ചാണ്ടി ഉമ്മൻ പുതുപ്പള്ളിയുടെ പുതിയ നായകൻ;ഭൂരിപക്ഷം 37,213, ജെയ്ക്കിന് ഹാട്രിക്ക് തോൽവി, ആഘോഷം തുടങ്ങി യുഡിഎഫ്

(www.kl14onlinenews.com)
(08-Sep-2023)

ചാണ്ടി ഉമ്മൻ പുതുപ്പള്ളിയുടെ പുതിയ നായകൻ;ഭൂരിപക്ഷം 37,213, ജെയ്ക്കിന് ഹാട്രിക്ക് തോൽവി, ആഘോഷം തുടങ്ങി യുഡിഎഫ്
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം. പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം. 37,213 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ വിജയം നേടിയത്.

ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്‍റെ വിജയം. 2011 തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മത്സരിച്ച 12 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം. 2021ല്‍ ഉമ്മൻചാണ്ടിക്ക് 9044 വോട്ടിന്‍റെ ഭൂരിപക്ഷം നൽകിയാണ് പുതുപ്പള്ളി നിയമസഭയിലേക്ക് ടിക്കറ്റ് നൽകിയത്. കേരള രാഷ്ട്രീയത്തിലെ അതികായനായ ഉമ്മൻചാണ്ടി കിതച്ച 2021ല്‍ നിന്ന് 2023ല്‍ എത്തുമ്പോള്‍ ചാണ്ടി ഉമ്മൻ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നേടിയിരുന്നു. ഒരു ഘട്ടത്തില്‍ പോലും ചാണ്ടിയെ മുന്നേറാന്‍ ജെയ്ക് സി തോമസിനായില്ല.

കഴിഞ്ഞ വട്ടം ജെയ്ക്ക് മുന്നിലെത്തിയ ബൂത്തുകളില്‍ പോലും ഇത്തവണ ചാണ്ടി ഉമ്മനാണ് മുന്നിലെത്തിയിരിക്കുന്നത്. അയര്‍ക്കുന്നത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടിക്ക് 1293 വോട്ടിന്‍റെ ലീഡാണ് ഉണ്ടായിരുന്നത്. അത് മറികടന്ന് ലീഡ് ഉയര്‍ത്താൻ ചാണ്ടി ഉമ്മന് സാധിച്ചു. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണിയത്. ഇതില്‍ എല്ലാ ബൂത്തുകളിലും ലീഡ് നേടാൻ ചാണ്ടിക്ക് സാധിച്ചു. ജെയ്ക് സി തോമസ് താമസിക്കുന്ന മണര്‍ക്കാടും ചാണ്ടി ഉമ്മനാണ് മുന്നേറിയത് എന്നാണ് വിവരം. ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ തിരിച്ചടി ഉണ്ടായ പഞ്ചായത്തുകളിൽ ഒന്നായിരുന്നു മണർകാട്. ഇവിടെ 1213 വോട്ടിനായിരുന്നു കഴിഞ്ഞ തവണ ജെയ്ക് ലീഡ് ചെയ്തത്. ഇത്തവണ പക്ഷേ മണര്‍കാടും ജെയ്ക്കിനെ തുണച്ചില്ല. അതേസമയം, ബിജെപി സ്ഥാനാര്‍ത്ഥി ലിജിൻ ലാല്‍ ചിത്രത്തിൽ പോലുമില്ല.

Post a Comment

Previous Post Next Post