ഹര്‍ഷിനയ്ക്കായി രാഹുല്‍ ഗാന്ധി ഇടപെടും; നേരില്‍ക്കണ്ട് പരാതി പറഞ്ഞു

(www.kl14onlinenews.com)
(13-Aug-2023)

ഹര്‍ഷിനയ്ക്കായി രാഹുല്‍ ഗാന്ധി ഇടപെടും; നേരില്‍ക്കണ്ട് പരാതി പറഞ്ഞു
ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിനയ്ക്കായി ഇടപെടൽ ഉറപ്പുനൽകി രാഹുൽ ഗാന്ധി. മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന ഉറപ്പും എല്ലാവിധ സഹായങ്ങളും രാഹുൽ വാഗ്ദാനം ചെയ്തതായി ഹർഷിന പറഞ്ഞു. രണ്ടുദിവസത്തെ സന്ദർശനത്തിനായി വയനാട്ടിൽ എത്തിയ രാഹുൽ ഗാന്ധിയെ താമസസ്ഥലത്ത് എത്തിയാണ് ഹർഷിന കണ്ടത്. സർക്കാരിന് നീതി നടപ്പാക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നുവെങ്കിൽ അത് നേരത്തെ ആകാമായിരുന്നുവെന്ന് ഹർഷിന പറഞ്ഞു.

കൂടെയുണ്ടെന്ന ഉറപ്പല്ലാതെ ആരോഗ്യ മന്ത്രി മറ്റൊന്നും ചെയ്യുന്നില്ലെന്ന് ഹർഷിന കുറ്റപ്പെടുത്തി. സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെങ്കിൽ പതിനാറാം തീയതി സെക്രട്ടറിയേറ്റിനു മുന്നിൽ ഹർഷിനാ സത്യാഗ്രഹം നടത്തുമെന്ന് സമരസമിതി അറിയിച്ചു.

അതേസമയം,പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുതന്നെയാണെന്ന റിപ്പോർട്ടാണ് പൊലീസ് നൽകിയിരിക്കുന്നത്. എന്നാൽ ഇത് തള്ളുകയായിരുന്നു മെഡിക്കൽ ബോർഡ്. ഇതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ഹർഷിന രംഗത്തെത്തിയിരുന്നു. ഡിഎംഒയുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ഹർഷിനയെ പൊലീസ് ബലം പ്രയോഗിച്ച് പൊലീസ് നീക്കിയിരുന്നു.

ഇതിനിടെ ഹർഷിനയ്ക്ക് നീതി ഉറപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. രണ്ട് മെഡിക്കൽ റിപ്പോർട്ട് ആരോഗ്യ വകുപ്പ് തള്ളിയതാണ്. അതിന് ശേഷമാണ് പൊലീസ് അന്വേഷണത്തിന് ശുപാർശ ചെയ്തത്. ചികിത്സാ പിഴവ് ആരുടെ ഭാഗത്ത് നിന്നാണുണ്ടായതെന്ന് കണ്ടെത്തി നടപടി സ്വീകരിക്കും. സർക്കാർ ഹർഷിനക്ക് നീതി ഉറപ്പാക്കുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിലായിരുന്നു ഹർഷിനയുടെ ആദ്യത്തെയും രണ്ടാമത്തെയും പ്രസവശസ്ത്രക്രിയ. മൂന്നാമത്തെ പ്രസവശസ്ത്രക്രിയ 2017 നവംബര്‍ 30-ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്നു. ഈ പ്രസവശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഹർഷിനയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ കണ്ട് തുടങ്ങിയത്.

Post a Comment

Previous Post Next Post