ഐസിസി ട്രോഫിക്കായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് നീളുന്നു; ട്വന്റി20 ലോകകപ്പിന് ഇനി 7 മാസം

(www.kl14onlinenews.com)
(21-NOV-2023)

ഐസിസി ട്രോഫിക്കായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് നീളുന്നു; ട്വന്റി20 ലോകകപ്പിന് ഇനി 7 മാസം
അഹമ്മദാബാദ് :ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ 42 ദിവസം നീണ്ട ഐതിഹാസിക കുതിപ്പാണ് ഒരൊറ്റ ദിവസത്തെ കണ്ണീരിൽ അവസാനിച്ചത്. ഇതോടെ ഐസിസി ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിന്റെ കാത്തിരിപ്പ് 11–ാം വർഷത്തിലേക്കു നീണ്ടു. 2013ലെ ചാംപ്യൻസ് ട്രോഫി കിരീടത്തിനുശേഷം 5 ഐസിസി ടൂർണമെന്റ് ഫൈനലുകളും 4 സെമിഫൈനലും കളിച്ചിട്ടും ഇന്ത്യൻ ടീമിനു കിരീടമുയർത്താനായിട്ടില്ല.
അഹമ്മദാബാദിലെ കിരീടനഷ്ടത്തിന്റെ മുറിപ്പാട് മായ്ക്കാൻ ഇന്ത്യയ്ക്കുള്ള അടുത്ത അവസരം ഇനി 2024ൽ നടക്കുന്ന ട്വന്റി20 ലോകകപ്പാണ്. വെസ്റ്റിൻഡീസും യുഎസും സംയുക്ത ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് ഇനി 7 മാസം മാത്രമാണുള്ളത്. 2027ലെ അടുത്ത ഏകദിന ലോകകപ്പിനു മുൻപായി 2025ൽ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റും നടക്കാനുണ്ട്.

സീനിയർ താരങ്ങളുമായി 2022ലെ ട്വന്റി20 ലോകകപ്പ് കളിച്ച്, ഫൈനൽ കാണാതെ മടങ്ങിയതിനാൽ അടുത്തവർഷത്തെ ലോകകപ്പിൽ അത്തരമൊരു പരീക്ഷണത്തിന് മുതിർന്നേക്കില്ല. വിരാട് കോലിയും രോഹിത് ശർമയും മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയുമില്ലാതെ, യുവനിരയെ കളത്തിലിറക്കി 2023ന്റെ വേദന മായ്ക്കാനാകും ടീം ഇന്ത്യയുടെ ശ്രമം. ശ്രേയസ് അയ്യർ (28 വയസ്സ്), ശുഭ്മൻ ഗിൽ (24), ഇഷൻ കിഷൻ (25), ഋതുരാജ് ഗെയ്ക്‌വാദ് (26), യശസ്വി ജയ്‌സ്വാൾ (21) എന്നിവരൊക്കെയാകും ആദ്യ ദൗത്യത്തിന്റെ മുന്നണിപ്പോരാളികൾ.

ഫൈനലിൽ തോറ്റെങ്കിലും ഏകദിന ഫോർമാറ്റിൽ രോഹിത് ശർമയുടെ ക്യാപ്റ്റൻസിക്കു തൽക്കാലം വെല്ലുവിളിയുണ്ടാകില്ല. എന്നാൽ ഇപ്പോൾ 36 വയസ്സുള്ള രോഹിത് വൈറ്റ് ബോൾ ക്രിക്കറ്റിൽ എത്ര നാൾ തുടരുമെന്നത് ചോദ്യ ചിഹ്നമാണ്. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് ഒരു സ്ഥിരം ക്യാപ്റ്റനെ കണ്ടെത്തുകയെന്ന ലക്ഷ്യവും ബിസിസിഐക്കു മുന്നിലുണ്ട്.

നിലവിലെ ട്വന്റി20 ടീം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ സാധ്യതകൾക്കു തുടർപരുക്കുകൾ വെല്ലുവിളിയാണ്. ഏകദിനത്തിൽ മുൻപ് ഇന്ത്യയെ നയിച്ചിട്ടുള്ള കെ.എൽ.രാഹുൽ, ജസ്പ്രീത് ബുമ്ര എന്നിവർക്കൊപ്പം ശ്രേയസ് അയ്യരെയും ഈ സ്ഥാനത്തേക്കു പരിഗണിച്ചേക്കും

Post a Comment

Previous Post Next Post