24 മണിക്കൂറിനിടെ മരിച്ചത് 18 രോഗികള്‍; താനെ മുനിസിപ്പൽ ആശുപത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു

(www.kl14onlinenews.com)
(13-Aug-2023)

24 മണിക്കൂറിനിടെ മരിച്ചത് 18 രോഗികള്‍; താനെ മുനിസിപ്പൽ ആശുപത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു
മുംബൈ :
മഹാരാഷ്ട്രയിലെ താനെയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പതിനെട്ടോളം രോഗികൾ മരിച്ചു. മഹാരാഷ്ട്ര സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരിൽ പത്ത് സ്ത്രീകളും എട്ട് പുരുഷന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സിവിക് കമ്മീഷണർ അഭിജിത് ബംഗാർ പറഞ്ഞു. ആറ് പേർ താനെ സിറ്റിയിൽ നിന്നുള്ളവരും, നാലുപേർ കല്യാൺ സ്വദേശികളും, മൂന്ന് സഹാപൂർ, ഭിവണ്ടി, ഉല്ലാസ്നഗർ, ഗോവണ്ടി (മുംബൈ)സ്വദേശികളുമാണ്. അതേസമയം രണ്ട് പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരിൽ 12 പേർ 50നു മുകളിൽ പ്രായമുള്ളവരാണ്.

സംഭവത്തെ തുടർന്ന് സ്വതന്ത്ര അന്വേഷണ സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഉത്തരവിട്ടതായി അഭിജിത് ബംഗാർ വെളിപ്പെടുത്തി. ഹെൽത്ത് സർവീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ളതാണ് സമിതി. നടന്ന മരണങ്ങളുമായി ബന്ധപ്പെട്ട ക്ലിനിക്കൽ വശങ്ങൾ അന്വേഷിക്കുന്നതിലാണ് ഈ സമിതി ശ്രദ്ധ കേന്ദ്രീകരിക്കുക.

മരിച്ച രോഗികൾ വൃക്കയിലെ കല്ലുകൾ, വിട്ടുമാറാത്ത പക്ഷാഘാതം, അൾസർ, ന്യുമോണിയ, മണ്ണെണ്ണ വിഷബാധ, സെപ്റ്റിസീമിയ തുടങ്ങി വിവിധ മെഡിക്കൽ സങ്കീർണതകളുമായാണ് ആശുപത്രിയിൽ പ്രവേശിച്ചതെന്ന് അഭിജിത് ബംഗാർ പറഞ്ഞു.

"ചികിത്സയുടെ രീതി അന്വേഷിക്കുകയും മരണപ്പെട്ടയാളുടെ ബന്ധുക്കളുടെ മൊഴികളും രേഖപ്പെടുത്തുകയും ചെയ്യും. ചില ബന്ധുക്കൾ ചികിത്സയിലെ അശ്രദ്ധയും ഉന്നയിക്കുന്നുണ്ട്. ഈ ആരോപണം ഗൗരവമുള്ള കാര്യമാണ്, അത് അന്വേഷണ സമിതി പരിശോധിക്കും."- അഭിജിത് ബംഗാർ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.

മരണപ്പെട്ടവരുടെ രേഖകളുടെ ആഴത്തിലുള്ള അവലോകനം ഉൾപ്പെടെ സ്ഥിതിഗതികൾ വിശകലനം ചെയ്യുന്നതിനായി താനെ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്.

"രോഗികളിൽ ചിലർ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിയെന്നും ചികിത്സയ്ക്കിടെ മരണമടഞ്ഞതാണെന്നും ആശുപത്രി മാനേജ്‌മെന്റ് പറഞ്ഞു. ചിലർ പ്രായമായവരായിരുന്നു. അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആശുപത്രിയിൽ പോലീസ് സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഗണേഷ് ഗൗഡെ വ്യക്തമാക്കി. അതേസമയം ശരദ് പവാർ ക്യാമ്പിൽ നിന്നുള്ള എൻസിപി നേതാവ് ജിതേന്ദ്ര ഔഹാദ്, ആശുപത്രി മാനേജ്മെന്റിനെ വിമർശിച്ചു.

ആശുപത്രി സന്ദർശിച്ച സംസ്ഥാന മന്ത്രി അദിതി തത്‌കരെ നിർഭാഗ്യകരമായ മരണങ്ങളിൽ അനുശോചനം രേഖപ്പെടുത്തുകയും ഇത്തരമൊരു ദാരുണ സംഭവം ആവർത്തിക്കാതിരിക്കാൻ മഹാരാഷ്ട്ര സർക്കാർ സമഗ്രമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

അതേസമയം, താനെ മുൻ മേയറും ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ വക്താവുമായ നരേഷ് മ്ഹാസ്‌കെ, ആശുപത്രിയുടെ ജോലിഭാരത്തെക്കുറിച്ച് പറഞ്ഞു. നിലവിൽ പ്രതിദിനം 650 രോഗികളെ പരിശോധിക്കുന്നുണ്ട്. 500 പേരെ നോക്കാനുള്ള സൗകര്യമേ ഈ ആശുപത്രിയ്ക്കുള്ളു.

എന്നാൽ ചില ഡോക്ടർമാർക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടെന്നും ഇത് ആശുപത്രിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

Post a Comment

Previous Post Next Post