(www.kl14onlinenews.com)
(26-Sep-2023)
ബാംഗ്ലൂർ :
കർണാടക തമിഴ്‌നാടിന് കാവേരി ജലം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് ബെംഗളൂരുവിൽ ഇന്ന് ബന്ദ് നടത്തും. കർഷക നേതാവ് കുറുബുരു ശാന്തകുമാറിന്റെ നേതൃത്വത്തിൽ കർഷക സംഘടനകളുടെയും മറ്റ് സംഘടനകളുടെയും കൂട്ടായ്മയായ കർണാടക ജല സംരക്ഷണ സമിതിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കാവേരി നദിയിലെ വെള്ളം തമിഴ്നാടിനു വിട്ടുനല്‍കുന്നതിനെതിരെ 175 സംഘടനകള്‍ ബെംഗളൂരു നഗരത്തിലും മൈസുരു മേഖലയിലും ആഹ്വാനം ചെയ്ത പകല്‍ ബന്ദ് തുടങ്ങി. കാര്‍ഷിക, കന്നഡ സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭീഷണികളെ തുടര്‍ന്ന് നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വൈകാരിക വിഷയമായതിനാല്‍ സമരക്കാരെ തടയില്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയും ജെഡിഎസും ആം ആദ്മി പാര്‍ട്ടിയുമുള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്. കെഎസ്ആര്‍ടിസി ,ഓട്ടോ, ടാക്സി, സംഘടനകളും പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പൊതുഗതാഗത സംവിധാനം സ്തംഭിച്ചിരിക്കുകയാണ്. തമിഴര്‍ താമസിക്കുന്ന മേഖലകളിലും തമിഴ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലും സുരക്ഷ ശക്തമാക്കി.
കാവേരി നദീജല റെഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവനുസരിച്ച് പ്രതിദിനം 5000 ക്യൂസെക്സ് വെള്ളം കഴിഞ്ഞ ദിവസം മുതല്‍ കര്‍ണാടക, തമിഴ്നാടിന് വിട്ടുനല്‍കി തുടങ്ങിയിരുന്നു. അതോറിറ്റിയുടെ ഉത്തരവില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചതോടെയാണു വെള്ളം നല്‍കി തുടങ്ങിയത്. അതേസമയം ഇതേ വിഷയത്തില്‍ വെള്ളിയാഴ്ച സംസ്ഥാന ബന്ദിനും വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
എന്താണ് കാവേരി പ്രശ്നം?
കാവേരി നദീജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി തമിഴ്‌നാടും കർണാടകയും തർക്കത്തിലാണ്.
സെപ്റ്റംബർ 13 മുതൽ 15 ദിവസത്തേക്ക് തമിഴ്‌നാടിന് 5,000 ക്യുസെക്‌സ് വെള്ളം വിട്ടുനൽകാൻ കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റി(സിഡബ്ല്യുഎംഎ) കർണാടകയോട് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ കർണാടക സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയതാണ് ഇപ്പോഴത്തെ പ്രതിഷേധത്തിന് കാരണം.
അതേസമയം കുടിവെള്ളത്തിനും ജലസേചനത്തിനും ആവശ്യങ്ങളുള്ളതിനാൽ വെള്ളം തുറന്നുവിടാൻ കഴിയില്ലെന്ന നിലപാടിലാണ് കർണാടക സർക്കാർ.
കർണാടക ബന്ദിനെക്കുറിച്ചുള്ള 10 പോയിന്റ് വിശദാംശങ്ങൾ ഇതാ:
1. ബന്ദിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച അർധരാത്രി മുതൽ ചൊവ്വാഴ്ച അർധരാത്രി വരെ ബംഗളൂരു നഗരത്തിൽ പോലീസ് സിആർപിസിയുടെ 144 സെക്ഷൻ ഏർപ്പെടുത്തി. കൂടാതെ, നഗരത്തിലെ ഘോഷയാത്രകൾക്കും അനുമതി നിഷേധിച്ചിട്ടുണ്ട്.
അതേസമയം "സ്വമേധയാ ബന്ദിൽ പങ്കെടുക്കാം. എന്നാൽ ബലപ്രയോഗത്തിലൂടെ നിർബന്ധിതമായി ബന്ദ് നടപ്പിലാക്കാൻ കഴിയില്ല." കൂടാതെ നഗരത്തിന്റെ കാവലിനായി നൂറോളം പ്ലാറ്റൂണുകളെ വിന്യസിക്കുമെന്നും ബംഗളൂരു പോലീസ് കമ്മീഷണർ പറഞ്ഞു.
2. ബന്ദിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു നഗരത്തിലെ എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചതായി ബെംഗളൂരു അർബൻ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ദയാനന്ദ കെ എ അറിയിച്ചു.
3. ബെംഗളൂരുവിലെ മെട്രോ സർവീസുകൾക്ക് ബന്ദ് ബാധകമല്ല.
4. സിറ്റി ബസ് സർവീസുകളെ ബന്ദ് പൂർണമായി ബാധിക്കില്ലെന്ന് ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) അധികൃതർ അറിയിച്ചു. എന്നാൽ കർണാടക-തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട് ബസുകൾക്കുള്ള പ്രവേശനം നിർത്തിവച്ചിരിക്കുകയാണ്.
5. ഒല-ഉബർ സേവനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കും. ബന്ദിനെ പിന്തുണയ്ക്കുന്നില്ലെന്ന് ഒല-ഉബർ അസോസിയേഷൻ അറിയിച്ചു. എന്നാൽ ഓട്ടോ, ടാക്‌സി അസോസിയേഷനുകളും യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ബന്ദിനുള്ള പിന്തുണ പിൻവലിക്കാൻ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷനും തീരുമാനിച്ചു. എല്ലാ ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറന്ന് പ്രവർത്തിക്കുമെന്നും അറിയിച്ചു.
6. ബന്ദ് കണക്കിലെടുത്ത് യാത്രക്കാർ യാത്രകൾ ആസൂത്രണം ചെയ്യണമെന്ന് അഭ്യർത്ഥിച്ച് ബെംഗളൂരു വിമാനത്താവളം നിർദേശം പുറത്തിറക്കി.
ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബംഗളൂരു വിമാനത്താവളത്തിലേക്കുള്ള യാത്രാ സമയം സാധാരണയേക്കാൾ കൂടുതൽ സമയമെടുക്കും. ആഭ്യന്തര യാത്രയ്ക്ക് 2.5 മണിക്കൂർ മുമ്പും അന്താരാഷ്ട്ര യാത്രകൾക്ക് 3.5 മണിക്കൂർ മുമ്പും എത്തിചേരണമെന്ന് ഞങ്ങൾ ശുപാർശ ചെയ്യുന്നു." ഇൻഡിഗോ എക്‌സിലൂടെ നിർദേശം നൽകി.
7. കർണാടകയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ബിജെപി ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. “കാവേരി നദീജല തർക്കത്തിൽ വിശദമായ ചർച്ച നടത്തി ഒരു നിശ്ചിത തീരുമാനത്തിലെത്തി. ബംഗളൂരു ബന്ദ് വിജയിപ്പിക്കണം."- ബിഎസ് യെദ്യൂരപ്പ പറഞ്ഞു.
ക്രമസമാധാനം നിലനിർത്തുന്നതിനും ബെംഗളൂരുവിന്റെ ലക്ഷ്യത്തെ പിന്തുണയ്‌ക്കുന്നതിനും വേണ്ടി സ്വന്തം സ്ഥാപനങ്ങൾ അടച്ചിടാൻ ഞാൻ ഹോട്ടൽ, ഷോപ്പ് ഉടമകളോടും സംഘടനകളോടും അഭ്യർത്ഥിക്കുന്നു."- അദ്ദേഹം കൂട്ടിച്ചേർത്തു.
8. ജെഡിഎസും ബെംഗളൂരു ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദിന് പാർട്ടി പിന്തുണ നൽകുമെന്ന് പാർട്ടി നേതാവ് എച്ച്‌ഡി കുമാരസ്വാമി വ്യക്തമാക്കി.
9. അതേസമയം, തമിഴ്‌നാടിന് കാവേരി ജലം വിട്ടുനൽകുന്നതിനെതിരെ കർണാടകയിൽ നടക്കുന്ന പ്രതിഷേധം തടയാൻ കേന്ദ്രം ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് തമിഴ്‌നാട് കാവേരി കർഷക സംഘടന ആവശ്യപ്പെട്ടു.
10. സമാധാന പൂർണമായ ബന്ദ് നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അഭ്യർത്ഥിച്ചു.
Post a Comment