പ്ലെയര്‍ ഓഫ് മാച്ച് പുരസ്‌കാരത്തിലൂടെ സിറാജിന് ലഭിച്ച പണം ശ്രീലങ്കന്‍ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് സമ്മാനിച്ചു, കളിയിലും പുറത്തും സിറാജ് ഹീറോ

(www.kl14onlinenews.com)
(17-Sep-2023)

പ്ലെയര്‍ ഓഫ് മാച്ച് പുരസ്‌കാരത്തിലൂടെ സിറാജിന് ലഭിച്ച പണം ശ്രീലങ്കന്‍ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് സമ്മാനിച്ചു,
കളിയിലും പുറത്തും സിറാജ് ഹീറോ
കൊളംബൊ: മഴയില്‍ മുങ്ങിയ ഏഷ്യാ കപ്പാണ് അവസാനിച്ചത്. പാകിസ്ഥാനില്‍ മാത്രമായി നടത്താന്‍ തീരുമാനിച്ച ടൂര്‍ണമെന്റ് ബിസിസിഐയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഹൈബ്രിഡ് മോഡലിലാക്കിയത്. സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് പാകിസ്ഥാനിലേക്ക് ഇന്ത്യന്‍ ടീമിനെ അയക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്താന്‍ തീരുമാനമായി. എന്നാല്‍ കനത്ത മഴ മത്സരങ്ങളെ അലങ്കോലമാക്കി.

ഇന്ത്യ - പാകിസ്ഥാന്‍ ആദ്യ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്നു. ഇന്ത്യ-നേപ്പാള്‍ മത്സരത്തിനിടയിലും മഴയെത്തി. സൂപ്പര്‍ ഫോറില്‍ മഴ കളിക്കുമെന്ന് ഉറപ്പിച്ചിരിക്കെ ഇന്ത്യ-പാക് മത്സരങ്ങള്‍ക്കും ഫൈനലിനും റിസര്‍വ് ഡേ ഏര്‍പ്പെടുത്തി. സൂപ്പര്‍ ഫോറിലെ ഇന്ത്യ - പാക് മത്സരം മഴയെ തുടര്‍ന്ന് രണ്ട് ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കാനായത്. പാകിസ്ഥാന്‍ - ശ്രീലങ്ക മത്സരത്തിലും മഴ കളിച്ചു. ഇന്ത്യ - ശ്രീലങ്ക മത്സരത്തിലും കാര്യങ്ങള്‍ വ്യത്യസ്ഥമായിരുന്നില്ല.

ഭാഗ്യവശാല്‍ ഫൈനലില്‍ മഴ വിട്ടുനിന്നു. ഗ്രൗണ്ട് സ്റ്റാഫുകള്‍ വലിയ ജോലിയൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ശ്രീലങ്കയില്‍ നടന്ന മത്സരങ്ങളില്‍ ഉടനീളം ഗ്രൗണ്ട് സ്റ്റാഫ് ഏറെ പണിപ്പെട്ടു. ഗ്രൗണ്ടുണക്കാനുള്ള സകല വഴികളും അവര്‍ നോക്കുന്നുണ്ടായിരുന്നു. അവരോട് വലിയ രീതിയില്‍ ക്രിക്കറ്റ് ആരാധകര്‍ കടപ്പെടേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് അതുതന്നെയാണ് ചെയ്തത്. പ്ലെയര്‍ ഓഫ് മാച്ച് പുരസ്‌കാരത്തിലൂടെ സിറാജിന് ലഭിച്ച 5000 ഡോളര്‍ അദ്ദേഹം ശ്രീലങ്കന്‍ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് സമ്മാനിച്ചു.
അവരില്ലാതെ ഈ ടൂര്‍ണമെന്റ് മുന്നോട്ട് പോവില്ലായിരുന്നുവെന്ന് സിറാജ് മത്സരശേഷം പറഞ്ഞു. സിറാജിന് പുറമെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് 50000 ഡോളര്‍ നല്‍കിയിരുന്നു. മത്സരത്തില്‍ ആറ് വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്.

Post a Comment

Previous Post Next Post