകൾ, പള്ളികൾ എന്നിവ തകർത്തു. ഇതെല്ലാം ലോകം പൂർണമായും കാണുകയും കേൾക്കുകയുമാണെന്നും ഫലസ്തീൻ പ്രസിഡൻറ് പറഞ്ഞു. ക്രൂരമായ ഇസ്രായേലി ആക്രമണം തടയുന്നതിനും മെഡിക്കൽ, ഭക്ഷ്യ വിതരണങ്ങളുടെ പ്രവേശനം സുരക്ഷിതമാക്കുന്നതിനും ലോകം ഉത്തരവാദിത്തം ഏറ്റെടുക്കണം. ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും ഫലസ്തീൻ ജനതയുടെ കുടിയൊഴിപ്പിക്കലിനെ അനുവദിച്ചുകൊടുക്കാനാവില്ല. ഇസ്രായേൽ അധിനിവേശത്തെ തങ്ങൾ അന്താരാഷ്‌ട്ര കോടതികളിൽ വിചാരണ ചെയ്യുമെന്നും ഫലസ്തീൻ പ്രസിഡൻറ് പറഞ്ഞു.
ഗൗരവമായ നിലപാട് സ്വീകരിക്കണം -ഈജിപ്ത് പ്രസിഡൻറ്
ഇസ്രായേൽ അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടികൾക്കെതിരെ ഗൗരവമായ നിലപാട് ആവശ്യമാണെന്ന് ഇൗജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസി പറഞ്ഞു. ഫലസ്തീനിൽ നടക്കുന്നത് ഇരട്ടത്താപ്പാണ്. സാമാന്യബുദ്ധിയില്ലായ്മയാണ് അത് വെളിവാക്കുന്നത്. അധിനിവേശ അധികാരികളുടെ മനുഷ്യത്വരഹിതമായ നടപടികൾ മൂലം ഗസ്സയിലെ ജനങ്ങൾ അനുഭവിക്കുകയാണ്. വെടിനിർത്തൽ എത്രയും പെട്ടന്നുണ്ടാവാണം. ഗസ്സയിലെ സാധാരണക്കാർക്ക് നേരെയുള്ള അധിനിവേശ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയാണെന്നും ഈജിപ്ത് പ്രസിഡൻറ് പറഞ്ഞു.
ഗസ്സയിലേത് യുദ്ധക്കുറ്റങ്ങളുടെ തെളിവുകൾ -ഇറാൻ
പ്രസിഡൻറ്
സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള വിവേചനരഹിതമായ ബോംബാക്രമണവും നിരോധിത ഫ്ലാഷ് ബോംബുകളുടെ ഉപയോഗവും യുദ്ധക്കുറ്റങ്ങളുടെ തെളിവുകളാണെന്ന് ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റൈസി പറഞ്ഞു. അധിനിവേശ അധികാരികൾ അന്താരാഷ്‌ട്ര നിയമങ്ങൾ കാറ്റിൽപറത്തുകയും ഗസ്സ മുനമ്പിനെ മുഴുവനായി ആക്രമിക്കുകയും ചെയ്യുന്നു. സാധാരണക്കാരെയാണ് അന്താരാഷ്‌ട്ര നിയമങ്ങൾ ലംഘിച്ച് സയണിസ്റ്റുകൾ ലക്ഷ്യമിടുന്നത്. ഫലസ്തീൻ ജനതക്കെതിരെ ഈ കുറ്റകൃത്യങ്ങൾ ചെയ്യാൻ സയണിസ്റ്റുകളോട് ഉത്തരവിടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത് അമേരിക്കയാണ്. അമേരിക്ക അവരുടെ പ്രധാന പങ്കാളിയാണ്.
ഇസ്രായേൽ അമേരിക്കയുടെ അവിഹിത സന്തതിയാണ്. അത് അന്താരാഷ്‌ട്ര നിയമങ്ങൾക്ക് വിരുദ്ധമായി ഫലസ്തീനികളെ കൊല്ലുകയും ബോംബെറിയുകയും ചെയ്യുന്നു. അമേരിക്ക തങ്ങളുടെ യുദ്ധോപകരണങ്ങൾ ഈ മേഖലയിലേക്ക് അയച്ചതിനാൽ ഇസ്രായേലിന് വേണ്ടി ഫലപ്രദമായി യുദ്ധത്തിൽ പങ്കാളിയായി കഴിഞ്ഞിരിക്കുകയാണെന്നും ഇറാൻ പ്രസിഡൻറ് പറഞ്ഞു.
ഫലസ്തീനിൽ നിരപരാധികൾ കൊല്ലപ്പെടുന്നത് തടയാമായിരുന്ന യു.എൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം അംഗീകരിക്കുന്നത് തടഞ്ഞുകൊണ്ട് ഇസ്രായേലിന് പൂർണ പിന്തുണ ഉറപ്പാക്കുന്നു. ഇതാണ് കൂടുതൽ കൊലപാതകങ്ങൾക്കും രക്തച്ചൊരിച്ചിലിനും വഴിയൊരുക്കിയത്. നിരപരാധികളായ ജനങ്ങൾക്കെതിരെ മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങൾ നടത്തുന്ന ഇസ്രായേലിനെ അന്താരാഷ്‌ട്ര സംഘടനകൾ ശിക്ഷിക്കണം. ഫലസ്തീൻ ജനതയെ സഹായിക്കാനാണ് നാം ഇന്ന് ഒത്തുകൂടിയിരിക്കുന്നത്. ഗസ്സയുടെ പുനർനിർമാണത്തിനായി പ്രത്യേക ഫണ്ട് സ്ഥാപിക്കാൻ അറബ്, ഇസ്ലാമിക രാജ്യങ്ങളോടും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരോടും ഇറാൻ പ്രസിഡൻറ് ആഹ്വാനം ചെയ്തു. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേലിനെയും അമേരിക്കയെയും സമ്മർദ്ദത്തിലാക്കാൻ നാം ഒരുമിച്ച് പ്രവർത്തിക്കണം. ഗസ്സയിലെ വെടിനിർത്തലിനാണ് ഇപ്പോൾ മുൻഗണന നൽകണ്ടേത്. ഗസ്സക്കെതിരായ യുദ്ധം ചർച്ച ചെയ്യാൻ അറബ്-ഇസ്‌ലാമിക് ഉച്ചകോടി സംഘടിപ്പിച്ചതിന് സൗദിയോട് നന്ദിയുണ്ടെന്നും ഇറാൻ പ്രസിഡൻറ് പറഞ്ഞു.
സഹിക്കാനാവാത്ത അവസ്ഥ -ഖത്തർ അമീർ
ഇസ്രായേൽ സൃഷ്ടിച്ച മനുഷ്യർക്ക് സഹിക്കാനാവാത്ത ക്രൂരമായ അവസ്ഥയിലൂടെയാണ് ഫലസ്തീനി സഹോദരങ്ങൾ കടന്നുപോകുന്നതെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി പറഞ്ഞു. അന്താരാഷ്‌ട്ര സമൂഹം അതിന്‍റെ നിയമപരവും ധാർമികവുമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടിരിക്കയാണ്. അന്താരാഷ്‌ട്ര സമൂഹം ഇസ്രായേലിനെ അന്താരാഷ്‌ട്ര നിയമത്തിന് അതീതമായി കണക്കാക്കുന്നത് എത്രകാലം തുടരുമെന്നും അന്താരാഷ്‌ട്ര നിയമങ്ങൾ ലംഘിക്കാൻ എത്രനാൾ അനുവദിക്കുമെന്നും ഖത്തർ അമീർ ചോദിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആശുപത്രികൾ പരസ്യമായി ബോംബെറിയുമെന്നും വിവേചനരഹിതമായ ബോംബാക്രമണത്തിലൂടെ കുടുംബങ്ങൾ രേഖകളിൽ നിന്ന് മായ്‌ക്കപ്പെടുമെന്നും ആരാണ് കരുതിയിരുന്നത് എന്നും ഖത്തർ അമീർ ചോദിച്ചു.
വാക്കുകൾക്ക് വിവരിക്കാനാവാത്ത ക്രൂരത -തുർക്കിയ പ്രസിഡൻറ്
ഒക്ടോബർ ഏഴ് മുതൽ ഗസ്സയിൽ എന്താണ് സംഭവിക്കുന്നതെന്നത് വാക്കുകൾക്ക് വിവരിക്കാനാവില്ലെന്ന് തുർക്കിയ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു. ചരിത്രത്തിൽ സമാനതകളില്ലാത്ത ക്രൂരമായ രീതിയിൽ ആശുപത്രികളും സ്കൂളുകളും ക്യാമ്പുകളും ആംബുലൻസുകളും ലക്ഷ്യമിട്ടിരിക്കുകയാണ്. കുട്ടികളെയും സ്ത്രീകളെയും കൊന്നുകൊണ്ടുള്ള തിരിച്ചടിയാണ് അധിനിവേശസേന നടത്തുന്നത്. ഗസ്സ പൂർണമായും തകർത്തു. അമേരിക്ക വെടിനിർത്തലിന് പോലും ആഹ്വാനം ചെയ്തില്ല. ഇസ്രയേലിന്‍റെ ക്രൂരതക്ക് മുന്നിലെ ആഗോള നിശബ്ദത ലജ്ജാകരമാണെന്നും തുർക്കിയ പ്രസിഡൻറ് പറഞ്ഞു.
إرسال تعليق