ഐഫോൺ 14 മോഡലുകളിലും ടൈപ്-സി പോർട്ട് വന്നേക്കും; റിപ്പോർട്ട്

(www.kl14onlinenews.com)
(13-Aug-2023)

ഐഫോൺ 14 മോഡലുകളിലും ടൈപ്-സി പോർട്ട് വന്നേക്കും; റിപ്പോർട്ട്

ഐഫോൺ 15 സീരീസ് യു.എസ്.ബി ടൈപ്-സി പോർട്ടുമായി എത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ വന്നിരുന്നു. യൂറോപ്യന്‍ യൂണിയനും ഇന്ത്യയക്കം വിവിധ രാജ്യങ്ങളും എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ടൈപ്-സി പോർട്ട് നിർബന്ധമാക്കിയതിനെ തുടര്‍ന്ന് ആപ്പിൾ തങ്ങളുടെ ലൈറ്റ്നിങ് പോർട്ടുകൾ സ്മാർട്ട്ഫോണുകളിൽ നിന്ന് പിൻവലിക്കാൻ തയ്യാറാവുകയായിരുന്നു. എന്നാൽ, ഐഫോൺ 15 സീരീസ് മാത്രമല്ല, ഐഫോൺ 14 സീരീസിനും ടൈപ് സി ചാർജിങ് പോർട്ടുകൾ ലഭിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

ടൈപ്-സിയുള്ള ഐഫോൺ 14 മോഡലുകൾ ആപ്പിൾ റീലോഞ്ച് ചെയ്യുമെന്നാണ് വിവരം. സെപ്തംബർ 13നാണ് ആപ്പിൾ ഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്യുന്നത്. ​ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകളാണ് ഇറങ്ങുന്നത്. എന്നാൽ, ഐഫോൺ 14-ന്റെ ടൈപ്-സി പതിപ്പുകളും അതിനൊപ്പം വന്നേക്കാം.

ടി.വി.ഒ.എസ് 17 ബീറ്റാ കോഡില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എക്‌സ് (ട്വിറ്റർ) യൂസറായ @aaronp613 ആണ് ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ട് ഉള്‍പ്പെടുന്ന ഐഫോണ്‍ മോഡലുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.

എന്നാൽ, അതിൽ നാല് ഐഫോണ്‍ 15 മോഡലുകൾ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. മറിച്ച് ആറ് സ്മാർട്ട്ഫോണുകളുണ്ടായിരുന്നു. നാലെണ്ണം ഐഫോണ്‍ 15 സീരീസിലെ വിവിധ മോഡലുകളാണെങ്കില്‍ ബാക്കിയുള്ള രണ്ടെണ്ണം ഐഫോണ്‍ 14 പരമ്പരയില്‍ നിന്നുള്ള രണ്ട് മോഡലുകളാവാം എന്നാണ് സൂചനകൾ. അവ ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ് എന്നിവയാകാം എന്ന് ബിജിആര്‍ റിപ്പോർട്ട് ചെയ്യുന്നു.

ഇപ്പോൾ ലൈറ്റ്നിങ് പോർട്ടുകളുമായി റിലീസ് ചെയ്തുവരുന്ന ഐഫോൺ 14, 14 പ്ലസ് എന്നീ മോഡലുകൾക്ക് പകരം, അവയുടെ ടൈപ്-സി വകഭേദം ലോഞ്ച് ചെയ്യാനാകും ആപ്പിളിന്റെ ഉദ്ദേശം. അതിനൊപ്പം, ഐഫോൺ 15 പ്രോ മോഡലുകൾക്ക് കൂടുതൽ വിൽപ്പനയുണ്ടാക്കാനായി ഐഫോൺ 14 പ്രോ മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

Post a Comment

Previous Post Next Post