(www.kl14onlinenews.com)
(26-Sep-2023)
കാസർകോട്: ബദിയടുക പള്ളത്തടുക്കയില്‍ സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ബസ് ഡ്രൈവറുടെ അശ്രദ്ധയും റോഡ് നിര്‍മാണത്തിലെ അപാകതയുമാണ് അപകടത്തിന് കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. ബസ് ഡ്രൈവര്‍ മുണ്ട്യത്തടുക്കയിലെ ജോണ്‍ ഡീസൂസയ്‌ക്കെതിരെ (56) ബദിയഡുക്ക പോലീസ് കേസെടുത്തത്.
പെര്‍ളയില്‍നിന്ന് ബദിയഡുക്കയിലേക്ക് വരികയായിരുന്ന സ്‌കൂള്‍ ബസ് അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മൊഗ്രാല്‍ സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ റൗഫ്, യാത്രക്കാരായ ബീഫാത്തിമ, നബീസ, ഉമ്മു ഹലീമ, ബിഫാത്തിമ മൊഗര്‍ എന്നിവരാണ് മരിച്ചത്. മരിച്ച സ്ത്രീകളില്‍ മൂന്നു പേര്‍ സഹോദരങ്ങളാണ്. അമിതവേഗത്തില്‍വന്ന ബസിന്റെ ഇടിയില്‍ ഓട്ടോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
വളവില്‍ വച്ച് നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്‌കൂള്‍ ബസ് കുട്ടികളെ വീടുകളില്‍ ഇറക്കി തിരിച്ചുവരുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി
കണ്ണീർക്കാഴ്ച; ഞെട്ടലിൽ നാട്
ഒരു കുടുംബത്തിലെ 4 പേർ, ഒരുമിച്ചായിരുന്നു നെക്രാജെയിലെ ബന്ധുവീട്ടിലേക്ക് പോകാനായി വൈകിട്ട് 3ന് വീട്ടിൽ നിന്നിറങ്ങിയത്. ചെറിയ ദൂരത്താണു നാലു പേരുടെയും വീടുകൾ. സാധാരണയായി ഓട്ടം പോകുന്ന ഡ്രൈവറെ തന്നെയായിരുന്നു ഇന്നലെയും ഇവർ വിളിച്ചിരുന്നത്. സന്ധ്യയായാൽ മഴ പെയ്തേക്കുമെന്നു കരുതി നേരത്തെ തന്നെ വീട്ടിൽ നിന്നിറങ്ങി ഉടനെ വീട്ടിലെത്താനായിരുന്നു ഇവർ വൈകിട്ട് മൂന്നോടെ വീട്ടിൽ നിന്നിറങ്ങിയത്. പക്ഷെ... അപകടവിവരം നാടാകെ നിമിഷങ്ങൾക്കുള്ളിൽ പടരുകയായിരുന്നു.
സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു എന്ന വിവരമാണ് ആദ്യമെത്തിയത്.തുടർന്നാണ് ഓട്ടോറിക്ഷയും സ്കൂളും ബസും കൂട്ടിയിടിക്കുകയായിരുന്നുവെന്നും ബസിലെ കുട്ടികൾക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും എന്നാൽ, ഓട്ടോറിക്ഷയിലുള്ള യാത്രക്കാരെയും ഡ്രൈവറെയും ഗുരുതര നിലയിൽ ആശുപത്രിയിലെത്തിച്ചു എന്നുമുള്ള വിവരമെത്തുന്നത്. ഓട്ടോയിലെ ഡ്രൈവർ ഉൾപ്പെടെ 5 പേരും മരിച്ചെന്ന വാർത്ത പിന്നാലെയെത്തി.മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചു.
അപ്പോഴേക്കും ആശുപത്രി പരിസരമാകെ ആളുകളെ കൊണ്ടു നിറഞ്ഞുകവിഞ്ഞിരുന്നു. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും പോസ്റ്റുമോർട്ടം രാത്രി തന്നെ നടത്താൻ ആവശ്യമായ ഇടപെടലുകൾ നടത്തി. രാത്രി തന്നെ പോസ്റ്റുമോർട്ടം നടത്താനായി കാസർകോട് ഡിവൈഎസ്പി പി.കെ.സുധാകരൻ, ഇൻസ്പെക്ടർമാരായ കെ.ലീല, പി.അജിത്ത്കുമാർ എന്നിവരടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ ജനറൽ ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങുകയായിരുന്നു.
അപകടവിവരമറിഞ്ഞ രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ എൻ.എ.നെല്ലിക്കുന്ന്,എ.കെ.എം.അഷ്റഫ്, കലക്ടർ കെ.ഇമ്പശേഖർ, ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജോ.സെക്രട്ടറി അഷ്റഫ് എടനീർ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്‍രിയ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തിയിരുന്നു.
തൊട്ടടുത്ത് മൂകസാക്ഷിയായി ഗവ.മെഡിക്കൽ കോളജ്
പള്ളത്തടുക്ക ∙ അപകട സ്ഥലത്തു നിന്ന് 2 കിലോമീറ്റർ മാത്രം അടുത്താണ് കാസർകോടിന്റെ സ്വന്തം ഗവ. മെഡിക്കൽ കോളജ്. പക്ഷേ തൊട്ടടുത്തു നടന്ന അപകടത്തിൽപ്പെട്ടവരെ എത്തിച്ചത് 25 കിലോമീറ്റർ അകലെയുള്ള, സൗകര്യങ്ങളിലാത്ത കാസർകോട് ഗവ.ജനറൽ ആശുപത്രിയിലേക്ക്. കാസർകോട് മെഡിക്കൽ കോളജിൽ സൗകര്യമുണ്ടായിരുന്നെങ്കിൽ ഒരാളെ എങ്കിലും രക്ഷപ്പെടുത്താമായിരുന്നു.
തറക്കല്ലിട്ട് 11 വർഷം കഴിഞ്ഞിട്ടും പണി തീരാത്ത മെഡിക്കൽ കോളജ് പക്ഷേ അപകടത്തിൽ വെറും കാഴ്ചക്കാരനായി നിന്നു. പൂർത്തിയാക്കിയ പണിയുടെ തുക കരാറുകാരന് സർക്കാർ നൽകാത്തതിനെ തുടർന്നാണ് ആശുപത്രി കെട്ടിടം പണി ഉപേക്ഷിച്ച് കരാറുകാരൻ പോയത്. തുടർന്ന് പല തവണ നാട്ടുകാർ സമരവും പ്രതിഷേധവും നടത്തിയിട്ടും കരാറുകാരന് തുക നൽകി പണി ആരംഭിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല.
ഏതാനും ഒപി ചികിത്സാ സൗകര്യം മാത്രമാണ് മെഡിക്കൽ കോളജിൽ ഇപ്പോഴുമുള്ളത്.പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ആവശ്യത്തിന് ആംബുലൻസ് സമയത്ത് കിട്ടാതിരുന്നതും പ്രതിസന്ധിയായി. ബദിയടുക്കയിൽ നിന്ന് മൂന്നും പെർളയിൽ നിന്ന് ഒരു ആംബുലൻസുമാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ വന്നത്. ആദ്യ വന്ന ആംബുലൻസിൽ 3 പേരെ കയറ്റി വിട്ടു. പിന്നീട് ആംബുലൻസില്ലാത്തതിനാൽ ഒരു ആംബുലൻസിൽ 2 പേരെ ഒന്നിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Post a Comment