പ്ലാസ്റ്റിക് ബോട്ടിലുകളുടെ അടപ്പുകൾ കൊണ്ട് ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി സൗദി പരിസ്ഥിതി പ്രവർത്തക

(www.kl14onlinenews.com)
(24-Aug-2023)

പ്ലാസ്റ്റിക് ബോട്ടിലുകളുടെ അടപ്പുകൾ കൊണ്ട് ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി സൗദി പരിസ്ഥിതി പ്രവർത്തക
റിയാദ്: കുടിച്ചിട്ട് വലിച്ചെറിയുന്ന കുടിവെള്ള പ്ലാസ്റ്റിക് ബോട്ടിലിന്‍റെ അടപ്പുകൾ ചേർത്തുവച്ച് ചുവർ ചിത്രം തീർത്ത സൗദിയിലെ പരിസ്ഥിതി പ്രവർത്തക നേടിയത് ഗിന്നസ് ലോക റെക്കോർഡ്. അഞ്ച് ലക്ഷം പ്ലാസ്റ്റിക് ബോട്ടിൽ അടപ്പുകൾ കൊണ്ട് ജിദ്ദയിൽ 383 ചതുരശ്രമീറ്ററിലാണ് അധ്യാപികയും പരിസ്ഥിതി പ്രവർത്തകയുമായ ഖുലൂദ് അൽ ഫദ് ലി പച്ചപ്പ് നിറയുന്ന സൗദിയുടെ പ്രതീകാത്മക ചിത്രം തീർത്തത്.
വിവിധ നിറങ്ങളിലുള്ള അടപ്പുകൾ ഇതിനായി ഉപയോഗിച്ചു. എകദേശം എട്ട് മാസം എടുത്തായിരുന്നു കലാസൃഷ്ടി പൂർത്തീകരിച്ചത്. ഗ്രീൻ ലിവ് സ്കൂൾ വിദ്യാർത്ഥികളും പിന്തുണയും സഹായവും നൽകി. പ്ലാസ്റ്റിക് ഉപയോഗവും പുനരുപയോഗവും കുറച്ചുള്ള പ്രകൃതി, പരിസ്ഥിതി സംരക്ഷണത്തിന് അവബോധം സൃഷ്ടിക്കുക എന്ന നിലയിലാണ് ഇത്തരമൊരു നിർമിതിക്ക് രൂപം നൽകിയതെന്ന് ഖുലൂദ് പറഞ്ഞു.ഇതിന് മുമ്പും ഒരു തവണ ഖുലൂദ് അൽ ഫദ് ലി റെക്കാർഡ് നേടിയിട്ടുണ്ട്. 2021ൽ പ്ലാസ്ക് കവറുകൾ കൊണ്ട് ഏറ്റവും വലിയ ലോകഭൂപടം നിർമിച്ചതിനായിരുന്നു അത്. ജിദ്ദയിലെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കായിക മന്ത്രാലയവുമായി ചേർന്നായിരുന്നു ഉദ്യമം. അന്ന് 250 ചതുരശ്രമീറ്റർ പ്രതലത്തിൽ 3.5ലക്ഷം പ്ലാസ്റ്റിക് കുപ്പി അടപ്പുകൾ കൊണ്ടാണ് ചിത്രം തീർത്തത്.

ജിദ്ദ ഗവർണറേറ്റ് മേയർ സാലിഹ് അൽ തുർക്കി പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് നിർമ്മിച്ച ഏറ്റവും വലിയ ചുവർചിത്രം ഉദ്ഘാടനം ചെയ്തു. ഭൂതകാലത്തിനും വർത്തമാനത്തിനും ശോഭനമായ ഭാവിക്കും ഇടയിലുള്ള ഹരിത സൗദിയെ പ്രതീകപ്പെടുത്തുന്നതാണ് ചിത്രത്തിന്‍റെ ഉള്ളടക്കം. സൗദി വിഷൻ 2030 ന്‍റെ അഭിലാഷങ്ങൾക്ക് അനുസൃതമായി പ്ലാസ്റ്റിക് പുനരുപയോഗിച്ച് പരിസ്ഥിതി സംരക്ഷിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. സാമൂഹിക പ്രയത്നമെന്ന നിലയിൽ സ്കൂൾ വിദ്യാർഥികൾ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, എന്നിവരൊക്കെയാണ് കുപ്പി അടപ്പുകൾ ശേഖരിച്ചു നൽകിയത്. പിന്നീട് അവയെല്ലാം വൃത്തിയാക്കി,ചിത്രീകരണത്തിനു ചേരുംവിധം സ്ഥാനപ്പെടുത്തി, അവസാന മിനുക്കുപണികൾ ചെയ്തു ഒട്ടിച്ചു ചേർത്തു. 

അൽ ഫദ്‌ലി പഠിപ്പിക്കുന്ന സ്കൂളിലെ വിദ്യാർഥികൾ മൊസെയ്ക് ചുമർചിത്രം സൃഷ്ടിക്കാൻ സഹായിക്കുകയും പ്ലാസ്റ്റിക് പുനർനിർമ്മിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തു. ജിദ്ദ കോർണിഷിൽ നടന്ന പ്രത്യേക ചടങ്ങിൽ ഗിന്നസ് വേൾഡ് റെക്കോർഡ്സിലെയും ജിദ്ദ മുനിസിപ്പാലിറ്റിയിലെയും ഉദ്യോഗസ്ഥരുടെയും കുടുംബത്തിലെയും സ്‌കൂളിലെയും സമൂഹത്തിലെയും അംഗങ്ങളുടെ സാന്നിധ്യത്തിൽ അൽ ഫദ്‌ലിയുടെ നേട്ടത്തിനുള്ള ഗിന്നസ് സർട്ടിഫിക്കറ്റ് കൈമാറി.

Post a Comment

Previous Post Next Post