കോലി സ്വാർത്ഥന്‍, അല്ലെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നു; രോഹിത്തിന് കണ്ടു പഠിച്ചുകൂടെയെന്ന് മുൻ പാക് താരം

(www.kl14onlinenews.com)
(06-NOV-2023)

കോലി സ്വാർത്ഥന്‍, അല്ലെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നു; രോഹിത്തിന് കണ്ടു പഠിച്ചുകൂടെയെന്ന് മുൻ പാക് താരം
കറാച്ചി: ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ സെഞ്ചുറിയുമായി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്തിയ വിരാട് കോലിയെ വിമര്‍ശിച്ച് മുന്‍ പാക് നായകന്‍ മുഹമ്മദ് ഹഫീസ്. സെഞ്ചുറിയടിക്കാന്‍ വേണ്ടി മാത്രം കോലി മെല്ലെ കളിച്ചുവെന്ന സോഷ്യല്‍ മീഡയ വിമര്‍ശനങ്ങള്‍ക്കിടെയാണ് പാക് ടെലിവിഷനിലെ ചര്‍ച്ചക്കിടെ ഹഫീസും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഈ ലോകകപ്പില്‍ തന്നെ കോലിയുടെ ബാറ്റിംഗില്‍ ഇത് ആദ്യമായല്ല മൂന്നാം തവണയാണ് സ്വാര്‍ത്ഥത കാണുന്നതെന്നും ടീമിനുവേണ്ടിയല്ല, വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് കോലി കളിച്ചതെന്നും ഹഫീസ് പറഞ്ഞു. ഇക്കാര്യത്തില്‍ കോലി രോഹിത് ശര്‍മയെ കണ്ടുപഠിക്കണമെന്നും ടീമിനായി സ്വന്തം വിക്കറ്റ് ബലികൊടുക്കാനും രോഹിത് തയാറാണെന്നും ദക്ഷിണാഫ്രിക്കക്കെതിരെ കണ്ണും പൂട്ടിയുള്ള രോഹിത്തിന്‍റെ ആക്രമണമാണ് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കിയതെന്നും ഹഫീസ് പറഞ്ഞു.

പന്ത് പഴകുംതോറും റണ്ണടിക്കാന്‍ ബുദ്ധിമുട്ടുമെന്ന് തിരിച്ചറിഞ്ഞാണ് ന്യൂബോളില്‍ തന്നെ രോഹിത് കൗണ്ടര്‍ അറ്റാക്ക് നടത്തിയത്. കാരണം, രോഹിത്തിന്‍റെ ലക്ഷ്യം വ്യക്തിഗതനേട്ടത്തേക്കാള്‍ വലുതായിരുന്നു. മെല്ലെ കളിച്ചിരുന്നെങ്കില്‍ രോഹിത്തിനും സെഞ്ചുറി അടിക്കാമായിരുന്നുവെന്നും ഹഫീസ് പറഞ്ഞു.

കോലി നന്നായി കളിച്ചില്ലെന്നല്ല ഞാന്‍ പറഞ്ഞത്. 97 റണ്‍സടിക്കുന്നതുവരെ കോലി മനോഹരമായി കളിച്ചു. എന്നാല്‍ 97ല്‍ നില്‍ക്കെ ബൗണ്ടറികളടിക്കാന്‍ ശ്രമിക്കാതെ അദ്ദേഹമെടുത്ത മൂന്ന് സിംഗിളുകള്‍, അത് നേടാനായി കാണിച്ച മനോഭാവം അതിനെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. കോലി 97ലോ 99ലോ പുറത്തായാലും എന്താണ് കുഴപ്പം. വ്യക്തിഗത നേട്ടത്തെക്കാള്‍ വലുതാണ് ടീമിന്‍റെ നേട്ടമെന്നും ഹഫീസ് പറഞ്ഞു.

മുപ്പത്തിയഞ്ചാം പിറന്നാള്‍ ദിനത്തിലാണ് കോലി ഏകദിന സെഞ്ചുറികളില്‍ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പെമത്തിയത്. പിറന്നാള്‍ ദിനത്തില്‍ ആദ്യമായി കളിക്കാനിറങ്ങിയ കോലി കാഗിസോ റബാഡ എറിഞ്ഞ 49-ാം ഓവറിലാണ് സെഞ്ചുറിയുമായി സച്ചിനൊപ്പമെത്തിയത്. 119 പന്തില്‍ 10 ബൗണ്ടറികള്‍ പറത്തിയാണ് കോലി സെഞ്ചുറിയടിച്ചത്

Post a Comment

Previous Post Next Post