ഇനി ഇന്ത്യ സൂര്യനിലേക്ക്; ആദിത്യ എല്‍ 1 വിക്ഷേപണം സെപ്തംബര്‍ രണ്ടിന്

(www.kl14onlinenews.com)
(28-Aug-2023)

ഇനി ഇന്ത്യ സൂര്യനിലേക്ക്; ആദിത്യ എല്‍ 1 വിക്ഷേപണം സെപ്തംബര്‍ രണ്ടിന്
ഐഎസ്ആര്‍ഒയുടെ ആദ്യ സോളാര്‍ മിഷനായ ആദിത്യഎല്‍ 1 സെപ്തംബര്‍ രണ്ടിന് ലോഞ്ച് ചെയ്യും. ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ത്യന്‍ സമയം പകല്‍ 11.50-നാണ് വിക്ഷേപണമെന്നും ബഹിരാകാശ ഏജന്‍സി അറിയിച്ചു. ചന്ദ്രയാന്‍ 3-ന്റെ വിജയത്തിന് ശേഷമാണ് പുതിയ ദൗത്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഐഎസ്ആര്‍ഒ പുറത്ത് വിട്ടത്.

ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള എൽ 1 (സൂര്യൻ-ഭൂമി ലഗ്രാൻജിയൻ പോയിന്റ്) ൽ സൗര കൊറോണയുടെ വിദൂര നിരീക്ഷണങ്ങളും സൗരവാതത്തിന്റെ ഇൻ-സിറ്റു നിരീക്ഷണങ്ങളും നടത്തുന്നതിനായാണ് ആദിത്യ എൽ 1 ബഹിരാകാശ പേടകം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

സൂര്യനിലേക്കുള്ള ഐഎസ്ആര്‍ഒയുടെ ആദ്യത്തെ ബഹിരാകാശ ദൗത്യം കൂടിയാണിത്. പിഎസ്എൽവി-സി 57 റോക്കറ്റിലൂടെയായിരിക്കും ആദിത്യ എല്‍ 1 വിക്ഷേപിക്കുകയെന്നും ഐഎസ്ആര്‍ഒ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.

എൽ 1 ന് ചുറ്റുമുള്ള ഒരു ഭ്രമണപഥത്തിൽ നിന്ന് സൂര്യനെ പഠിക്കാൻ ലക്ഷ്യമിട്ടുള്ള ആദിത്യ-എൽ 1 ദൗത്യം, ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, സൂര്യന്റെ ഏറ്റവും പുറം പാളികളായ കൊറോണ എന്നിവയെ വ്യത്യസ്ത തരംഗബാൻഡിൽ നിരീക്ഷിക്കാനായി ഏഴ് പേലോഡുകൾ വഹിക്കും.

ദേശീയ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള പൂർണമായും തദ്ദേശീയമായ ശ്രമമാണ് ആദിത്യ എൽ 1 എന്ന് ഒരു ഐഎസ്ആർഒ ഉദ്യോഗസ്ഥൻ പറഞ്ഞു.

Post a Comment

Previous Post Next Post