20 രൂപ നിരക്കില്‍ എസി യാത്ര; കെഎസ്ആർടിസി ജനതാ സർവീസ് നാളെ മുതൽ

(www.kl14onlinenews.com)
(17-Sep-2023)

20 രൂപ നിരക്കില്‍ എസി യാത്ര; കെഎസ്ആർടിസി ജനതാ സർവീസ് നാളെ മുതൽ
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ജനതാ സർവീസുകൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ എ സി ബസിൽ യാത്ര ചെയ്യാൻ ഇത് വഴി സാധിക്കും. കെഎസ്ആർടിസി എസി ലോഫ്ലോർ ബസുകളാണ് സർവീസ് നടത്തുന്നത്. 20 രൂപ മുതലാണ് മിനിമം ടിക്കറ്റ് ആരംഭിക്കുന്നത്. അധിക കിലോമീറ്ററിന് 108 പൈസ നിരക്ക് ഈടാക്കും.

സാധാരണ യാത്രക്കാർക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എസി ബസ്സിൽ യാത്ര ചെയ്യാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സർവീസിന് ഫാസ്റ്റിനേക്കാൾ അല്പം കൂടിയ നിരക്കും, സൂപ്പർ ഫാസ്റ്റിനേക്കാൾ കുറഞ്ഞ നിരക്കുമാണ് ഉള്ളത്. പ്രധാനമായും തിരുവനന്തപുരത്തെ ഓഫീസുകളിലേക്ക് എത്തുന്നവര്‍ക്ക് സൌകര്യപൂര്‍വ്വം എത്തിച്ചേരുന്ന വിധത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ സർവീസ് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങിൽ നിന്നും രാവിലെ 7.15ന് സ‍ർവീസ് ആരംഭിച്ച് 9.30ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ്.

ഓരോ ഡിപ്പോകളെയും ഹബ്ബുകളായും, പ്രധാന ബസ് സ്റ്റേഷനുകളെ റീജിയണൽ ഹബ്ബുകളായും, അങ്കമാലി ബസ് സ്റ്റേഷനെ സെൻട്രൽ ഹബ്ബായും ക്രമീകരിച്ചുള്ള സർവീസുകളാണ് ജനത എസി ബസുകൾക്കായി ക്രമപ്പെടുത്തുന്നത്. രാവിലെ 7.15 ന് കൊല്ലത്ത് നിന്നും കൊട്ടാരക്കരയിൽ നിന്നും സർവീസ് ആരംഭിക്കുന്ന ബസ് 9.30ഓട് കൂടി തിരുവനന്തപുരത്ത് എത്തും. 10 മണിക്ക് തിരികെ പോകുന്ന ബസുകൾ 12 മണിക്ക് തിരികെ കൊല്ലത്തും, കൊട്ടരക്കരയിലും എത്തും. തുടർന്ന് വീണ്ടും ഉച്ചക്ക് 2.20 ന് പുറപ്പെട്ട് 4.30 ന് തിരുവനന്തപുരത്ത് എത്തി 5 മണിക്ക് തമ്പാനൂർ വഴുതക്കാട് സ്റ്റാച്ചു , പട്ടം (മെഡിക്കൽ കോളേജ് - കൊല്ലം ബസ്) കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫീസുകളെ ബന്ധിപ്പിച്ച് തിരികെ പോയി രാത്രി 7.15 ന് സർവീസ് അവസാനിപ്പിക്കും

Post a Comment

Previous Post Next Post