(www.kl14onlinenews.com)
(08-Sep-2023)
ഡൽഹി: ഇന്ത്യ ആതിഥേയരാകുന്ന, പതിനെട്ടാമത് ജി20 നേതൃതല ഉച്ചകോടി ശനിയാഴ്ച ഡല്‍ഹിയില്‍ ആരംഭിക്കും. ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോക നേതാക്കൾ ഡൽഹിയിലേക്ക് എത്തിത്തുടങ്ങി. വൈകിട്ട് എത്തുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാര - വാണിജ്യ - പ്രതിരോധ മേഖലകളിൽ കൂടുതൽ ധാരണകൾ ഉണ്ടാകും എന്നാണ് സൂചന. യു കെ പ്രധാനമന്ത്രി ഋഷി സുനക് ഉച്ചയോടെ എത്തും. ജി 20 ന്റെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയാണ് ദില്ലിയിൽ ഒരുക്കിയിരിക്കുന്നത്. സൈനിക, അർദ്ധ സൈനിക വിഭാഗങ്ങൾ, ബിഎസ്എഫ്, സിആർപിഎഫ്, ഡൽഹി പൊലീസ് എന്നീ സേനകൾ സംയുക്തമായാണ് സുരക്ഷ ഒരുക്കുന്നത്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് മൂന്ന് ദിവസത്തെ പൊതു അവധിയാണ്.
പ്രഗതി മൈതാനില്‍ പണിതുയര്‍ത്തിയ ഭാരത് മണ്ഡപത്തിലാണ് രണ്ടുദിവസത്തെ ഉച്ചകോടി നടക്കുക. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല. പകരം റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവും ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ്ങുമാണ് പങ്കെടുക്കുക. വിശിഷ്ടാതിഥികള്‍ക്കായി ശനിയാഴ്ച രാഷ്ട്രപതി ദ്രൗപദി മുര്‍മു അത്താഴവിരുന്ന് നല്‍കും. ഉച്ചകോടിയില്‍ ചര്‍ച്ചയാവുന്ന ആഗാള സാമ്പത്തികാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, കൊവിഡ് ആഘാതം, ഭക്ഷ്യവിതരണശൃംഖല തുടങ്ങിയ വിഷയങ്ങളില്‍ സമീപനം വ്യക്തമാക്കി ഞായറാഴ്ച നേതാക്കള്‍ സംയുക്തപ്രസ്താവന പുറപ്പെടുവിക്കും. ഞായറാഴ്ച രാവിലെ ജി 20 നേതാക്കള്‍ രാജ്ഘട്ടിലെ മഹാത്മാഗാന്ധി സമാധിയും സന്ദര്‍ശിക്കും.
ബൈഡൻ ഇന്ന് ഇന്ത്യയിലെത്തും; സ്വകാര്യ അത്താഴ വിരുന്നൊരുക്കി നരേന്ദ്ര മോദി
ഡൽഹി,സെപ്തംബര്‍ 9-10 തീയതികളില്‍ നടക്കുന്ന ജി20 ഉച്ചകോടിയ്ക്ക് മുന്നോടിയായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് സ്വകാര്യ അത്താഴവിരുന്നൊരുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാത്രിയിലാണ് മോദി ബൈഡന് വിരുന്നൊരുക്കുന്നത്. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്നു വൈകുന്നേരം ജോ ബൈഡന്‍ ഡല്‍ഹിയില്‍ എത്തിച്ചേരും. ഇതിന് പിന്നാലെ മോദിയുടെ വസതിയിലേക്ക് സ്വകാര്യ അത്താഴവിരുന്നിനായി ബൈഡന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും അത്താഴവിരുന്നെന്നാണ് സൂചനകള്‍.
നേരത്തെ നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ബൈഡന്‍ വൈറ്റ് ഹൗസില്‍ മോദിക്ക് അത്താഴവിരുന്നൊരുക്കിയിരുന്നു. ഇന്ത്യയിലേക്കുള്ള ബൈഡന്റെ ആദ്യസന്ദര്‍ശനമാണിത്. ഇരുനേതാക്കള്‍ക്കുമിടിയില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക് തദ്ദേശീയമായി ജെറ്റ് എഞ്ചിനുകള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന് കൈമാറുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബൈഡന്‍-നരേന്ദ്ര മോദി ചര്‍ച്ചയില്‍ ജിഇ-ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ധാരണ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ഇരുരാജ്യങ്ങളും സഹകരിക്കുന്ന ശുദ്ധ ഊര്‍ജ്ജ സംഭരണം, വ്യാപാരം, ഉയര്‍ന്ന സാങ്കേതിക വിദ്യ, പ്രതിരോധം തുടങ്ങിയ മേഖലകളും മോദി ബൈഡന്‍ ഉഭയകക്ഷി ചര്‍ച്ചകളില്‍ വിഷയമാകുമെന്നാണ് റിപ്പോര്‍ട്ട്. 'ഞാന്‍ ജി20യില്‍ പങ്കെടുക്കാന്‍ പോകുന്നു-അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള പ്രധാന ഫോറം- അമേരിക്കക്കാരുടെ മുന്‍ഗണനകളില്‍ പുരോഗതി കൈവരിക്കുന്നതിലും, വികസ്വര രാജ്യങ്ങള്‍ക്കായി വിതരണം ചെയ്യുന്നതിലും, ..കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ജി20-യോടുള്ള നമ്മുടെ പ്രതിബദ്ധത കാണിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു'; ബൈഡന്‍ ഇന്ത്യയിലേക്ക് തിരിക്കുന്നതിന് മുമ്പായി എക്‌സില്‍ കുറിച്ചിരുന്നു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ജപ്പാനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്, യൂറോപ്യന്‍ യൂണിയന്റെ നേതാക്കളുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍
Post a Comment