ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സസ്‌പെൻഡ് ചെയ്ത് ഐ.സി.സി

(www.kl14onlinenews.com)
(10-NOV-2023)

ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സസ്‌പെൻഡ് ചെയ്ത് ഐ.സി.സി
ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ അംഗത്വം സസ്പെൻഡ് ചെയ്തു. ഇന്ന് ചേർന്ന ഐസിസി ബോർഡ് യോഗത്തിലാണ് തീരുമാനം. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്, ഐസിസി അംഗം എന്ന നിലയിലുള്ള കടമകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ഭരണത്തിലും നിയന്ത്രണത്തിലും ​ഗവൺമെന്റ് ഇടപെടൽ നടത്തിയെന്ന് ഐസിസി ആരോപിച്ചു. ബോർഡിന്റെ സ്വയംഭരണാധികാര വ്യവസ്ഥയിൽ ഗുരുതരമായ ലംഘനമാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നടത്തിയതെന്നും ഐസിസി അറിയിച്ചു.
കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോല്‍വി വഴങ്ങി ശ്രീലങ്ക ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരുന്നു. ഇന്ത്യക്കെതിരെ നാണം കെട്ട തോല്‍വിയെ തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ട് താല്‍ക്കാലിക ബോര്‍ഡിന് ചുമതല നല്‍കിയിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടന്നെന്നാണ് ഐസിസി നിഗമനം. എന്നാല്‍, പിരിച്ചുവിട്ട നടപടി പിറ്റേദിവസം പിന്‍വലിച്ചിരുന്നു.

ക്രിക്കറ്റ് ബോർഡുകളിൽ സർക്കാർ ഇടപെടൽ പാടില്ലെന്ന ഐസിസി ചട്ടം ലംഘിച്ചതിനാലാണ് ബോർഡിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ഐസിസി ബോർഡ് ഓൺലൈനായി ചേർന്ന യോഗത്തിലാണ് തീരുമാനം. ക്രിക്കറ്റ് ബോർഡുകൾ സ്വയംഭരണാധികാരത്തോടെ പ്രവർത്തിക്കണമെന്നാണ് ഐസിസി നിയമം. വിലക്കേർപ്പെടുത്തിയതോടെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ രാജ്യാന്തര മത്സരങ്ങളുടെ കാര്യം അനിശ്ചിത്വത്തിലായി. ലോകകപ്പിലെ ഒൻപതു മത്സരങ്ങളിൽ ഏഴും തോറ്റ ലങ്ക, ടൂർണമെന്റിൽനിന്നു പുറത്തായിരുന്നു.

സസ്പെൻഷന്റെ വ്യവസ്ഥകൾ പിന്നീട് തീരുമാനിക്കുമെന്ന് ഐസിസി വാർത്താക്കുറിപ്പിൽ അറിയിച്ചു. നവംബർ 21നു ഐസിസി ബോർഡ് യോഗം അഹമ്മദാബാദിൽ ചേരുന്നുണ്ട്. 2024 ജനുവരിയിലും ഫെബ്രുവരിയിലുമായി നടക്കുന്ന ഐസിസി അണ്ടർ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത് ശ്രീലങ്കയാണ്. ഐസിസി വിലേക്കേർപ്പെടുത്തിയതോടെ ഇക്കാര്യം സംബന്ധിച്ചും യോഗത്തിൽ തീരുമാനമുണ്ടാകും.

Post a Comment

Previous Post Next Post