ഓടുന്ന വാഹനത്തിന് മുന്നില്‍ കരിങ്കൊടിയുമായി ചാടുന്നത് പ്രതിഷേധമല്ല: മുഖ്യമന്ത്രി

(www.kl14onlinenews.com)
(21-NOV-2023)

ഓടുന്ന വാഹനത്തിന് മുന്നില്‍ കരിങ്കൊടിയുമായി ചാടുന്നത് പ്രതിഷേധമല്ല: മുഖ്യമന്ത്രി
കണ്ണൂര്‍ : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാനായി എത്തിയ ബസ്സിനു നേരെ കരിങ്കൊടി കാണിച്ച് ബസ്സിന് മുന്നിലേക്ക് ചാടിയത് പ്രതിഷേധമല്ല. വണ്ടിക്ക് മുന്നില്‍ ചാടുന്നവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്തുചെയ്യും. കരിങ്കൊടിയുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രക്ഷിക്കാനാണ് ഡിവൈഎഫ്‌ഐ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരിങ്കൊടിയുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ നേതാക്കളും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് മര്‍ദ്ദിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടെയിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന. കരിങ്കൊടിയുമായി വാഹനത്തിന് മുന്നിലേക്ക് ചാടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമമാണ് ഡിവൈഎഫ്‌ഐ നടത്തിയത്. അത് ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം യൂത്ത് കോണ്‍ഗ്രസ് ആത്മഹത്യ സ്‌ക്വാഡായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. ജനങ്ങള്‍ ആത്മനിയന്ത്രണത്തോടെ ഇത് കൈകാര്യം ചെയ്യണം. ഒരു കയ്യേറ്റത്തിനും തയ്യാറാവരുത്. ഒരു അക്രമവും ഇനി ഉണ്ടാകാന്‍ പാടില്ല. കേസ് കേസിന്റെ രീതിയില്‍ പോകും.നവകേരള സദസ്സില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള പ്ലാനില്‍ വീണുപോകരുത്.അക്രമം പാടില്ല എന്ന ഉറച്ച നിലപാടാണ് സിപിഎമ്മിനുള്ളത്. .കരിങ്കൊടി പൊക്കി ആത്മഹത്യ ചെയ്യാന്‍ വന്നതിനെ അപലപിക്കണോയെന്ന് അദ്ദേഹം ചോദിച്ചു.

യൂത്ത് കോണ്‍ഗ്രസുകരുടെ അക്രമത്തെ ഗാന്ധിയന്‍ മനസ്സോടെ കണ്ടിരിക്കാന്‍ കഴിയില്ലെന്ന് ഇ.പി. ജയരാജനും പ്രതികരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേത് ഭീകര പ്രവര്‍ത്തനമാണ്. വടിയും കല്ലുമായാണ് അവര്‍ വന്നത്. ഇത് കേരളം ആയത് കൊണ്ട് അവര്‍ക്ക് ഒന്നും സംഭവിച്ചില്ല. മുഖ്യമന്ത്രിയെ അപായപെടുത്തുകയായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിക്കാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ടായിരുന്നില്ലെന്ന് പറഞ്ഞ കണ്ണൂർ ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ് അങ്ങനെയായിരുന്നുവെങ്കിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കാസർകോട് നിന്നു പഴയങ്ങാടി വരെ എത്തില്ലായിരുന്നുവെന്നു വ്യക്തമാക്കി. ഇന്നലെയുണ്ടായത് കെ എസ് യു പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയതിനെതിരെയുള്ള പ്രതിഷേധം, മുഖ്യമന്ത്രിയെ 11 ഇടത്ത് തടഞ്ഞ ചരിത്രം ഉണ്ടെന്നും കണ്ണൂർ ഡി സി സി കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post