അണങ്കൂരിൽ അടിപ്പാത നിർമാണം ഉടൻ തുടങ്ങും; അനുവദിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന്

(www.kl14onlinenews.com)
(11-NOV-2023)

അണങ്കൂരിൽ അടിപ്പാത നിർമാണം ഉടൻ തുടങ്ങും; അനുവദിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന്

കാസർകോട് :അണങ്കൂർ, ദേശീയപാതയുമായി ബന്ധപ്പെട്ട് അണങ്കൂരിൽ അടിപ്പാതയുടെ നിർമാണം താമസിയാതെ തുടങ്ങും. 2 പ്രധാന റോഡ് ഉൾപ്പെടെ 3 റോഡുകൾ ബന്ധിപ്പിക്കുന്ന ജംക്‌ഷനാണ് അണങ്കൂർ. 7 മീറ്റർ വീതിയും രണ്ടര മീറ്റർ ഉയരവുമുള്ള അടിപ്പാതയാണ് നിർമിക്കുക. ഇരു ഭാഗത്തും 6.75 മീറ്റർ വീതിയിലാണ് സർവീസ് റോഡ്. സർവീസ് റോഡിൽ നിന്നു മറുവശത്തെ സർവീസ് റോഡിലേക്ക് കടക്കുന്നതാണ് അടിപ്പാത.

ഇതിനിടെ ദേശീയപാതയിൽ നിന്നുള്ള മഴവെള്ളവും മറ്റും സ്വകാര്യ പറമ്പിലേക്കു തുറന്നു വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അണങ്കൂർ ഗുരുക്കൾ വില്ലയിലെ ഒ.എ.അസൈനാർ ദേശീയപാത വികസനം പ്രോജക്ട് ഡയറക്ടർക്ക് നിവേദനം നൽകിയിരുന്നു. ഇതിൽ ഉചിതമായ പരിഹാരം കണ്ടില്ലെന്നാരോപിച്ച് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെടുത്താതെ തന്നെ അടിപ്പാത നിർമാണം നടത്തുമെന്ന് നിർമാണ കമ്പനി അധികൃതർ പറഞ്ഞു.

അടിപ്പാത അനുവദിച്ചത് രണ്ടാം ഘട്ടത്തിൽ

പ്രധാന ടൗൺ ജംക്​ഷനാണ് അണങ്കൂർ. ആദ്യ പദ്ധതിയിൽ ഇവിടെ അടിപ്പാത അനുവദിച്ചിരുന്നില്ല. ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ, അങ്കണവാടി, ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾ, കാർ വിൽപന സ്ഥാപനം, ചികിത്സാ കേന്ദ്രം, പാലിയേറ്റീവ് സെന്റർ, 100 വാട്ട് എഫ്എം റിലേ സ്റ്റേഷൻ, ചുറ്റുപാടും നൂറു കണക്കിനു വീടുകൾ, ഫ്ലാറ്റ്, വാടക ക്വാർട്ടേഴ്സുകൾ, വിവിധ സാംസ്കാരിക കേന്ദ്രങ്ങൾ, ദേശീയപാതയ്ക്കു സമാന്തരമായി ഉപയോഗിക്കാവുന്ന അണങ്കൂർ–ബെദിര–പെരുമ്പളക്കടവ് റോഡ് തുടങ്ങിയവ ബന്ധപ്പെടുന്ന അണങ്കൂരിൽ നേരത്തെ അടിപ്പാത ഇല്ലാതിരുന്നതിനെതിരെ നാട്ടുകാർ രംഗത്തെത്തിയിരുന്നു.

സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ 7ലേറെ വാർഡുകളിലെ നാട്ടുകാർ രൂപീകരിച്ച ആക്‌ഷൻ കമ്മിറ്റി നടത്തിയ സമരവും നഗരസഭയും വിവിധ രാഷ്ട്രീയ നേതൃത്വവും ജനപ്രതിനിധികളും കലക്ടറും ഉൾപ്പെടെ ഇടപെട്ടാണ് പിന്നീട് ഇവിടെ അടിപ്പാത അനുവദിച്ചത്. സർവീസ് റോഡുകളുടെ നിർമാണത്തോടൊപ്പം തന്നെ അടിപ്പാതയുടെ നിർമാണവും ഉടൻ തുടങ്ങാനുള്ള നടപടികളിലാണ് നിർമാണ കമ്പനി അധികൃതർ.

Post a Comment

Previous Post Next Post