(www.kl14onlinenews.com)
(26-Sep-2023)
മണിപ്പൂർ :
ജൂലൈ 6 മുതല്‍ കാണാതായ രണ്ട് മണിപ്പൂരി വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഇവര്‍ കൊല്ലപ്പെടുന്നതിന് മുമ്പും ശേഷവുമുളള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഒരു ചിത്രത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ പുല്‍മേട്ടില്‍ ഇരിക്കുന്നതായും അവര്‍ക്ക് പിന്നില്‍ ആയുധധാരികളായ രണ്ട് പേര്‍ നില്‍ക്കുന്നതായുമാണ് കാണുന്നത്. അടുത്ത ചിത്രത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെയും മൃതദേഹങ്ങളാണ് കാണപ്പെടുന്നത്.
ഫിജാം ഹേംജിത്ത് (20 ), ഹിജാം ലിന്തോയിംബി (17) എന്നീ രണ്ട് വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ, വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ എത്രയും വേഗത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പൊതുജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.
2023 ജൂലൈ മുതല്‍ കാണാതായ ഫിജാം ഹേംജിത്ത് (20 വയസ്സ്), ഹിജാം ലിന്തോയിംബി (17 വയസ്സ്) എന്നീ രണ്ട് വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതായി സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതായി മുഖ്യമന്ത്രിയുടെ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സംസ്ഥാനത്തെ ജനങ്ങളുടെ ആവശ്യ പ്രകാരം ഈ കേസ് നേരത്തെ തന്നെ സിബിഐക്ക് കൈമാറിയിട്ടുണ്ട്. ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കണ്ടെത്തുന്നതിനും വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ പ്രതികളെ കണ്ടെത്തുന്നതിനുമായി സംസ്ഥാന പോലീസ്, കേന്ദ്ര സുരക്ഷാ ഏജന്‍സികളുമായി സഹകരിച്ച് കേസ് സജീവമായി അന്വേഷിക്കുന്നുണ്ട്. അക്രമികളെ പിടികൂടാന്‍ സുരക്ഷാസേനയും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഈ ഹീനമായ കുറ്റകൃത്യത്തിന് ഉത്തരവാദികളെന്ന് കണ്ടെത്തുന്ന ഏതൊരാള്‍ക്കും കടുത്ത ശിക്ഷ നല്‍കും. ജനങ്ങള്‍ സംയമനം പാലിക്കണമെന്നും അന്വേഷണം നടത്താന്‍ അധികാരികളെ അനുവദിക്കാനും സര്‍ക്കാര്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
മണിപ്പൂര്‍ അക്രമം
മെയ്‌തേയ് സമുദായത്തിന്റെ പട്ടികവര്‍ഗ പദവി ആവശ്യത്തില്‍ പ്രതിഷേധിച്ച് മെയ് 3 ന് മലയോര ജില്ലകളില്‍ ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിച്ചതിന് പിന്നാലെയാണ് മണിപ്പൂരില്‍ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തില്‍ 120 ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 3,000 ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമം നിയന്ത്രിക്കുന്നതിനും ക്രമസമാധാനം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുമായി മണിപ്പൂര്‍ പോലീസിന് പുറമെ 40,000 കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരെയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
Post a Comment